![](https://www.nrimalayalee.com/wp-content/uploads/2022/04/John-Paul-Scriptwriter-Passed-Away.jpg)
സ്വന്തം ലേഖകൻ: തിരക്കഥാകൃത്ത് ജോൺപോൾ അന്തരിച്ചു. വർഷങ്ങളായി സിനിമയുടെ തിരക്കിൽ നിന്ന് വിട്ടുനിന്ന ജോൺപോളിന്റെ അന്ത്യം ആശുപത്രിയിൽവെച്ചായിരുന്നു. ആഴ്ചകളായി ആശുപത്രിക്കിടക്കയിലായിരുന്ന ജോൺപോളിനുവേണ്ടി മലയാളസിനിമാലോകം മുഴുവൻ പ്രാർത്ഥനയിലായിരുന്നു. പ്രതീക്ഷകളെല്ലാം തെറ്റിച്ചുകൊണ്ട് ശനിയാഴ്ച ഉച്ചയോടെ വിടചൊല്ലി. ഐഷ എലിസബത്താണ് ഭാര്യ. മകൾ ജിഷ ജിബി.
ഇന്ന് ആശുപത്രിയിൽ തന്നെ സൂക്ഷിക്കുന്ന മൃതദേഹം ഞായറാഴ്ച രാവിലെ എറണാകുളം ടൗൺഹാളിലും ചാവറ കൾച്ചറൽ സെന്ററിലും പൊതുദർശനത്തിന് വെക്കും. പിന്നീട് മരടിലെ ഫ്ലാറ്റിലേക്ക് കൊണ്ടുപോകും. വൈകിട്ട് എളംകുളം പള്ളിയിലാണ് സംസ്കാരം. പ്രണയമീനുകളുടെ കടല്‍ എന്ന കമല്‍ ചിത്രമാണ് ജോണ്‍പോള്‍ ഏറ്റവും ഒടുവില്‍ തിരക്കഥയെഴുതിയ മലയാളസിനിമ.
ജോണ്‍ പോളിന്റെ ആദ്യ തിരക്കഥ ഇന്ത്യന്‍ സിനിമയ്ക്ക് അന്നുവരെ അപരിചിതമായൊരു പ്രണയകഥയായിരുന്നു. 1980 ല്‍ ചാമരം എന്ന സിനിമയിലൂടെ മലയാളികള്‍ പരിചയപ്പെട്ടത് ശക്തമായ തിരക്കഥകളൊരുക്കി പിന്നീട് മലയാളിപ്രേക്ഷകരെ അദ്ഭുതപ്പെടുത്തുകയും ആരാധകരാക്കി മാറ്റുകയും ചെയ്ത അപൂര്‍വ പ്രതിഭയെയായിരുന്നു. വിവിധഭാവങ്ങളിലും വികാരതലങ്ങളിലുമുള്ള അനവധി കഥകള്‍ അതിസമര്‍ഥമായി ജോണ്‍ പോള്‍ ആവിഷ്കരിച്ചു.
മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകര്‍ക്കായി നൂറോളം തിരക്കഥകളാണ് ജോണ്‍പോള്‍ എഴുതിയത്. എണ്‍പതുകളിലും തൊണ്ണൂറുകളുടെ ആദ്യകാലത്തും ഏറ്റവും തിരക്കുള്ള സിനിമാഎഴുത്തുകാരനായിരുന്നു അദ്ദേഹം. നൂറോളം ചിത്രങ്ങൾക്ക് ജോൺ പോൾ തിരക്കഥ എഴുതിയിട്ടുണ്ട്. നിരവധി ചലച്ചിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്. മാക്ട സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയാണ്.
ഫിലിംസൊസൈറ്റി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സംവിധായകൻ ഭരതനുവേണ്ടിയാണ് ജോൺ പോൾ ഏറ്റവുമധികം തിരക്കഥകൾ എഴുതിയത്. ഐ.വി.ശശി, മോഹൻ, ജോഷി, കെ.എസ്.സേതുമാധവൻ, പി.എൻ. മേനോൻ, കമൽ, സത്യൻ അന്തിക്കാട്, ഭരത് ഗോപി, ജേസി, കെ.മധു, പി.ജി.വിശ്വംഭരൻ, വിജി തമ്പി തുടങ്ങിയ സംവിധായകർക്കൊപ്പവും പ്രവർത്തിച്ചു.
കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓർമയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലിൽ ഇത്തിരിനേരം, ഈറൻ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി തുടങ്ങിയ മനോഹരചിത്രങ്ങൾ ജോൺപോളിന്റെ തൂലികയിൽ വിരിഞ്ഞവയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല