അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ ജനറൽ സെക്രട്ടറി): യുക്മ ഇലക്ഷൻ തീയ്യതികൾ പ്രഖ്യാപിച്ചു. മനോജ് കുമാർ പിള്ളയുടെ നേതൃത്വത്തിലുള്ള നിലവിലുള്ള കമ്മിറ്റിയുടെ കാലാവധി പൂർത്തിയായതിനെ തുടർന്ന് കോവിഡിൻ്റെ പശ്ചാത്തലത്തിൽ ഒരു വർഷം കൂടി പിന്നിട്ട് ബർമിംങ്ങ്ഹാമിൽ 19/02/22 ന് കൂടിയ ദേശീയ ജനറൽ ബോഡി യോഗം ഇലക്ഷൻ ചുമതല ഭരണഘടന പ്രകാരം ഇലക്ഷൻ കമ്മീഷനെ തിരുമാനിക്കുകയും, ഇലക്ഷൻ നടത്തുന്നതിനായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
ഇലക്ഷൻ കമ്മീഷൻ തീരുമാനപ്രകാരം ആദ്യ ദിവസമായ മെയ് 28 ശനിയാഴ്ച യുക്മ മിഡ്ലാൻഡ്സ് റീജിയനിലും, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയനിലും ഇലക്ഷൻ നടക്കും. രാവിലെയും വൈകുന്നേരവുമായിട്ടായിരിക്കും റീജിയണുകളിലെ ഇലക്ഷൻ നടത്തുന്നത്. ജൂൺ 4 ശനിയാഴ്ച സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ് റീജിയണുകളിൽ നടക്കുന്ന ഇലക്ഷനെ തുടർന്ന് ജൂൺ 11 ന് യോർക് ഷെയർ റീജിയണിലും നോർത്ത് വെസ്റ്റ് റീജിയണിലുമാണ് നിലവിൽ ഇലക്ഷൻ തീയ്യതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് റീജിയണുകളിലെ ഇലക്ഷൻ തീയ്യതികൾ പിന്നീട് തീരുമാനിക്കുന്നതാണ്.
റീജിയൻ ഇലക്ഷൻ തീരുന്ന മുറയ്ക്ക് ദേശീയ സമിതി തിരഞ്ഞെടുപ്പ് തീയ്യതിയും പ്രഖ്യാപിക്കുന്നതാണ്. യുക്മ ഇലക്ഷൻ കമ്മീഷണർമാരായ അലക്സ് വർഗ്ഗീസ്, വർഗ്ഗീസ് ജോൺ, ബൈജു തോമസ് എന്നിവരാണ് ഇലക്ഷൻ തീയ്യതികൾ പ്രഖ്യാപിച്ചിരിക്കുന്നത്.
യുക്മയുടെ എല്ലാ റീജിയനുകളിലും തുടർന്ന് ദേശീയ തലത്തിലും പുതിയ ഭരണസമിതികൾ നിലവിൽ വരുന്നതിനുള്ള തിരഞ്ഞെടുപ്പ് പ്രക്രിയക്കാണ് തുടക്കം കുറിക്കുന്നത്. യുക്മയുടെ അംഗ അസോസിയേഷനുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനറൽ കൗൺസിൽ അംഗങ്ങൾക്കായിരിക്കും അതാതു റീജിയണുകളിലും, ദേശീയ തലത്തിലും ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടവകാശം ഉണ്ടായിരിക്കുന്നത്. യുക്മ ഇലക്ഷൻ ഏറ്റവും നീതിപൂർവ്വമായി നടത്തി പുതിയ കമ്മിറ്റികൾ നിലവിൽ വരുവാൻ എല്ലാവരുടേയും സഹായ സഹകരണങ്ങൾ യുക്മ ഇലക്ഷൻ കമ്മീഷൻ അംഗങ്ങൾ അഭ്യർത്ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല