സ്വന്തം ലേഖകൻ: ഖത്തർ എയർവേയ്സിന്റെ ഡെസ്റ്റിനേഷൻ മാനേജ്മെന്റ് ഡിവിഷനായ ഡിസ്കവർ ഖത്തർ വെബ്സൈറ്റിൽ ഓൺ അറൈവൽ വീസക്കാർക്കുള്ള ഹോട്ടൽ ബുക്കിങ് വിൻഡോ വീണ്ടും പ്രവർത്തനസജ്ജമായി.
വ്യാഴാഴ്ച മുതലാണ് ഹോട്ടൽ ബുക്കിങ് ലഭ്യമായി തുടങ്ങിയത്. അതേസമയം ഓൺ അറൈവൽ വീസയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ലിങ്ക് ആണ് നൽകിയിരിക്കുന്നത്. ഓരോ രാജ്യക്കാർക്കുമുള്ള വീസ യോഗ്യതകൾ, ലഭ്യമാകുന്ന വീസ ഇനങ്ങൾ എന്നിവയാണ് മന്ത്രാലയത്തിന്റെ ലിങ്കിൽ ഉള്ളത്.
പൗരത്വവും താമസിക്കുന്ന രാജ്യവും അനുസരിച്ച് വീസ യോഗ്യതകൾ വ്യത്യസ്തമാണ്. ഇന്ത്യ, ഇറാൻ, പാക്കിസ്ഥാൻ പൗരന്മാർക്ക് ഖത്തറിൽ ഓൺ അറൈവൽ വീസയിലെത്തുമ്പോൾ എത്രനാൾ ഖത്തറിൽ താമസിക്കുന്നുവോ അത്രയും ദിവസത്തെ ഹോട്ടൽ ബുക്കിങ് ഏപ്രിൽ 14 മുതൽ നിർബന്ധമാണെന്നുള്ള നിർദേശവും ഇതു സംബന്ധിച്ച ഹോട്ടൽ ബുക്കിങ് വിൻഡോയും ഡിസ്കവർ ഖത്തർ കഴിഞ്ഞ ആഴ്ച വെബ്സൈറ്റിൽ ചേർക്കുകയും പിന്നീട് വിൻഡോ റദ്ദാക്കുകയും ചെയ്തത് വലിയ ആശങ്കകൾക്ക് ഇടയാക്കിയിരുന്നു.
അതിനിടെയാണ് ബുക്കിങ് വിൻഡോ വീണ്ടും തുറന്നത്. പുതിയ വിൻഡോയിൽ ഏതൊക്കെ രാജ്യക്കാർക്കാണ് ഓൺ അറൈവൽ വീസയിലെത്തുമ്പോൾ ഹോട്ടൽ ബുക്കിങ് നിർബന്ധമെന്നത് വ്യക്തമാക്കിയിട്ടില്ല. അതേസമയം ഓൺ അറൈവൽ ഹോട്ടൽ ബുക്കിങ്ങിന്റെ വ്യവസ്ഥകൾ വിശദമാക്കിയിട്ടുണ്ട്.
യാത്രയ്ക്ക് മുൻപുള്ള ഇഹ്തെറാസ് പ്രീ-റജിസ്ട്രേഷൻ പൂർത്തിയാക്കുമ്പോൾ ഇഹ്തെറാസ് അധികൃതർ ഹോട്ടൽ ബുക്കിങ് ആവശ്യപ്പെട്ടാൽ യാത്രക്കാരൻ അത് പാലിക്കണമെന്നാണ് ഡിസകവർ ഖത്തർ ഹെൽപ്ലൈൻ അധികൃതരിൽ നിന്നുള്ള വിവരം. ഓൺ അറൈവൽ വീസയിലെത്താൻ ഇഹ്തെറാസിൽ റജിസ്ട്രേഷൻ നടത്തിയപ്പോൾ യാത്രക്കാരോട് ഹോട്ടൽ ബുക്കിങ് രേഖ ഇഹ്തെറാസ് ആവശ്യപ്പെട്ടതായി ട്രാവൽ ഏജന്റുമാരും അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല