1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 27, 2011

ബ്രിട്ടണിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കാന്‍ പുതിയ സര്‍ക്കാര്‍ വന്നതിനുശേഷം കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. യൂറോപ്പിന് വെളിയില്‍നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കാനുള്ള നിയമങ്ങളും പുതിയ നയങ്ങളുമെല്ലാം ഇതിന്റെ ഭാഗമായി ഉണ്ടായിട്ടുള്ളതാണ്. ഇംഗ്ലീഷ് ഭാഷ നിര്‍ബന്ധമാക്കുക, ഡിപ്പന്റെന്റ് വീസയുടെ നിയമങ്ങള്‍ കര്‍ശനമാക്കുക, വിദ്യാര്‍ത്ഥി വീസ വഴി ബ്രിട്ടണിലെത്തുവര്‍ സ്ഥിരതാമസത്തിന് ശ്രമിക്കുന്നത് തടയുക തുടങ്ങിയ കാര്യങ്ങളെല്ലാം ഡേവിഡ് കാമറൂണ്‍ സര്‍ക്കാര്‍ വന്നതിനുശേഷം കര്‍ശനമാക്കിയത് മലയാളികള്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റ സമൂഹം ആശങ്കയോടെയാണ് നോക്കിക്കണ്ടത്.

ഇത്തരത്തില്‍ ഓരോ ദിവസം കഴിയുന്തോറും കുടിയേറ്റക്കാര്‍ക്കെതിരെയുള്ള നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന് ചില കാരണങ്ങളുമുണ്ട്. മാദ്ധ്യമങ്ങളും ചില സംഘടനകളും പുറത്തുവിടുന്ന റിപ്പോര്‍ട്ടുകളും വാര്‍ത്തകളുമെല്ലാം ഇതിനെ സഹായിക്കുന്നതാണ്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഒരു വാര്‍ത്ത കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നായിരിക്കും എന്നാണ് ഇപ്പോള്‍ ഉയരുന്ന ഭീതി. ബ്രിട്ടണിലെ ജനസംഖ്യ വര്‍ദ്ധിക്കുന്നതിന് കുടിയേറ്റക്കാര്‍ പ്രധാന പങ്ക് വഹിക്കുന്നുവെന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വാര്‍ത്ത. കുടിയേറ്റക്കാരുടെ ബാഹുല്യംമൂലം ബ്രിട്ടണില്‍ ഓരോ വര്‍ഷവും ഏതാണ്ട് 500,000 പേരുടെ വര്‍ദ്ധനവാണ് ഉണ്ടാകുന്നത്.

കുടിയേറ്റം ഈ നിലയില്‍ പോയാല്‍ 2027 ആകുമ്പോള്‍ ബ്രിട്ടണിലെ ജനസംഖ്യ എഴുപത് മില്യണായി ഉയരുമെന്നാണ് പുറത്തുവന്നിരിക്കുന്ന വാര്‍ത്ത വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ബ്രിട്ടണിലെ ജനസംഖ്യ 62.3 മില്യനാണ്. ഈ കണക്കിലാണ് കുടിയേറ്റക്കാരുടെ വമ്പിച്ച സംഭാവനകളോടെ കുതിച്ചുചാട്ടം ഉണ്ടാകാന്‍ പോകുന്നത്. 2027ല്‍ 70 മില്യണും 2036ല്‍ 73.2 മില്യണും 2043ല്‍ 74.4 മില്യനുമാകും. 2043ല്‍ ബ്രിട്ടണ്‍ ജനസംഖ്യയുടെ കാര്യത്തില്‍ മുമ്പില്‍ നില്‍ക്കുന്ന യൂറോപ്യന്‍ രാജ്യമായ ജര്‍മ്മനിയെ പിന്തള്ളുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ബ്രിട്ടണിലെ ജനസംഖ്യ ഭീതിജനകമായി വര്‍ദ്ധിക്കുന്നതും കുടിയേറ്റവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ തെളിയിക്കുന്നതെന്ന് ജനസംഖ്യ നിയന്ത്രണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. കുടിയേറ്റത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും രാഷ്ട്രീയ നേതാക്കന്മാര്‍ക്കും യൂറോപ്പിന് പുറത്തുനിന്നുള്ള കുടിയേറ്റം കര്‍ശനമായി നിയന്ത്രിക്കണമെന്ന് ആവശ്യപ്പെടാനുള്ള സാധ്യതയാണ് ഈ വാര്‍ത്ത വഴി ഉണ്ടായിരിക്കുന്നത്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.