സ്വന്തം ലേഖകൻ: മെട്രോ, ട്രാം യാത്രക്കാർ അര മണിക്കൂർ മുൻപ് സ്റ്റേഷനുകളിലെത്തണമെന്ന് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ)യുടെ നിർദേശം. പെരുന്നാൾ, വാരാന്ത്യ അവധി ദിനങ്ങളിലെ തിരക്ക് ഒഴിവാക്കാനാണിത്. പെരുന്നാൾ അവധി ദിനങ്ങളിൽ മെട്രോ, ട്രാം സ്റ്റേഷനുകളിൽ യാത്രക്കാരുടെ എണ്ണം വർധിച്ചിരിക്കുന്നു. ബോഗികൾക്കുള്ളിലും സ്റ്റേഷനകത്തും പരിസരങ്ങളിലും തിരക്ക് കൂട്ടി. മെട്രോ വഴികളിലും ഗതാഗത കുരുക്കുണ്ടായിരുന്നു. ഇത്തരം സാഹചര്യങ്ങൾ പരിഗണിച്ചാണ് യാത്ര ലക്ഷ്യം വയ്ക്കുന്നതിന്റെ അര മണിക്കൂർ മുൻപെങ്കിലും സ്റ്റേഷനുകളിലെത്താൻ ആർടിഎ അധികൃതർ പൊതുനിർദേശം പുറപ്പെടുവിച്ചത്.
ട്രെയിനുകളിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്ന കവാടങ്ങളിൽ തിരക്കുണ്ടാക്കാതെ യാത്രയിലെ അച്ചടക്കം പാലിക്കാനും അധികൃതർ അവശ്യപ്പെട്ടു. സ്വയം നിയന്ത്രിച്ചും സഹയാത്രികരെ അംഗീകരിച്ചും അവർക്ക് അവസരം നൽകിയുമായിരിക്കണം യാത്ര ചെയ്യേണ്ടത്. ഒരു സ്റ്റേഷനിൽ നിന്നും മറ്റൊരു സ്റ്റേഷനിലേക്കുള്ള ദൂരം, സമയം, നിരക്ക് എന്നീ പ്രാഥമിക കാര്യങ്ങൾ യാത്രക്കാർ അറിഞ്ഞിരിക്കണം. ഇപ്രകാരം മുൻകൂട്ടി ആസൂത്രണം ചെയ്ത് സ്റ്റേഷനുകളിൽ എത്തിയാൽ യാത്ര സുഗമമാക്കാനാകും. https://bit.ly/3wylR5T ഈ ലിങ്കിന്റെ സഹായത്തോടെ യാത്ര ക്രമീകരിക്കാനാകുമെന്നും അധികൃതർ പറഞ്ഞു.
റെഡ് നോൽ കാർഡ് ഉപയോഗിക്കുന്നവർക്ക് ഒരു മേഖലയിലേക്ക് നാലു ദിർഹമാണ് മെട്രോ യാത്രാ നിരക്ക്. ഇതര കാർഡുകൾ ഉപയോഗിക്കുന്നവർക്ക് മൂന്നു ദിർഹമാണ് നിരക്ക് നിശ്ചയിച്ചത്. റെഡ് കാർഡുമായി സമീപ രണ്ടു മേഖലകളിലേക്ക് യാത്ര ചെയ്യുന്നവർക്ക് നിരക്ക് ആറു ദിർഹമായി ഉയരും. സിൽവർ, ബ്ലൂ കാർഡുകൾ പ്രയോജനപ്പെടുത്തുന്നവർ അഞ്ചു ദിർഹമും ഗോൾഡൻ കാർഡുകൾ പത്ത് ദിർഹമും വേണ്ടിവരും.
എമിറേറ്റിലെ ജനകീയ യാത്രാ സംവിധാനമായ മെട്രോ നിയമലംഘനങ്ങൾക്ക് 100 മുതൽ 2000 ദിർഹം വരെയാണ് അധികൃതർ പിഴ നിശ്ചയിച്ചത്. യാത്രക്കാർ മെട്രോ സ്റ്റേഷനകത്തും ബോഗിക്കുള്ളിലും പാലിക്കേണ്ട യാത്രാ നിയമങ്ങൾ നിരവധിയാണ്. ഇതിൽ ഏറ്റവും ഗുരുതരമായ നിയമ ലംഘനത്തിനു 2000 ദിർഹം വരെ പിഴ ചുമത്തുമെന്ന് (ആർടിഎ) അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല