സ്വന്തം ലേഖകൻ: യെമന്‍ ജയിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ മോചനത്തിനുള്ള ദൗത്യത്തിന് ജസ്റ്റിസ് കുര്യന്‍ ജോസഫ് നേതൃത്വം നല്‍കും. ദയാധനം നല്‍കി മോചനം സാധ്യമാക്കാന്‍ സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര തലങ്ങളില്‍ നടക്കുന്ന ശ്രമങ്ങള്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് ഏകോപിപ്പിക്കും. കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ മുഹമ്മദിന്റെ കുടുംബവുമായി നടക്കുന്ന ചര്‍ച്ചകളും ജസ്റ്റിസ് കുര്യന്‍ ജോസഫ് നേതൃത്വം നല്‍കുന്ന സംഘം ഏകോപിപ്പിക്കും.
സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ചതിന് ശേഷം രാജ്യാന്തരതലത്തിലെ തന്നെ അറിയപ്പെടുന്ന മധ്യസ്ഥനാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ്. ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ അനുഭവ സമ്പത്ത് നിമിഷ പ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്ന സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചത്. ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ എന്ത് ബുദ്ധിമുട്ട് സഹിക്കാനും താന്‍ തയ്യാറാണെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് മാതൃഭൂമിയോട് പറഞ്ഞു.
നിമിഷയുടെ മോചനത്തിനായി രണ്ടു സംഘങ്ങളാണ് പ്രവര്‍ത്തിക്കുക. ഇതില്‍ ഒരു സംഘത്തിനാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് നേതൃത്വം നല്‍കുക. മുന്‍ നയതന്ത്ര ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ഈ സംഘത്തില്‍ ഉണ്ടാകും. സര്‍ക്കാര്‍ – സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍, അന്താരാഷ്ട എജന്‍സികള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ മോചന ദൗത്യം ഏകോപിപ്പിക്കലാണ് സംഘത്തിന്റെ ദൗത്യം. എന്നാല്‍ ഈ സംഘം യെമന്‍ സന്ദര്‍ശിക്കാനിടയില്ല.
നിമിഷയുടെ അമ്മ പ്രേമകുമാരി, മകള്‍ മിഷേല്‍ തുടങ്ങിയവരടങ്ങിയ സംഘം യെമന്‍ സന്ദര്‍ശിച്ച് കൊല്ലപ്പെട്ട തലാല്‍ മുഹമ്മദിന്റെ കുടുംബത്തെ കണ്ട് ചര്‍ച്ചകള്‍ നടത്തി നിമിഷക്ക് മാപ്പു നല്‍കണമെന്ന് അപേക്ഷിക്കും. സുപ്രീം കോടതി അഭിഭാഷകന്‍ കെ.ആര്‍ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള ഈ സംഘത്തില്‍ സാമൂഹ്യപ്രവര്‍ത്തകരായ റഫീഖ് റാവുത്തര്‍, ബാബു ജോണ്‍, അഭിഭാഷക ദീപ ജോസഫ് തുടങ്ങിയവരുണ്ടാകും. യാത്ര അനുമതിക്കായി ഇവര്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല