സ്വന്തം ലേഖകൻ: ഇന്ത്യൻ മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പരീക്ഷക്ക് ബഹ്റൈനിലും കേന്ദ്രം അനുവദിച്ചത് മലയാളികളടക്കമുള്ള വിദ്യാർഥികൾക്ക് ആശ്വാസമാകും. രക്ഷിതാക്കളും വിദ്യാർഥികളും ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യമാണ് ഒടുവിൽ അംഗീകരിക്കപ്പെട്ടത്.
മനാമ ഉൾപ്പെടെ ജി.സി.സിയിൽ എട്ട് സെന്‍ററുകളിലാണ് ഇത്തവണ പരീക്ഷ നടക്കുന്നത്. ബഹ്റൈനിൽ നീറ്റ് പരീക്ഷാകേന്ദ്രം അനുവദിച്ചുകിട്ടുന്നതിന് ഇന്ത്യൻ എംബസിയും ഇടപെട്ടിരുന്നു. പരീക്ഷകേന്ദ്രം അനുവദിക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാറിന് മുമ്പാകെ ഉന്നയിച്ചതായി കഴിഞ്ഞ വർഷംതന്നെ ഇന്ത്യൻ അംബാസഡർ വ്യക്തമാക്കിയിരുന്നു.
ബഹ്റൈനിലെ സി.ബി.എസ്.ഇ സ്കൂളുകളുടെ പ്രിൻസിപ്പൽമാരുടെ കൂട്ടായ്മയും നീറ്റ് പരീക്ഷകേന്ദ്രം വേണമെന്ന ആവശ്യം ഉന്നയിച്ചു. ബഹ്റൈൻ കേരളീയ സമാജം, കെ.എം.സി.സി, വേൾഡ് എൻ.ആർ.ഐ കൗൺസിൽ, ഐ.സി.എഫ് തുടങ്ങിയ സംഘടനകളും ഈ ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരുന്നു. വിവിധ സംഘടനകൾ ഇന്ത്യൻ എംബസിക്കും കേന്ദ്ര സർക്കാറിനും നിവേദനം നൽകുകയും ചെയ്തു. ബഹ്റൈനിൽനിന്ന് 150ഓളം വിദ്യാർഥികളാണ് സാധാരണ നീറ്റ് പരീക്ഷ എഴുതാറുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല