യുദ്ധവും മറ്റു രാജ്യങ്ങളുടെ അഭ്യന്തര കാര്യങ്ങളില്‍ കയ്യിടുന്നതും അമേരിക്കയുടെ ഒരു ഹോബിയാണ്. അതിനുവേണ്ട പവര്‍ കിട്ടാന്‍ അവര്‍ പലതും ചെയ്യും, ലോകത്തെ വിറപ്പിച്ചു നിര്‍ത്തി തങ്ങള്‍ക്കു എതിരാളികളില്ല എന്ന് രഹസ്യമായി പ്രഖ്യാപിക്കുകയായിരുന്നല്ലോ അവര്‍ ഇതുവരെ. എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ അകെ മാറി തുടങ്ങിയിട്ടുണ്ട് സാമ്പത്തിക പ്രതിസന്ധിയും തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളുമെല്ലാം അവരെ മാറി ചിന്തിപ്പിച്ചു എന്ന് പറയുന്നതാവും ശരി. അനുഭവത്തില്‍ നിന്നാണല്ലോ നമ്മളെല്ലാം പലതും പഠിക്കുന്നത്.
എന്തായാലും ശീതയുദ്ധകാലത്ത് അമേരിക്ക വികസിപ്പിച്ചെടുത്ത ഏറ്റവും വിനാശകാരിയായ അണുബോംബ് നിര്‍വീര്യമാക്കിയിരിക്കുന്നു. അമേരിക്കയെയും സോവ്യറ്റ് യൂണിയനെയും യുദ്ധത്തിന്റെ വക്കിലെത്തിച്ച ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിയുടെ കാലത്ത് 1962ല്‍ വികസിപ്പിച്ച ഈ ബോംബ് ടെക്സസിലെ അമാരില്ലോയിലെ പാന്റക്സ് കേന്ദ്രത്തിലാണു നിര്‍വീര്യമാക്കിയത്.
ബി-53 ശ്രേണിയില്‍പെട്ട അവസാനത്തെ ബോംബാണിത്. 4500 കിലോഗ്രാം ആണു ഭാരം. ഒരു ചെറുകാറിനേക്കാള് വലുപ്പമുണ്ട്്. ഹിരോഷിമയില്‍ ഇട്ട ബോംബിന്റെ 600 മടങ്ങു ശേഷിയുള്ള ഇതിന് ഒരു വന്‍നഗരം ശവപ്പറമ്പാക്കാന് നിമിഷങ്ങള്‍ മതി. ബോംബിനുള്ളിലെ യുറേനിയം അറയിലെ അത്യുഗ്രസ്ഫോടകശേഷിയുള്ള 136 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ വേര്‍തിരിച്ചെടുത്താണ് ഇതു നിര്‍വീര്യമാക്കിയത്.
അമേരിക്കയുടെ ആണവശേഖരം കുറയ്ക്കുന്നതിനുള്ള പ്രസിഡന്റ് ഒബാമയുടെ പദ്ധതി പ്രകാരമാണ് ബി-53 ബോംബ് നിര്‍വീര്യമാക്കിയത്. ഇതോടെ ലോകം കൂടുതല്‍ സുരക്ഷിതമായെന്ന് ദേശീയ ആണവ സുരക്ഷാസമിതി പ്രസിഡന്റ് തോമസ് അഗസ്റിനോ വ്യക്തമാക്കി. 2009 സെപ്റ്റംബര്‍ 30ലെ കണക്കു പ്രകാരം യുഎസിന് 5113 ആണവായുധങ്ങളാണുള്ളത്. എന്തായാലും അമേരിക്കയുടെ ഈ സമാധാന പ്രിയം ലോക രാജ്യങ്ങള്‍ക്ക് നല്കുന്ന സമാധാനം കുറച്ചൊന്നുമല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല