1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 4, 2022

സ്വന്തം ലേഖകൻ: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ വികസനത്തിന് ഭൂമിയേറ്റെടുക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. ഭൂമിയേറ്റെടുക്കൽ നടപടികളുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. റൺവേ വികസനത്തിന് 18.5 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുക. ദേശീയപാതക്ക് ഭൂമിയേറ്റെടുത്ത മാതൃകയിൽ ഈ ഭൂമിക്ക് നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി അറിയിച്ചു.

വിമാനത്താവള അതോറിറ്റിയിൽനിന്ന്​ പുതിയ നിർദേശങ്ങൾ വൈകുന്നതിനാൽ സ്ഥലമേറ്റെടുക്കലുമായി മുന്നോട്ട്​ പോകാൻ സാധിക്കുന്നില്ലെന്ന്​ റവന്യൂ മന്ത്രി കെ. രാജൻ നേരത്തെ നിയമസഭയിൽ അറിയിച്ചിരുന്നു. ഭൂമിയേറ്റെടുക്കലിനായി നേരത്തേ ഉത്തരവുകൾ ഇറക്കിയെങ്കിലും വിവിധ കോണുകളിൽനിന്നുള്ള എതിർപ്പിന്‍റെ അടിസ്ഥാനത്തിൽ നടപടികളുമായി മുന്നോട്ട്​ പോകാൻ സാധിച്ചില്ലെന്ന് സർക്കാർ വിശദീകരിച്ചിരുന്നത്.

കരിപ്പൂരിലെ സ്ഥലമേറ്റെടുപ്പ് ഓഫിസ്​ കഴിഞ്ഞ മേയ്​ 31ഓടെ നിർത്തലാക്കിയെങ്കിലും പ്രതിഷേധ​ത്തെ തുടർന്ന്​ മരവിപ്പിക്കുകയായിരുന്നു. ഒക്ടോബർ 18ന്​ മന്ത്രി വി. അബ്ദുറഹ്മാന്‍റെ അധ്യക്ഷതയിൽ കരിപ്പൂരിൽ നടന്ന യോഗത്തിൽ റൺവേ വികസനം കൂടി ഉൾപ്പെടുത്തിയുള്ള ഭൂമി ഏ​റ്റെടുക്കലാണ്​ ആവശ്യമെന്ന്​ തീരുമാനിക്കുകയായിരുന്നു.

പാർലമെൻറിൽ നടന്ന ചർച്ചയിൽ 18.5 ഏക്കർ ഭൂമി ലഭ്യമാക്കിയാൽ വലിയ വിമാനങ്ങൾക്ക് സർവിസ് നടത്താൻ എയർപോർട്ടിന് അനുമതി നൽകാമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി അറിയിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിൽ നൂറ് ഏക്കർ വേണമെന്ന നിലപാടിലായിരുന്നു കേന്ദ്രം.

എന്നാൽ, അത്രയും വേണ്ടെന്നും ചുരുങ്ങിയത് 18.5 ഏക്കർ മതിയെന്ന നിലപാടിലേക്ക് കേന്ദ്രം മാറിയ പശ്ചാത്തലത്തിൽ സ്ഥലമുടമകൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കാനുള്ള നടപടി സംസ്ഥാന സർക്കാറിന്‍റെ ഭാഗത്തുനിന്ന് അടിയന്തരമായി ഉണ്ടാവണമെന്നും ഈ കാര്യത്തിൽ ജനപ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പരിസരവാസികൾ തുടങ്ങിയവരുടെ സഹകരണവും പിന്തുണയും ഉണ്ടാവണമെന്നുമാണ് വിവിധ പ്രവാസി സംഘടനകളുടെ ആവശ്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.