![](https://www.nrimalayalee.com/wp-content/uploads/2021/04/delhi-curfew.jpg)
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ബുധനാഴ്ച ഓൺലൈനായിട്ടാകും നിർണായക യോഗം ചേരുക. ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ നിലവിലെ കോവിഡ് സ്ഥിതിയെക്കുറിച്ച് യോഗത്തിൽ വിവരങ്ങൾ പങ്കുവയ്ക്കും.
പ്രതിദിന കോവിഡ് കേസുകൾ കുറഞ്ഞതിന് പിന്നാലെ രാജ്യത്ത് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചയായി ഡൽഹിയടക്കമുള്ള സ്ഥലങ്ങളിൽ കോവിഡ് കേസുകൾ ഉയരുകയാണ്. പുതിയ കേസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ മരണസംഖ്യയും കൂടുതലായി റിപ്പോർട്ട് ചെയ്തു. പ്രതിദിന കോവിഡ് കേസുകൾ ഉയർന്നതോടെ ഡൽ ഹിയിലും ചെന്നൈയിലും മാസ്ക് ധരിക്കുന്നത് വീണ്ടും നിർബന്ധമാക്കിയിരുന്നു.
ഒമിക്രോണിൻ്റെ ഉപ വകഭേദമായ ബി.എ 2.12 ഡൽ ഹിയിൽ കണ്ടെത്തിയന്ന റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും ആരോഗ്യ മന്ത്രാലയം ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,593 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 4,30,54,952 ആയി ഉയർന്നു. 44 മരണങ്ങൾ പുതിയതായി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 5,22,149 ആയി ഉയർന്നു. വിവിധ സംസ്ഥാനങ്ങളിലായി 15,873 പേരാണ് ചികിത്സയിലുള്ളത്.
രാജ്യത്തെ കോവിഡ് മുക്തിനിരക്ക് 98.75 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസ് കേസുകളുടെ എണ്ണത്തിൽ ഇന്ത്യ മറ്റൊരു കുതിച്ചു ചാട്ടത്തെ അഭിമുഖീകരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. കോവിഡിൻ്റെ നാലാം തരംഗത്തിൻ്റെ സൂചനയാണോ നിലവിൽ കോവിഡ് കേസുകളുടെ വർധനയെന്ന സംശയമാണ് വിദഗ്ധരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. പഞ്ചാബ്, ഡൽഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ മാസ്ക് നിർബന്ധമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല