1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 28, 2022

സ്വന്തം ലേഖകൻ: പെരുന്നാളിനു കേരളത്തിലേക്കുള്ള വിമാനങ്ങളിൽ സീറ്റ് കിട്ടാതായതോടെ അധിക വിമാന സർവീസ് വേണമെന്ന ആവശ്യം ശക്തം. രണ്ടു വർഷത്തെ കോവിഡ് നിയന്ത്രണത്തിനു ശേഷം സാധാരണ വിമാന സർവീസ് തുടങ്ങിയെങ്കിലും എല്ലാ വിമാന കമ്പനികളും പൂർണ തോതിൽ സർവീസ് തുടങ്ങാത്തതാണു പ്രതിസന്ധി രൂക്ഷമാക്കിയത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള സീറ്റ് വിതരണം വർധിപ്പിക്കുന്നതിൽ ഇന്ത്യ–യുഎഇ നയതന്ത്ര ഇടപെടൽ ഉണ്ടായെങ്കിലേ പ്രശ്നം പരിഹരിക്കാനാകൂ. കോവിഡ് നിയന്ത്രണം നീങ്ങിയ ശേഷം യാത്രക്കാരുടെ എണ്ണം വർധിച്ചെങ്കിലും ആനുപാതികമായി വിമാന സർവീസ് വർധിച്ചിട്ടില്ല.

ഇതോടെ ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയിലേറെ ഉയർന്നു. യുഎഇയിൽ പെരുന്നാളിന് ഒൻപതു ദിവസത്തെ അവധി പ്രയോജനപ്പെടുത്തി നാട്ടിലേക്കു പോകാൻ കൂടുതൽ പേർ തയാറായെങ്കിലും സീറ്റില്ലാത്തതു പ്രശ്നമായി.

ചില എയർലൈനുകളിൽ ചില ദിവസത്തേക്കു മാത്രം പരിമിത സീറ്റ് ഉണ്ടെങ്കിലും തൊട്ടാൽ പൊള്ളുന്ന നിരക്കാണ്.യുഎഇ–കേരള സെക്ടറിൽ വർഷത്തിൽ 70% സമയത്തും സീസൺ പോലെ തിരക്കുണ്ട്. നാട്ടിലേയും ഗൾഫിലെയും സ്കൂൾ അവധി, ഓണം, വിഷു, പെരുന്നാൾ, ക്രിസ്മസ്, പുതുവർഷം തുടങ്ങി ഓരോ ആഘോഷത്തിനും നാട്ടിലേക്കു പോകുന്നവരുണ്ട്.

ഇതിനുപുറമെ വാണിജ്യ, വ്യാപാര ആവശ്യങ്ങൾക്കും വിനോദ സഞ്ചാരത്തിനും തൊഴിലന്വേഷണത്തിനും ആയി എത്തുന്നവരും ഏറെ. പുതുതായി ജെറ്റ് എയർവേയ്സ്, ആകാശ എയർലൈനുകളും ഗൾഫ് സെക്ടർ ലക്ഷ്യം വച്ചിട്ടുണ്ട്. വിമാന കമ്പനികൾക്കെല്ലാം തൃപ്തികരമാകും വിധം ഇരുരാജ്യങ്ങളും തമ്മിൽ സീറ്റ് വർധന അടിയന്തരമായി നടപ്പാക്കണമെന്ന് വിവിധ സംഘടനാ ഭാരവാഹികളും അഭിപ്രായപ്പെട്ടു.

ഖത്തറിലാകട്ടെ സർക്കാർ മേഖലയിൽ 9 ദിവസമാണ് ഇത്തവണ ഈദ് അവധി. കോവിഡ് യാത്രാ നിയന്ത്രണങ്ങളെ തുടർന്നുള്ള രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നാട്ടിലെ കുടുംബത്തിനും ബന്ധുക്കൾക്കും ഒപ്പം ഈദ് ആഘോഷിക്കാൻ മിക്ക പ്രവാസികളും തയാറെടുക്കുന്നത്. ഇന്ത്യയും ഖത്തറും കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്കുള്ള ക്വാറന്റീൻ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നീക്കിയതോടെയാണ് കൂടുതൽ പേരും ഇത്തവണ ഈദ് ആഘോഷത്തിനായി നാട്ടിലേക്ക് പോകുന്നതും.

ഏപ്രിൽ ആദ്യ വാരം മുതൽ തന്നെ ഇന്ത്യയിലേക്കും തിരികെ ദോഹയിലേക്കുമുള്ള ടിക്കറ്റ് നിരക്ക് ഉയർന്നിരുന്നു. വിമാന നിരക്ക് ഉയരുന്നതിനിടയിലും നാട്ടിലേക്കുള്ള യാത്ര വേണ്ടെന്നുവയ്ക്കാൻ കഴിയാതെ വരുന്ന പ്രവാസിയുടെ ദൗർബല്യമാണ് ലാഭം കൊയ്യാൻ വിമാനക്കമ്പനികൾക്ക് അവസരം നൽകുന്നത്. ദോഹയിൽ നിന്ന് കേരളം, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള യാത്രാ ബുക്കിങ്ങുകളാണ് കൂടുതലും. നേരത്തെ ടിക്കറ്റ് എടുത്തവർക്ക് നിരക്ക് വർധനയിൽ നിന്ന് ചെറിയ തോതിൽ രക്ഷനേടാൻ കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യയുടെ ബജറ്റ് എയർലൈൻ ആയ ഇൻഡിഗോയും ഖത്തർ എയർവേയ്‌സും തമ്മിലുള്ള കോഡ് ഷെയറിങ് കരാർ ഒരു പരിധി വരെ യാത്രക്കാർക്ക് ഗുണകരമായി. ദോഹയിൽ നിന്ന് കേരളത്തിലേക്ക് ഇൻഡിഗോ, എയർഇന്ത്യ എക്‌സ്പ്രസ് എന്നിവയ്ക്ക് പുറമെ ഖത്തർ എയർവേയ്‌സ് മാത്രമാണ് നിലവിൽ സർവീസ് നടത്തുന്നത്. നിരക്ക് വർധന താങ്ങാനാകാതെ ഷാർജ വഴി കേരളത്തിലേക്ക് കണക്​ഷൻ വിമാനങ്ങളിൽ പോകുന്നവരും കുറവല്ല. ഈദ് സീസൺ കഴിഞ്ഞാൽ ജൂലൈ-ഓഗസ്റ്റിൽ സ്‌കൂളുകൾക്ക് മധ്യ വേനൽ അവധി തുടങ്ങുന്നതോടെ ടിക്കറ്റ് നിരക്ക് നിലവിലതിന്റെ ഇരട്ടിയാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.