സ്വന്ത ലേഖകൻ: വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ ‘സ്വതന്ത്ര’മാക്കി യുക്രൈൻ അധിനിവേശം റഷ്യ അവസാനിപ്പിക്കുമോ അതോ രാസായുധങ്ങളോ ആണവായുധങ്ങളോ പോലുള്ളവ ഉപയോഗിക്കുമോ? ഒരു മുഖം രക്ഷിക്കലാണോ ഇനി റഷ്യക്ക് വേണ്ടത്? ഒന്നാം ഘട്ട ലക്ഷ്യം പൂർത്തിയാക്കിയെന്നും ഇനി വിമതരുടെ നിയന്ത്രണത്തിലുളള ഡോൺബാസിനെ മോചിപ്പിക്കുകയാണ് ലക്ഷ്യമെന്നും റഷ്യ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇത്തരമൊരു ആശങ്ക ഉയരുന്നത്.
ഒരു മാസത്തിലേറെയായി റഷ്യ യുക്രൈനെ ആക്രമിച്ചു തുടങ്ങിയിട്ട്. ദിവസങ്ങൾക്കുള്ളിൽ യുക്രൈൻ കീഴടങ്ങുമെന്നും റഷ്യ യുദ്ധം വിജയിക്കുമെന്നും കരുതിയിരുന്നിടത്താണ് യുക്രൈൻ സൈന്യം വിജയകരമായി ചെറുത്തു നിൽക്കുന്നത്. 1,351 സൈനികരുടെ ജീവൻ നഷ്ടമായി എന്നാണ് റഷ്യ ഔദ്യോഗികമായി അറിയിച്ചതെങ്കിലും അമേരിക്കയുടേയും യുക്രൈനിന്റേയും കണക്ക് 7,000 മുതൽ 15,000 റഷ്യൻ സൈനികർ വരെ കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്നാണ്.
ഇതിനു പുറമെയാണ് ലോകത്തെ വലിയ ശതമാനം രാജ്യങ്ങളും റഷ്യക്ക് മേൽ ഉപരോധം ചുമത്തിയിരിക്കുന്നതും. ഇത് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ടെന്നും അതിനാൽ തന്നെ ഒരു പ്രശ്നപരിഹാരം റഷ്യയുടേയും ആവശ്യമാകുന്നു എന്നുമാണ് വിവിധ റിപ്പോർട്ടുകൾ.
ആക്രമണം തുടങ്ങുന്നതിന് തൊട്ടുമുമ്പ് രാഷ്ട്രത്തോടായി നടത്തിയ ദീര്‍ഘ പ്രസ്താവനയിലാണ് പുട്ടിൻ റഷ്യയുടെ ലക്ഷ്യം എന്താണ് എന്ന് ആദ്യം വ‌്യക്തമാക്കിയത്. യുക്രൈനെ നാത്‍സിവത്ക്കരണത്തിൽ നിന്ന് മോചിപ്പിക്കുക, റഷ്യയെ ലക്ഷ്യമിട്ട് നാറ്റോ രാജ്യങ്ങൾ യുക്രൈനിൽ ആയുധശേഖരം കുന്നുകൂട്ടുന്നത് അവസാനിപ്പിക്കുക, ഇതിനായി ഒരു സൈനിക നടപടി എന്നായിരുന്നു പുട്ടിന്റെ വാക്കുകൾ.
എന്നാൽ യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ജൂതനാണ്. തന്റെ മുത്തച്ഛനടക്കം റഷ്യൻ സൈന്യത്തിന്റെ ഭാഗമായി നാത്‍സികളോട് പൊരുതിയതാണെന്നും അദ്ദേഹത്തിന് പിതാവിനെയും സഹോദരങ്ങളെയും നഷ്ടമായത് ജര്‍മൻ കോൺസൺട്രേഷൻ ക്യാമ്പുകളിലാണെന്നും ആ തന്നെയാണോ നാത്‍സിയായി മുദ്ര കുത്തുന്നത് എന്നുമാണ് പുട്ടിന്റെ ആരോപണത്തിന് മറുപടിയായി സെലെൻസ്കി പറഞ്ഞത്.
റഷ്യൻ സൈനികർ യുക്രൈനിലെ പല സ്ഥലങ്ങളിൽ നിന്ന് പിടിച്ചെടുത്തതായി കാണിക്കുന്ന നാത്‌സി പതാകകളുടെ ദൃശ്യങ്ങൾ അടങ്ങിയ പ്രചാരണ വിഡിയോ അല്ലാതെ ‘നാത്‍സിവത്ക്കരണം’ എന്ന ആരോപണം യുക്രൈയ്നു മേൽ അത്ര ഏശിയില്ല.
തുടക്കത്തിൽ റഷ്യയെ സംബന്ധിച്ചിടത്തോളം പുട്ടിൻ പറഞ്ഞ കാര്യങ്ങൾ കുറെയൊക്കെ പ്രധാനമായിരുന്നു. യുക്രൈനെ കരുവാക്കി പാശ്ചാത്യ രാജ്യങ്ങൾ റഷ്യയെ വളയുന്നുവെന്നും അതിനാൽ തന്നെ സൈനിക നടപടി ആവശ്യമാണെന്നുമാണ് പുട്ടിൻ പറഞ്ഞിരുന്നത്. എന്നാൽ യുദ്ധം തുടങ്ങിയതിനു പിന്നാലെ രാജ്യങ്ങൾ ഒന്നൊന്നായി റഷ്യക്ക് ഉപരോധമേർപ്പെടുത്തി തുടങ്ങി.
അതിനിടെ യുദ്ധം തുടങ്ങി ഒരു മാസം പിന്നിടുമ്പോൾ ആദ്യ ഘട്ടം അവസാനിച്ചതായി പ്രഖ്യാപിച്ച് റഷ്യ. ആദ്യ ഘട്ടത്തിലെ ലക്ഷ്യങ്ങൾ പൂർത്തിയായതായും ഡോൺബസ് പിടിച്ചടിക്കുന്നതിലാണ് ഇനി ശ്രദ്ധയെന്നും റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. റഷ്യ വളഞ്ഞ മരിയുപോളിൽ ഉൾപെടെ യുക്രൈന്റെ പ്രത്യാക്രമണം നടക്കുന്നുണ്ട്. മരിയുപോളിൽ കുടുങ്ങിയ തങ്ങളുടെ പൗരന്മാരെ രക്ഷിക്കാനായി ഫ്രാൻസും ഗ്രീസും തുർക്കിയും ശ്രമങ്ങൾ തുടരുകയാണ്. കഴിഞ്ഞയാഴ്ച മരിയുപോളിലെ തിയറ്ററിലുണ്ടായ ബോംബാക്രമണത്തിൽ 300 പേർ മരിച്ചതായി സ്ഥിരീകരിച്ചു. 1351 സൈനികർ കൊല്ലപ്പെട്ടതായാണ് റഷ്യയുടെ സ്ഥരീകരണം.
തലസ്ഥാനമായ കിയവ് പിടിക്കാനുള്ള റഷ്യൻ ശ്രമം വിഫലമായി തന്നെ തുടരുകയാണ്. തെക്കൻ തുറമുഖ നഗരമായ മരിയുപോളിൽ റഷ്യൻ ബോംബാക്രമണം ഇപ്പോഴുമുണ്ട്. ഏകദേശം 100,000 ആളുകൾ അവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്. മരിയുപോളിൽ മാത്രം 2,300 പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. 121 കുട്ടികളാണ് യുക്രൈനിൽ കൊല്ലപ്പെട്ടത്. 14,000 റഷ്യൻ സൈനികരെ വധിച്ചതായി യുക്രൈൻ അവകാശപ്പെടുന്നുണ്ട്. റഷ്യയുടെ അധിനിവേശത്തിൽ പ്രതിഷേധിച്ച് ലോകമെമ്പാടുമുള്ള പൗരന്മാരോട് തെരുവിലിറങ്ങാൻ സെലൻസ്‌കി അഭ്യർഥിച്ചു
കിഴക്കൻ യൂറോപ്പിൽ നാറ്റോ സേനാവിന്യാസം കൂട്ടുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞു. സ്ലൊവാക്യ, ഹംഗറി, ബൾഗേറിയ, റൊമാനിയ എന്നിവിടങ്ങളിലേക്ക് നാല് പുതിയ യുദ്ധസംഘങ്ങളെ അയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രൈനിൽ റഷ്യൻ സൈന്യം യുദ്ധക്കുറ്റങ്ങൾ ചെയ്തിട്ടുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല