സ്വന്തം ലേഖകൻ: വിജയ് ബാബുവിനെ പുറത്താക്കാന്‍ എടുത്ത തീരുമാനം മാറ്റി വിജയ് ബാബുവിന്റെ മാറി നില്ക്കല് സന്നദ്ധത അംഗീകരിക്കുന്നെന്ന ഔദ്യോഗിക പ്രസ്താവനക്കെതിരെ സംഘടനയില്‍ രൂക്ഷ തര്‍ക്കം. മാല പാര്‍വതി ഐസിയില്‍ നിന്നും രാജി വെച്ചു. അമ്മയുടെ പരാതി പരിഹാര സമിതിയില്‍ നിന്നാണ് രാജി. മാല പാര്‍വതി രാജി വച്ചതിന് പിന്നാലെ രാജിസന്നദ്ധത അറിയിച്ച് കുക്കു പരമേശ്വരനും ശ്വേതാ മേനോനും രംഗത്തെത്തി.
ഐസിസിയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നെന്ന് അറിയിച്ചു. പുറത്താക്കല്‍ തീരുമാനത്തെ ‘മാറിനില്‍ക്കലിനെ അംഗീകരിക്കല്‍’ ആക്കി മാറ്റിയെന്നും നടിമാര്‍ പറയുന്നു.നടപടി നിര്‍ദ്ദേശിക്കാന്‍ അധികാരമില്ലെങ്കില്‍ ഐസിസി എന്തിനാണ് എന്നും അമ്മയില്‍ ഐസിസി സജീവമാകുന്നതിനെ ചിലര്‍ ഭയപ്പെടുന്നു എന്നും തീരുമാനം അട്ടിമറിക്കപ്പെട്ടു എന്നും മാല പാര്‍വതി പറഞ്ഞു.
വിജയ് ബാബുവിനെ പുറത്താക്കാന്‍ മുന്‍പേ തന്നെ തീരുമാനിച്ചതാണെന്ന് ഉപാദ്ധ്യക്ഷ ശ്വേതാ മേനോന് ചൂണ്ടിക്കാട്ടി. വൈകിട്ട് ആറ് മണിക്ക് എക്സിക്യൂട്ടീവ് യോഗം ചേരുന്നതിന് തൊട്ട് മുന്‍പാണ് ‘അമ്മ’യ്ക്ക് കത്ത് ലഭിച്ചത്. ആഭ്യന്തര പരാതി പരിഹാര സമിതി ഏപ്രില്‍ 27ന് യോഗം ചേര്‍ന്നിരുന്നു. അന്ന് തന്നെ വിജയ് ബാബുവിനെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും മാറ്റണമെന്ന തീരുമാനം അമ്മയെ അറിയിച്ചതാണ്. പുതിയ ബൈലോ പ്രകാരമാണ് തീരുമാനങ്ങളെല്ലാം നടപ്പിലാക്കിയതെന്നും ശ്വേതാ മേനോന് വ്യക്തമാക്കി.
അമ്മയുടെ പത്രക്കുറിപ്പ് ‘തന്റെ പേരില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ പേരില്‍ താന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരിക്കുന്ന സംഘടനയ്ക്ക് ഒരു അവമതിപ്പ് ഉണ്ടാക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ തന്റെ നിരപരാധിത്വം തെളിയുന്നത് വരെ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും തല്ക്കാലം മാറി നില്ക്കുന്നതായി ശ്രീ. വിജയ് ബാബു സമര്‍പ്പിച്ച കത്ത് കമ്മിറ്റി ചര്‍ച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു.’ കത്തില്‍ വിജയ് ബാബു കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയെന്ന് ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചു. എന്നാല്‍ ആ കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ഇടവേള ബാബു പറഞ്ഞു.
‘അമ്മ’ ഐസിസിയിലെ വനിതാ അംഗങ്ങളില്‍ ഒരാളൊഴികെ വിജയ് ബാബുവിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ടിരുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഭൂരിപക്ഷം പേരും ഇതിനെ തുണച്ചു. പുരുഷ അംഗങ്ങളില്‍ ഏതാനും പേര് മാത്രമാണ് വിജയ് ബാബുവിന് അനൂകൂല നിലപാടെടുത്തത്. ചിലര്‍ നിലപാട് പറയാതെ നിശ്ശബ്ദത പാലിച്ചു. ബാബുരാജ് അടക്കമുള്ളവര്‍ സംഘടനയില്‍ നിന്ന് രാജി വെയ്ക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സമ്മര്‍ദ്ദം കടുത്തതോടെ പുറത്താക്കല്‍ ഒഴിവാക്കാനായി വിജയ് ബാബുവിനെ അനുകൂലിക്കുന്നവര്‍ കത്ത് അയക്കാന്‍ നടനോട് നിര്‍ദ്ദേശിച്ചെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ വിഷയത്തില്‍ അമ്മയുടെ പൊള്ളത്തരം വെളിപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല