സ്വന്തം ലേഖകൻ: ഖത്തർ 2022 ലോകകപ്പിന് മുൻപായി സൗജന്യ സ്ട്രീമിങ് സർവീസിന് ഫിഫ തുടക്കമിട്ടു. ഫിഫ പ്ലസ് എന്ന സൗജന്യ സ്ട്രീമിങ് സേവനം എല്ലാ വെബ്, മൊബൈലുകളിലും ലഭിക്കും. പ്രധാന ലീഗുകളിൽ നിന്നുളളവ ഉൾപ്പെടെ സ്ട്രീമിങ്ങിലുണ്ടാകും. മുൻ ലോകകപ്പുകളിൽ നിന്നുള്ള ഭാഗങ്ങൾ, ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡിനോയെ പോലുള്ളവരെക്കുറിച്ചുള്ള ഡോക്യുമെന്ററികൾ, മികച്ച വനിതാകളിക്കാരെക്കുറിച്ചുള്ള പരിപാടികൾ എന്നിവയെല്ലാം ഉണ്ടാകും.
ഫിഫയുടെ അംഗത്വമുള്ള 100 അസോസിയേഷനുകളിൽ നിന്നായി പ്രതിവർഷം 11,000 വനിതാ മത്സരങ്ങളുൾപ്പെടെ 40,000 തൽസമയ ഗെയിമുകൾ സംപ്രേഷണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.ഫിഫ പ്ലസ് സേവനം ഇപ്പോൾ സൗജന്യമാണെങ്കിലും പിന്നീട് പ്രീമിയം മത്സരങ്ങളുടെ സ്ട്രീമിങ് തുടങ്ങുമ്പോൾ നിശ്ചിത തുക ഈടാക്കും.
അതിനിടെ ഫിഫ ഖത്തർ ലോകകപ്പിനിടെ രാജ്യത്തേക്കുള്ള പ്രവേശന വീസ സംബന്ധിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ കരട് തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരം. അമീരി ദിവാനിൽ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്ലസീസ് അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അനുമതി നൽകിയത്. നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ഫിഫ ലോകകപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കുന്നത്.
ദേശീയ ഉൽപന്ന ചിഹ്നം ഉപയോഗിക്കുന്നതിനുള്ള ലൈസൻസ് സംബന്ധിച്ച 2 കരട് നിയമങ്ങൾക്കും മന്ത്രിസഭ അംഗീകാരം നൽകി.ദേശീയ ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല