സ്വന്തം ലേഖകൻ: അറ്റകുറ്റ പണികള്‍ക്കായി ദുബായ് വിമാനത്താവളത്തിലെ റണ്‍വേ ഭാഗികമായി അടയ്ക്കുന്നതിനാല്‍ ഇന്ത്യൻ വിമാന സര്‍വീസുകള്‍ മറ്റു വിമാനത്താവളങ്ങളിലേയ്ക്ക് മാറ്റുന്നതിന്റെ കൂടുതൽ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തി. അടുത്ത മാസം 9 മുതല്‍ 45 ദിവസത്തേക്കു നിര്‍മാണ പ്രവര്‍ത്തനം നടക്കുമ്പോൾ 40 ശതമാനം വിമാന സർവീസുകളാണ് മറ്റു വിമാനത്താവളങ്ങളിലേയ്ക്ക് മാറ്റുക.
ഇന്‍ഡിഗോയുടെ 15 സര്‍വീസുകളില്‍ 8 സര്‍വീസുകള്‍ പഴയ വിമാനത്താവളത്തില്‍ നിന്നും 7 സര്‍വ്വീസുകള്‍ ജബല്‍ അലിയിലുള്ള ദുബായ് വേള്‍ഡ് സെന്ററല്‍ വിമാനത്താവളത്തിൽ നിന്നുമായിരിക്കും. എയര്‍ ഇന്ത്യ ഭാഗികമായി ഷാര്‍ജയില്‍ നിന്നും ജബല്‍ അലിയില്‍ നിന്നും സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ റീജണല്‍ മാനേജര്‍ പി.പി. സിംങ് പറഞ്ഞു.
അതേസമയം, തങ്ങളുടെ സർവീസ് പഴയ ടെര്‍മിനലില്‍ നിന്നു തന്നെ ആയിരിക്കുമെന്നു വിസ്താര അധികൃതര്‍ പറഞ്ഞു. സ്പൈസ് ജെറ്റ് അധികൃതര്‍ ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ അറിയില്ലെന്നാണ് അറിയിച്ചത്. എമിറേറ്റ്സ് ഇപ്പോഴുള്ള ടെര്‍മിനലില്‍ തന്നെയായിരിക്കും. എമിറേറ്റ്സിന്റെ കീഴിലുള്ള ബജറ്റ് വിമാന കമ്പനിയായ ഫ്ളൈ ദുബയ് ജബല്‍ അലി വിമാനത്താവളത്തിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെയും സര്‍വ്വീസുകളുടെ പൂര്‍ണ വിവരം ഉടനെ തന്നെ അറിയിക്കുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. ദുബായില്‍ നിന്നു കേരളത്തിൽ കണ്ണൂരിലേയ്ക്ക് മാത്രം സർവീസ് നടത്തുന്ന ഗോ എയര്‍ സര്‍വ്വീസിന്റെ കാര്യം വ്യക്തമാക്കിയിട്ടില്ല. ദുബായ് വിമാനത്താവളത്തില്‍ നിന്നു ജബല്‍ അലിയിലേക്ക് സൗജന്യ ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല