![](https://www.nrimalayalee.com/wp-content/uploads/2022/04/Porn-Star-Turned-pastor.jpg)
സ്വന്തം ലേഖകൻ: ആറു വർഷത്തിനിടെ 1,000ത്തിലേറെ നീലച്ചിത്രങ്ങൾ. മൂന്നു തവണ മികച്ച പുരുഷ പോൺതാരമായി നോമിനേഷൻ ലഭിച്ചു. ഒരു തവണ മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കരിയറിന്റെ ഏറ്റവും ഉന്നതിയിൽ നിൽക്കെ, ലോകം മുഴുവൻ അറിയുന്ന നടനായി പ്രശസ്തിയിൽ നിൽക്കെ ആ പണി ഉപേക്ഷിച്ച് ഒരു ജിമ്മിൽ ജോലിക്കു കയറുന്നു. ഏറ്റവുമൊടുവിൽ ദൈവത്തിന്റെ വിളി കിട്ടി സുവിശേഷ പ്രസംഗകന്റെ കുപ്പായമിട്ടിരിക്കുകയാണ് അമേരിക്കൻ പോൺതാരം റോക്കോ റീഡ് എന്ന ജോഷ്വ ബ്രൂം.
പോൺ വ്യവസായത്തിന്റെ മായാലോകത്ത് മദിച്ചുനടന്ന ആറുവർഷത്തിനുശേഷം നാടുനീളെ ദൈവസന്ദേശം പ്രസംഗിച്ചും ജനങ്ങളെ നല്ല വഴിയിലേക്ക് നടക്കാൻ ഉപദേശിച്ചും നാടുചുറ്റുന്ന പാസ്റ്ററിലേക്കുള്ള മാറ്റത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ജോഷ്വ. 23-ാം വയസിൽ യൗവനത്തിന്റെ തിളപ്പിൽ കയറിപ്പറ്റിയ ഒരു മായികലോകത്തുനിന്ന് എന്തൊക്കെ ലഭിച്ചുവെന്നും അവിടെനിന്ന് എങ്ങനെ പുറത്തുചാടിയെന്നുമെല്ലാം ‘ന്യൂയോർക്ക് പോസ്റ്റി’നോട് അദ്ദേഹം വിശദീകരിച്ചു.
ഹോട്ടലിൽ വെയ്റ്ററായി ജോലി ചെയ്യുകയായിരുന്നു. ആയിടക്ക് ഹോട്ടലിലെത്തിയ ഒരു സംഘം സ്ത്രീകളാണ് എല്ലാം മാറ്റിമറിക്കുന്നത്. എന്തുകൊണ്ട് പോൺ അഭിനയത്തിൽ ഒരു കൈനോക്കിക്കൂടാ എന്നായിരുന്നു അവരുടെ ചോദ്യം. കൂടുതൽ സമ്പാദിക്കാനും വൻപ്രശസ്തിയിലും സന്തോഷത്തിലും ജീവിക്കാനും ആ കരിയർ സഹായിക്കുമെന്ന് അവർ ഉപദേശിച്ചു.
ഉപദേശം കേട്ട് അധികം ദിവസമായിരുന്നില്ല. അവർ തന്ന ബന്ധങ്ങളിലൂടെ ഒരു പോൺചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിരുന്നില്ല. പതുക്കെ ഒന്നും രണ്ടും ചിത്രങ്ങളിൽ തുടങ്ങിയ പോൺ ജീവിതം പതുക്കെ തിരക്കുകളിലേക്കു മാറി. ഓരോ മാസവും കൂടുതൽ ഷൂട്ടിങ്ങുകളായി. അങ്ങനെ പോൺരംഗത്തെ തിരക്കുള്ള താരമായും മാറി.
പണമുണ്ടെങ്കിൽ സന്തോഷിക്കാൻ വേറെ എവിടെയും പോകേണ്ടതില്ലെന്ന കള്ളം വിശ്വസിച്ചു ജീവിക്കുകയായിരുന്നു താനന്നെന്നാണ് ജോഷ്വ ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞത്. ലക്ഷങ്ങൾ സ്വന്തമാക്കി. ആഗ്രഹിച്ചിടങ്ങളിലേക്കെല്ലാം യാത്രപോയി. ഒരിക്കലും സങ്കൽപിച്ചിട്ടു പോലുമില്ലാത്തത്രയും തവണ ലൈംഗികവേഴ്ചയിൽ ഏർപ്പെട്ടു. എന്നാൽ, എല്ലാം ചെയ്തുതീർന്നപ്പോൾ ജീവിതം തകർന്നുപോയിരുന്നു. ഉള്ളിലെ ദുഃഖവും ശൂന്യതയുമെല്ലാം കൂടുതൽ തീവ്രമാകുകയാണ് ചെയ്തത്.
29-ാം വയസിൽ കരിയറിന്റെ ഏറ്റവും തിരക്കേറിയ ഘട്ടത്തിൽ നിൽക്കെയാണ് പോൺലോകത്തെ ഞെട്ടിച്ച് ജോഷ്വ ആ പ്രഖ്യാപനം നടത്തുന്നത്. പോൺരംഗത്തുനിന്ന് എല്ലാ അർത്ഥത്തിലും പിൻവാങ്ങുന്നുവെന്നുവെന്ന് 2012ൽ അദ്ദേഹം വാർത്താകുറിപ്പ് പുറത്തിറക്കി പ്രഖ്യാപിച്ചു. താനൊരുക്കലുമൊരു ഗേ ആയിരുന്നില്ലെന്നും ജോഷ്വ വ്യക്തമാക്കി.
ലോസ് ആഞ്ചലസിലെ പോൺമായിക ലോകത്തുനിന്ന് എല്ലാം കെട്ടിപ്പൂട്ടി നേരെ ജന്മനാടായ നോർത്ത് കരോലിനയിലേക്കു പോയി. ഉള്ളിൽ പിടിമുറുക്കിക്കൊണ്ടിരുന്ന മാനസിക സംഘർഷങ്ങളും മാനസിക പ്രശ്നങ്ങളും സങ്കടങ്ങളുമെല്ലാം ഇതോടെ തീരുമെന്നായിരുന്നു കരുതിയത്. എന്നാൽ, ആറുവർഷക്കാലത്തെ പോൺജീവിതത്തിന്റെ ‘പ്രശസ്തി’യിൽനിന്ന് അത്ര പെട്ടെന്ന് ഒളിക്കാനാകുമായിരുന്നില്ല. വഴിയിൽ കാണുന്നവരെല്ലാം തിരിച്ചറിയുന്നുണ്ടായിരുന്നു.
ഇത്രയും കാലം ചെയ്തുകൂട്ടിയതിന്റെ മനസ്താപത്തിലും മനോവ്യഥയിലുമെല്ലാമായിരുന്നു താനെന്ന് ജോഷ്വ പറയുന്നു. ശരിക്കും ജീവിതം മടുത്തുപോയിരുന്നു. എല്ലാത്തിൽനിന്നും രക്ഷപ്പെടാനുള്ള വഴി അന്വേഷിച്ചുനടക്കുകയായിരുന്നു. ഒടുവിലാണ് ഒരു ജിമ്മിൽ ക്ലീനറായി ജോലിക്ക് കയറുന്നത്.
ജിമ്മിലെ ജോലിക്കിടെ 2014ൽ ജീവിതത്തിൽ വഴിത്തിരിവായ മറ്റൊരു സ്ത്രീയെ കണ്ടുമുട്ടി. ഹോപ് എന്നായിരുന്നു അവരുടെ പേര്. പതുക്കെ പരിചയത്തിലായി ഇരുവരും. ഒപ്പം കറങ്ങിനടക്കാനുമെല്ലാം തുടങ്ങി. ഹോപിന് തന്നെ പിടികിട്ടിയിരുന്നില്ലെന്ന് ജോഷ്വ പറയുന്നു.
ഒടുവിൽ ഒരു ദിവസം അക്കാര്യം ഒരു കുറ്റസമ്മതം പോലെ ജോഷ്വ ഹോപ്പിനു മുന്നിൽ വെളിപ്പെടുത്തി. എന്നാൽ, ഒട്ടും പകപ്പോ നീരസമോ കാട്ടാതെയായിരുന്നു അക്കാര്യം അവർ സ്വീകരിച്ചത്. കാര്യങ്ങൾ പതിവുപോലെ നടക്കുന്നതിനിടെ ഒരു ദിവസം രണ്ടുപേരും കൂടി ഒരു ചർച്ചിൽ പോയി.
അവിടെ നിന്നായിരുന്നു ആ ‘ദൈവവിളി’ ലഭിക്കുന്നതെന്ന് ജോഷ്വ പറയുന്നു. പതുക്കെ ബൈബിൾ വായന തുടങ്ങി. ക്രിസ്ത്യൻ ദൈവശാസ്ത്രത്തിൽ കൂടുതൽ പഠനം തുടർന്നു. ഒടുവിൽ 2016ൽ ഹോപ്പിനെ വിവാഹം കഴിക്കുകയും ചെയ്തു. മതപഠനം മുടക്കമില്ലാതെ തുടരുകയും ചെയ്തു.
ഒടുവിൽ പാസ്റ്ററുടെ കുപ്പായമിട്ടു ജോഷ്വ. യു.എസ് സ്റ്റേറ്റായ ലോവയിലെ സെഡാർ റാപിഡ്സിലെ ഗുഡ് ന്യൂസ് ബാപ്റ്റിസ്റ്റ് ചർച്ചിൽ സുവിശേഷകനായി പുതിയ ജീവിതത്തിനും തുടക്കമിട്ടു. ഇപ്പോൾ നാടുനീളെ നടന്ന് സുവിശേഷ സന്ദേശങ്ങൾ ജനങ്ങളിലേക്ക് പകർന്നുകൊണ്ടിരിക്കുകയാണ് അദ്ദേഹം. കൂടെ പോൺവ്യവസായത്തിന്റെയും പോൺചിത്രങ്ങളുടെയും മറ്റൊരു ലോകത്തെക്കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല