സ്വന്തം ലേഖകൻ: ചെറുവത്തൂരിലെ ഐഡിയല്‍ ഫുഡ്‌പോയിന്റ് എന്ന സ്ഥാപനത്തില്‍ നിന്ന് കഴിച്ച ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം 49 ആയി. ഇതില്‍ മൂന്നുപേര്‍ പരിയാരം ഗവ മെഡിക്കല്‍കോളജിലെ ഐസിയുവില്‍ ചികില്‍സയിലാണ്. ഇതില്‍ ചെറുവത്തൂര്‍ സ്വദേശിനിയായ ഒരു പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. ഒരു കുട്ടിയുടെ വൃക്കയ്ക്ക് തകരാറും മറ്റ് കുട്ടിക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമുണ്ടെന്ന് ആശുപത്രി അധികൃതര്‍ സൂചിപ്പിച്ചു.
ഇവരുടെ ചികിത്സയ്ക്കായി അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തി. നാല് കുട്ടികള്‍ കണ്ണൂര്‍ മിംസ് ആശുപത്രിയിലും ചികിത്സയിലാണ്. അതേസമയം ചെറുവത്തൂരിലെ ഐഡിയല്‍ ഫുഡ്‌പോയിന്റ് എന്ന സ്ഥാപനത്തിന്റെ വാഹനങ്ങള്‍ തിങ്കളാഴ്ച കത്തിനശിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടി കഴിഞ്ഞദിവസം ഭക്ഷ്യവിഷബാധയേറ്റ് മരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള വാനും കാറും കത്തിനശിച്ച നിലയില്‍ കണ്ടെത്തിയത്.
പെണ്‍കുട്ടി മരിച്ചെന്ന വിവരം പുറത്തുവന്നതോടെ ഞായറാഴ്ച സന്ധ്യയ്ക്ക് സ്ഥാപനത്തിന് നേരേ കല്ലേറുണ്ടായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് സ്ഥാപനത്തിന്റെ വാനും കത്തിനശിച്ച നിലയില്‍ കണ്ടെത്തിയത്. വാഹനം ചന്തേര പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവം സി.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ജില്ലാപോലീസ് ചീഫ് ഡോ. വൈഭവ് സക്‌സേന മാധ്യമങ്ങളെ അറിയിച്ചു. സ്ഥാപനം സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം അന്വേഷണത്തെ കുറിച്ച് വ്യക്തമാക്കിയത്.
അക്രമത്തെ തുടര്‍ന്ന് ചെറുവത്തൂരിലെ ഐഡിയല്‍ ഫുഡ്‌പോയിന്റ് എന്ന സ്ഥാപനത്തിന് മുന്നില്‍ കനത്ത പോലീസ് കാവലാണ് ഏര്‍പെടുത്തിയിരിക്കുന്നത്. അതേസമയം ഭക്ഷ്യ വിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ രണ്ട് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. മാനേജിംഗ് പാര്‍ട്ണര്‍ മംഗളൂരു സ്വദേശി മുല്ലോളി അനെക്‌സ്ഗര്‍, ഷവര്‍മ്മ നിര്‍മിക്കുന്ന നേപ്പാള്‍ സ്വദേശി സന്ദേശ് റായ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല