സ്വന്തം ലേഖകൻ: പാർലമെന്റുമായുള്ള സംഘർഷത്തെ തുടർന്ന് കുവൈത്ത് സർക്കാർ രാജിവച്ചു. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് രാജിക്കത്ത് അമീറിന്റെ ചുമതല വഹിക്കുന്ന കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനു കൈമാറി. രാജിക്കത്ത് സ്വീകരിച്ചു.
പ്രധാനമന്ത്രിക്കെതിരെ പാർലമെന്റിൽ ഇന്നു നടക്കാനിരിക്കുന്ന അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിന് മുന്നോടിയായാണ് രാജി. മന്ത്രിസഭാംഗങ്ങൾ തിങ്കളാഴ്ച വൈകിട്ട് പ്രധാനമന്ത്രിക്കു രാജിക്കത്ത് നൽകിയിരുന്നു. 2019 ഡിസംബറിലാണ് ഷെയ്ഖ് സബാഹ് പ്രധാനമന്ത്രിയായി അധികാരമേറ്റത്. അവിശ്വാസ പ്രമേയത്തെ തുടർന്ന് 3 തവണ രാജി വയ്ക്കുകയും പിന്നീട് പുതിയ മന്ത്രി സഭ രൂപീകരിക്കുകയും ചെയ്തിരുന്നു. 2021 ഡിസംബറിലാണ് നിലവിലെ സർക്കാർ അധികാരമേറ്റത്.
രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ ഏറ്റവും ഒടുവിൽ പാർലമെന്റിൽ പ്രതിപക്ഷത്തുള്ള 3 അംഗങ്ങളെക്കൂടി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയായിരുന്നു. എന്നിട്ടും പ്രശ്നങ്ങൾക്കു പരിഹാരമാകാതെ രാഷ്ട്രീയ സംഘർഷം വർധിച്ച സാഹചര്യത്തിലാണ് ഇപ്പോഴത്തെ രാജി.
പ്രധാനമന്ത്രിയുടെ ഭരണഘടനാ വിരുദ്ധ നടപടികൾ, നിയമനിർമാണ അതോറിറ്റിയുമായി സഹകരണമില്ലായ്മ, പൊതു ഫണ്ട് ദുരുപയോഗം ചെയ്യുക, ജനങ്ങളുടെ സമ്പത്ത് ധൂർത്തടിക്കുക, പൗരന്മാരുടെ ജോലി തടസ്സപ്പെടുത്തുക തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയെ കുറ്റവിചാരണ നടത്തിയത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല