സ്വന്തം ലേഖകൻ: യുകെയില്‍ എത്തി വര്‍ഷങ്ങളായി താമസിച്ച് ജോലി ചെയ്തിട്ടും നഴ്സുമാരായി രജിസ്ട്രേഷന് എടുക്കാന്‍ കഴിയാത്ത ആയിരക്കണക്കിന് ഇന്ത്യന്‍ നഴ്സുമാര്‍ക്ക് വേണ്ടി ഇടപെടല്‍ നടത്താന്‍ നഴ്സിംഗ് & മിഡ്വൈഫറി കൗണ്‍സില്‍ തയാറാകണമെന്ന് ആവശ്യം. മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ നേരിടുന്ന ഈ നീതികേട് തിരുത്താന്‍ എന്‍എംസി തയാറാകണമെന്നാണ് ആവശ്യം.
പല നഴ്സുമാരും പൗരത്വം ലഭിച്ചിട്ടു പോലും രജിസ്ട്രേഷന് ഇല്ലാത്ത റോളുകളില്‍ തുടരേണ്ട സ്ഥിതിയാണ്. എന്‍എംസിയില്‍ നഴ്സായി രജിസ്റ്റര്‍ ചെയ്യാനുള്ള ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് പാസാകാന്‍ കഴിയാത്തതാണ് പലര്‍ക്കും യോഗ്യതയ്ക്കും, പ്രവൃത്തി പരിചയത്തിനും അനുസൃതമായ പേ ഗ്രേഡില്‍ പോലുമല്ല ഇവരില്‍ പലരും ജോലി ചെയ്യുന്നത്.
മലയാളി നഴ്സ് ഡോ. അജിമോള്‍ പ്രദീപും, ഡോ. ഡില്ലാ ഡേവീസുമാണ് മുന്‍ എന്‍എച്ച്എസ് ട്രസ്റ്റ് ചെയര്‍ പീറ്റര്‍ മൗണ്ട്, ഐല്‍ ഓഫ് മാന്‍ മാന്‍സ് കെയര്‍ ചെയര്‍ ആന്‍ഡ്രൂ ഫോസ്റ്റര്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ഈ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുന്നത്. കിംഗ്സ് കോളേജ് ഹോസ്പിറ്റലില്‍ ലിവര്‍ ട്രാന്‍സ്പ്ലാന്റ് കോര്‍ഡിനേറ്ററാണ് ഡോ. അജിമോള്‍ പ്രദീപ്. സാല്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി നഴ്സിംഗ് ലെക്ചററാണ് ഡോ. ഡില്ലാ ഡേവിസ്.
ഡോ. അജിമോള്‍ പ്രദീപും, ഡോ. ഡില്ലാ ഡേവിസും 2000ലാണ് യുകെയില്‍ നഴ്സുമാരായി ജോലി ചെയ്യാനെത്തിയത്. ഈ സമയത്ത് എന്‍എംസി ലാംഗ്വേജ് ടെസ്റ്റ് ആരംഭിച്ചിരുന്നില്ല. ഇതിന് പകരം എംപ്ലോയര്‍ നല്കുന്ന അഡാപ്റ്റേഷന് പ്രോഗ്രാമിലാണ് പങ്കെടുത്തത്. ഇവര്‍ നടത്തിയ സര്‍വെ പ്രകാരം ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിന്റെ പേരില്‍ മൂവായിരത്തോളം ഇന്ത്യന്‍ നഴ്സുമാരാണ് തിരിച്ചടി നേരിടുന്നത്.
ഇന്ത്യയില്‍ യോഗ്യത നേടിയ നഴ്സുമാര്‍ യുകെയില്‍ താമസിക്കുമ്പോഴും എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ ഹെല്‍ത്ത്കെയര്‍ അസിസ്റ്റന്റ് റോളുകളില്‍ ഒതുങ്ങുകയാണ്. ഏകദേശം 600 പേര്‍ക്ക് ബ്രിട്ടീഷ് പൗരത്വം ലഭിച്ചുകഴിഞ്ഞു. ഇന്ത്യന്‍ നഴ്സുമാരുടെ വിശാലമായ ഒരു പൂള് യുകെയില്‍ തന്നെയുണ്ടെന്ന വിഷയമാണ് എന്എംഎസിക്ക് മുന്നില്‍ അവതരിപ്പിച്ച്, വാദിക്കുന്നതെന്നും ഇവര്‍ പറയുന്നു.
വിഷയത്തില്‍ സമ്മര്‍ദമേറിയതോടെ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് ഏത് വിധത്തിലാകണമെന്ന് എന്‍എംസി റിവ്യൂ ചെയ്ത് വരികയാണ്. ഈ മാറ്റം സാധ്യമായാല്‍ മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യന്‍ നഴ്സുമാര്‍ക്കാണ് അത് അനുഗ്രഹമാകുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല