സ്വന്തം ലേഖകൻ: അടിയന്തിരമായി ലാൻഡ് ചെയ്യുന്നതിനിടെ കാർഗോ വിമാനം രണ്ടായി പിളർന്നു. മധ്യ അമേരിക്കൻ രാജ്യമായ കോസ്റ്റ റിക്കയിലാണ് സംഭവം. അപകടത്തിന് പിന്നാലെ സാൻ ജോസിലെ ജുവാൻ സാന്താമരിയ അന്താരാഷ്ട്ര വിമാനത്താവളം വ്യാഴാഴ്ച താൽക്കാലികമായി അടച്ചുപൂട്ടി.
ജർമ്മൻ ലോജിസ്റ്റിക്സ് ഭീമനായ ഡിഎച്ച്എല്ലിന്റെ ബോയിങ് 757-200 എന്ന മഞ്ഞ കാർഗോ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡിങ്ങ് സമയത്ത് വിമാനത്തിന്റെ പിൻവശത്ത് നിന്ന് പുക ഉയരുന്നുണ്ടായിരുന്നു. റൺവേയിൽ ഇറങ്ങിയ വിമാനം ലാൻഡിങ് അവസാനിക്കുന്നതോട് കൂടിയാണ് പിളർന്നത്.
അതേസമയം കാർഗോ വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് ഉൾപ്പെടെയുള്ള ജീവനക്കാർ എല്ലാവരും സുരക്ഷിതരാണ്. എങ്കിലും ഇവരെ പരിശോധനകൾക്കായി ആശുപത്രിയിൽ കൊണ്ടുപോയി. അപകടത്തിന് പിന്നാലെ വിമാനത്താവളം അടച്ചതോടെ മറ്റിടങ്ങളിലേക്ക് പോകാനിരുന്ന 57 വിമാനങ്ങളും 8,500 യാത്രക്കാരുമാണ് വെട്ടിലായത്. അഞ്ച് മണിക്കൂർ അടച്ചിട്ടതിന് ശേഷം വിമാനത്താവളം തുറന്നുപ്രവർത്തിക്കുകയും ചെയ്തു.
ജുവാൻ സാന്താമരിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഗ്വാട്ടേമാലയിലേക്ക് പുറപ്പെട്ടതായിരുന്നു കാർഗോ വിമാനം. എന്നാൽ 25 മിനിറ്റ് പിന്നിട്ടപ്പോഴേ വിമാനത്തിന്റെ ഹൈഡ്രോളിക്ക് സിസ്റ്റത്തിൽ തകരാറുണ്ടെന്ന് കണ്ടെത്തി. തുടർന്ന് അടിയന്തിര ലാൻഡിങ്ങിനായി ജുവാൻ സാന്താമരിയ എയർപോർട്ടിലേക്ക് തിരിച്ച് വരികയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല