സ്വന്തം ലേഖകൻ: കുവൈത്തിലെ 60 കഴിഞ്ഞവരും ബിരുദ യോഗ്യതയില്ലാത്തവരുമായ പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്ന നടപടികള്‍ തടസ്സമില്ലാതെ തുടരുമെന്ന് തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള മാന്‍പവര്‍ അതോറിറ്റി വ്യക്തമാക്കി. ഇവരുടെ വിസ പുതുക്കാന്‍ ഫീസ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവറിന്റെ തീരുമാനം റദ്ദാക്കിയ അപ്പീല്‍ കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി അതോറിറ്റി രംഗത്തെത്തിയത്.കഴിഞ്ഞ ആഴ്ചയായിരുന്നു അതോറിറ്റിയുടെ തീരുമാനം റദ്ദാക്കിക്കൊണ്ടുള്ള കോടതി വിധി.
60 കഴിഞ്ഞ പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ 250 ദിനാര്‍ ഫീസും 500 ദിനാറിന്റെ ആരോഗ്യ ഇന്‍ഷുറന്‍സും നിര്‍ബന്ധമാണെന്ന് കഴിഞ്ഞ ജനുവരിയിലാണ് തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള മാന്‍പവര്‍ അതോറിറ്റി അന്തിമ തീരുമാനം കൈക്കൊണ്ടത്. എന്നാല്‍, അതോറിറ്റിയുടെ 2021ലെ ഇരുപത്തി ഏഴാം നമ്പര്‍ തീരുമാനം അസാധുവാണെന്ന് കീഴ്ക്കോടതിയുടെ തീരുമാനം ശരിവച്ചു കൊണ്ട് അപ്പീല്‍ കോടതി വിധിക്കുകയായിരുന്നു. അതേസമയം, അപ്പീല്‍ കോടതിയുടെ വിധി വിസ പുതുക്കി നല്‍കാനുള്ള മാന്‍പവര്‍ അതോറിറ്റിയുടെ തീരുമാനത്തെ ബാധിക്കില്ലെന്നും മുന്‍ തീരുമാന പ്രകാരം വിസ പുതുക്കി നല്കുന്ന നടപടികള്‍ തുടരുമെന്നും അതോറിറ്റി വ്യക്തമാക്കി. തങ്ങളുടെ ജനുവരിയിലെ തീരുമാനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതാണെന്നും അതു പ്രകാരം കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ നിയമപരമായ തടസ്സങ്ങളില്ലെന്നുമാണ് അതോറിറ്റിയുടെ വാദം.
തൊഴിലാളികള്‍ക്കിടയില്‍ വിവേചനം സൃഷ്ടിക്കുന്ന തീരുമാനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു 60 കഴിഞ്ഞ പ്രവാസികളുടെ വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട മാന്‍ പവര്‍ അതോറിറ്റിയുടെ തീരുമാനത്തിനെതിരെ കുവൈത്ത് ഒന്‍ട്രപ്രണേഴ്സ് അസോസിയേഷന് അപ്പീല്‍ കോടതിയെ സമീപിച്ചത്. ജീവനക്കാരുടെ വയസ്സും അവരുടെ ജോലി ചെയ്യാനുള്ള കഴിവും തീരുമാനിക്കാന്‍ മാന്‍പവര്‍ അതോറിറ്റിക്ക് അധികാരമില്ലെന്നും അതോറിറ്റിയുടെ തെറ്റായ തീരുമാനം പല ബിസിനസുകളെയും ദോഷകരമായി ബാധിച്ചതായും അസോസിയേഷന് ചൂണ്ടിക്കാട്ടിയിരുന്നു. അസോസിയേഷന്റെ ഈ അപ്പീല്‍ അംഗീകരിച്ച കോടതി, മാന്‍പവര്‍ അതോറിറ്റിയുടെ തീരുമാനം റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കുകയായിരുന്നു. എന്നാല്‍, അസോസിയേഷന് കോടതിയെ സമീപിച്ചത് മാന്‍പവര്‍ അതോറിറ്റിയുടെ 2022 ജനുവരിയിലെ പുതിയ തീരുമാനത്തിന് എതിരേയല്ലെന്നും അതോറിറ്റി തന്നെ റദ്ദാക്കിയ 2021ലെ തീരുമാനത്തിന് എതിരായാണെന്നുമാണ് അതോറിറ്റിയുടെ വാദം. അതിനാല്‍ പുതിയ തീരുമാനത്തെ കോടതി വിധി ബാധിക്കില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് 60 കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ പ്രവാസികളുടെ വിസ പുതുക്കി നല്‍കേണ്ടതില്ലെന്ന് മാന്‍പവര്‍ അതോറിറ്റി തീരുമാനമെടുത്തത്. എന്നാല്‍, സ്വദേശികളില്‍ നിന്ന് ഉള്‍പ്പെടെ വലിയ പ്രതിഷേധം ഇതിനെതിരെ ഉയര്‍ന്നുവന്നു. തുടര്‍ന്ന്, 2000 ദിനാര്‍ ഫീസ് ഈടാക്കി വിസ പുതുക്കി നല്കാന് മാന്‍പവര്‍ അതോറിറ്റി തീരുമാനിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് അതും നടപ്പിലാക്കാനായില്ല. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ മന്ത്രിസഭയ്ക്ക് കീഴിലുള്ള ലീഗല്‍ അഡൈ്വസ് ആന്റ് ലെജിസ്ലേഷന് വകുപ്പിന്റെ പരിഗണനയ്ക്കായി വിഷയം ശുപാര്‍ശ ചെയ്യപ്പെടുകയുണ്ടായി. സമിതി നടത്തിയ പരിശോധനയില്‍ മാന്‍പവര്‍ അതോറിറ്റിക്ക് വിസ പുതുക്കുന്നത് റദ്ദാക്കാന്‍ അധികാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തീരുമാനം അസാധുവായി പ്രഖ്യാപിക്കപ്പെടുകയായിരുന്നു. എന്നാല്‍, തീരുമാനം അസാധുവാണെന്ന് പ്രഖ്യാപിക്കപ്പെട്ടെങ്കിലും പ്രവാസികളുടെ വിസ പുതുക്കുന്ന കാര്യത്തില്‍ തീരുമാനം പിന്നെയും മാസങ്ങള്‍ നീണ്ടു.
500 ദിനാര്‍ ഫീസ് ഈടാക്കിയും 500 ദിനാറിന്റെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയും 60 കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ പ്രവാസികളുടെ വിസ പുതുക്കി നല്‍കാമെന്ന തീരുമാനം മാന്‍പവര്‍ അതോറിറ്റി കൈക്കൊണ്ടിരുന്നെങ്കിലും അക്കാര്യത്തിലും അന്തിമ തീരുമാനം എടുക്കാന്‍ അധികൃതര്‍ക്ക് സാധിച്ചില്ല. പുതിയ നീതിന്യായ മന്ത്രിയായി ജമാല്‍ അല്‍ ജല്വായി ചുമതലയേറ്റ ശേഷമാണ് ഇതുമായി ബന്ധപ്പെട്ട് ധാരണയിലെത്തിയത്. എന്നാല്‍, വിസ പുതുക്കാന്‍ ഈടാക്കുന്ന ഫീസിന്റെ കാര്യത്തില്‍ അവ്യക്തത തുടര്‍ന്ന സാഹചര്യത്തില്‍ തീരുമാനം പിന്നെയും നീളുകയായിരുന്നു. അവസാനം ഈ വര്‍ഷം ജനുവരിയിലാണ് 250 ദിനാര്‍ ഫീസും 500 ദിനാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തുകയും ഈടാക്കി വിസ പുതുക്കി നല്കാന് അതോറിറ്റി തീരുമാനിച്ചു. ഈ തീരുമാന പ്രകാരം ഫെബ്രുവരി മുതല്‍ 60 കഴിഞ്ഞവരുടെ വിസ പുതുക്കി നല്കിത്തുടങ്ങിയപ്പോഴായിരുന്നു കുവൈത്ത് ഒന്‍ട്രപ്രണേഴ്സ് അസോസിയേഷന് നല്കിയ അപ്പീല്‍ സ്വീകരിച്ച കോടതി, അതോറിറ്റിയുടെ തീരുമാനം നിലനില്‍ക്കില്ലെന്ന് മാര്‍ച്ച് 15ന് വിധി പ്രഖ്യാപിച്ചത്.
ഫീസ് ഈടാക്കി വിസ പുതുക്കാനുള്ള തീരുമാനം തള്ളിയ അപ്പീല്‍ കോടതിയുടെ വിധി വിസി പുതുക്കല്‍ നടപടികളെ ബാധിക്കില്ലെന്ന മാന്‍പവര്‍ അതോറിറ്റിയുടെ തീരുമാനം പ്രവാസികള്‍ക്ക് ഏറെ ആശ്വാസമാകും. ഒന്നര വര്‍ഷം നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ പുനരാരംഭിച്ച വിസ പുതുക്കല്‍ നടപടികള്‍ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വീണ്ടും പ്രതിസന്ധിയില്‍ ആകുമോ എന്ന ആശങ്കയിലായിരുന്നു പ്രവാസികള്‍. കോടതി വിധിയെ തങ്ങള്‍ മാനിക്കുന്നെന്നും വിധി വിശദായി പരിശോധിച്ച ശേഷം ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത വരുത്തുമെന്നും അതോറിറ്റി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏതായാലും തത്ക്കാലം വിസ പുതുക്കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കില്ലെന്ന അധികൃതരുടെ ഉറപ്പ് വലിയ ആശ്വാസമായാണ് പ്രവാസികള്‍ കാണുന്നത്. നേരത്തെ 60 കഴിഞ്ഞവരുടെ വിസ പുതുക്കല്‍ നിര്‍ത്തിയ പശ്ചാത്തലത്തില്‍ ആയിരക്കണക്കിന് പ്രവാസികള്‍ കുവൈത്തില്‍ നിന്ന് വിസ പുതുക്കാനാവാതെ നാട്ടിലേക്ക് മടങ്ങിയിരുന്നു. 60 കഴിഞ്ഞ 53,000ത്തിലേറെ പ്രവാസികള്‍ രാജ്യത്ത് നിലവില്‍ താമസിക്കുന്നുണ്ടെന്നാണ് കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല