സ്വന്തം ലേഖകൻ: എച്ച്1ബി വീസയിൽ ജോലി ചെയ്യുന്നവരുടെ പങ്കാളികൾ, ഗ്രീൻ കാർഡിനായി അപേക്ഷിച്ചു കാത്തിരിക്കുന്നവർ തുടങ്ങി ഏതാനും വിഭാഗങ്ങളിൽ പെട്ട കുടിയേറ്റക്കാരുടെ കാലാവധി കഴിഞ്ഞ വർക്ക് പെർമിറ്റിന് 18 മാസം കൂടി സമയപരിധി നീട്ടി നൽകി യുഎസ് സർക്കാർ ഉത്തരവിട്ടു. ഇന്ത്യക്കാരടക്കം യുഎസിലുള്ള 4.20 ലക്ഷം കുടിയേറ്റക്കാർക്ക് പ്രയോജനം ലഭിക്കുന്ന നടപടിയാണിത്.
ഇതിൽ വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞവരും ഒരു മാസത്തിനുള്ളിൽ തീരുന്നവരുമായി 87,000 പേരാണുള്ളത്. ഇവർക്കാണ് ഇതിന്റെ ഗുണം ഉടൻ ലഭിക്കുക. കാലാവധി കഴിഞ്ഞാലും 180 ദിവസം കൂടി വർക്ക് പെർമിറ്റിനു സാധുതയുണ്ട്. 15 ലക്ഷം വർക്ക് പെർമിറ്റ് അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്.
യുഎസ്സിലെ നിലവിലെ ഇമിഗ്രേഷന്‍ നിയമങ്ങള്‍ വര്‍ഷത്തില്‍ 85,000 പുതിയ എച്ച്1ബി വിസകള്‍ അനുവദിക്കാന്‍ അനുവാദം നല്‍കുന്നുണ്ട്. കുറഞ്ഞത് ബിരുദതലം വരെ പഠിച്ചിട്ടുള്ള 65,000 പ്രഫഷണലുകളെ ഇതുവഴി യുഎസ്സിലെ കമ്പനികള്‍ക്ക് കൊണ്ടുവരാം.
ഏതെങ്കിലും യുഎസ് വിദ്യാഭ്യാസ സ്ഥാപനത്തില്‍ ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കിയ 20,000 വിദേശ പൗരന്മാരെയും ഇങ്ങനെ കൊണ്ടുവരാവുന്നതാണ്. വിദഗ്ധ തൊഴിലാളികളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനാണ് ഈ വിസ സംവിധാനം യുഎസ് കൊണ്ടു വന്നത്. യുഎസ്സിലെ കമ്പനികളെ സംബന്ധിച്ചിടത്തോളം താരതമ്യേന കുറഞ്ഞ ചെലവില്‍ വിദഗ്ധ സേവനം ലഭിക്കുന്നുവെന്നതാണ് ഗുണം.
പരമാവധി മൂന്നു വര്‍ഷത്തേക്കാണ് എച്ച്1ബി വിസകള്‍ അനുവദിക്കുക. ഇത് ആറു വര്‍ഷത്തേക്കു വരെ നീട്ടിക്കൊടുക്കാവുന്നതാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളാണ് ഈ വിസയുടെ ഗുണഭോക്താക്കളില്‍ പെടുന്നത്. ഇന്ത്യന്‍ പൗരന്മാര് എച്ച്1ബി വിസ ഉപയോഗിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്ക്കുന്നു. ഈ വിസകളുടെ ഉടമകള്‍ക്ക് യുഎസ്സില്‍ ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കാമെന്ന പ്രത്യേകത കൂടിയുണ്ട്.
അതായത്, വിസയുടെ പരമാവധി കാലാവധിയായ ആറു വര്‍ഷത്തിനപ്പുറം യുഎസ്സില്‍ സ്ഥിരമായി താമസിക്കാനായി അപേക്ഷ സമര്‍പ്പിക്കാം. ഈ ആറു വര്‍ഷക്കാലയളവില്‍ സ്ഥിരതാമസത്തിനുള്ള അനുമതി കിട്ടിയില്ലെങ്കില്‍ സ്വന്തം രാജ്യത്തേക്ക് തിരിച്ചുവന്ന് കുറഞ്ഞത് ഒരു വര്‍ഷം പിന്നിട്ടശേഷം വീണ്ടും എച്ച്1ബി വിസയ്ക്കോ എല്‍1 വിസയ്ക്കോ അപേക്ഷിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല