1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 4, 2022

സ്വന്തം ലേഖകൻ: ഇന്ത്യൻ സിനിമാ മേഖലയുമായി സഹകരണത്തിനൊരുങ്ങി സൗദി അറേബ്യ. ഇതിന്റെ ഭാഗമായി പ്രശസ്ത ബോളിവുഡ് താരങ്ങളുമായി സൗദി സാംസ്‌കാരിക മന്ത്രി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങൾ തമ്മിലുള്ള സഹകരണം സിനിമാ മേഖലയിൽ പുതിയ അവസരങ്ങളൊരുക്കുമെന്ന് സാംസ്‌കാരിക മന്ത്രി പറഞ്ഞു.

ഇന്ത്യൻ സിനിമാ മേഖലയുമായുള്ള ബന്ധവും സഹകരണവും വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് സൗദി അറേബ്യ ചർച്ചയാരംഭിച്ചത്. സൗദി സാംസ്‌കാരിക മന്ത്രാലയമാണ നടപടികൾക്ക് തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി സൗദി സാംസ്‌കാരിക മന്ത്രി ബദർ ബിൻ അബ്ദുള്ള രാജകുമാരൻ ബോളിവുഡ് താരങ്ങളുമായി കൂടികാഴ്ച നടത്തി.

സൂപ്പർതാരങ്ങളായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, അക്ഷയ് കുമാർ, സെയ്ഫ് അലീഖാൻ തുടങ്ങിയവരുമായാണ് ചർച്ച നടത്തിയത്. കൂടിക്കാഴ്ചയിൽ സൗദിയും ഇന്ത്യൻ സിനിമയും തമ്മിലുള്ള പരസ്പര സഹകരണത്തെ കുറിച്ചും അവസരങ്ങളെക്കുറിച്ചും വിശദമായ ചർച്ചകൾ നടന്നതായി മന്ത്രി വ്യക്തമാക്കി. താരങ്ങളുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെച്ചാണ് മന്ത്രി വിശദാംശങ്ങൾ പുറത്തുവിട്ടത്. ചർച്ച ഫലപ്രദമായിരുന്നെന്നും ഇതുവഴി സിനിമാ മേഖലയിൽ പുതിയ അവസരങ്ങൾ ഉണ്ടാകുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്ത്യൻ ചലച്ചിത്ര വ്യവസായവുമായുള്ള സഹകരണം വർധിപ്പിക്കുക, ഇന്ത്യൻ സിനിമകളെ സൗദിയിൽ ചിത്രീകരണത്തിനായി ആകർഷിക്കുന്നതിനു വേണ്ട കഴിവുകളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് ഉദ്യോഗസ്ഥർ, ചലച്ചിത്ര നിർമാതാക്കൾ എന്നിവരുമായി മന്ത്രി ചർച്ച നടത്തി. പരിശീലന പരിപാടികൾ നടപ്പാക്കുക, സിനിമ വ്യവസായങ്ങളിലെ നിക്ഷേപം വികസിപ്പിക്കുക, രാജ്യത്തെ സിനിമ നിർമാണ സംവിധാനത്തെ പിന്തുണക്കുന്നതിനുള്ള സഹകരണം തേടുക എന്നിവയും സന്ദർശനത്തിലുൾപ്പെട്ടിരുന്നു.

സിനിമ വ്യവസായത്തിൽ തങ്ങളുടെ കഴിവുകൾ വികസിപ്പിക്കാനുള്ള രാജ്യം നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യ സന്ദർശനമെന്ന് സാംസ്കാരിക മന്ത്രി പറഞ്ഞു. പരസ്പര ബന്ധിതമായ ലോകത്ത് അർഥവത്തായ സാംസ്കാരിക കൈമാറ്റം പ്രോത്സാഹിപ്പിക്കേണ്ടത് ആവശ്യമാണ്. ഈ സാഹചര്യത്തിൽ സിനിമ ശക്തമായ ഒരു ഉപകരണമാണ്.

സമ്പദ്വ്യവസ്ഥക്ക് പ്രധാന സംഭാവന നൽകുന്ന മേഖലയാണ്. ഇന്ത്യയിലെ ഞങ്ങളുടെ സന്ദർശനം അവിടുത്തെ വളർന്നു വരുന്ന സിനിമ വ്യവസായവുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ഞങ്ങളെ പ്രാപ്തമാക്കും. പങ്കാളിത്തത്തിനും വിജ്ഞാന വിനിമയത്തിനുമുള്ള കൂടുതൽ അവസരങ്ങൾ കണ്ടെത്താനുള്ള ശ്രമം കൂടിയാണ്. വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കാൻ ഇത് ഞങ്ങളെ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങളുടെയും വികസനത്തിന്റെയും പ്രതിഭകളുടെയും തണലിൽ ലോകത്തെ ചലച്ചിത്ര പ്രവർത്തകർക്ക് ആകർഷകമായ ലൊക്കേഷനാകാൻ സൗദി അറേബ്യ തയാറാണെന്ന് ഫിലിം അതോറിറ്റി സി.ഇ.ഒ അബ്ദുല്ല ആലു അയാഫ് അൽകഹ്താനി പറഞ്ഞു. ഈ സഹകരണം രാജ്യത്തിന്റെ ചലച്ചിത്ര മേഖലയുടെ കൂടുതൽ വികസനത്തിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.