സ്വന്തം ലേഖകൻ: ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പെരുന്നാള്‍ അവധി ദിനങ്ങളില്‍ ഉണ്ടായ തിക്കും തിരക്കും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് എയര്‍പോര്‍ട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് ജോലി നഷ്ടമായി. ശനിയാഴ്ച അടിയന്തരമായി വിളിച്ചു ചേര്‍ത്ത ജിദ്ദ എയര്‍പോര്‍ട്ട്സ് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് യോഗമായി സിഇഒ റയ്യാന്‍ തറസോനിയെ പിരിച്ചുവിടാന്‍ തീരുമാനം കൈക്കൊണ്ടത്. പുതിയ സിഇഒയായി അയ്മന് അബൂ അബാഹിനെ യോഗം നിയമിക്കുകയും ചെയ്തു. റിയാദ് എയര്‍പോര്‍ട്ട്സ് കമ്പനിയുടെ ഡെപ്യൂട്ടി വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിരുന്ന അദ്ദേഹത്തിന്റെ 28 വര്‍ഷത്തെ പ്രവൃത്തി പരിചയം കൂടി കണക്കിലെടുത്താണ് നിയമനം.
കഴിഞ്ഞ ദിവസങ്ങളില്‍ യാത്രക്കാരുടെ തിക്കുംതിരക്കും ഉണ്ടാകുകയും വിമാന സര്‍വിസുകള്‍ താറുമാറാവുകയും ചെയ്ത സംഭവത്തിന്റെ കാരണക്കാരന്‍ എന്ന നിലയിലാണ് യോഗം സിഇഒയെ പുറത്താക്കിയത്. ഉംറ തീര്‍ഥാടനം നടക്കുന്ന വേളയില്‍, പ്രത്യേകിച്ച് ഈദ് അല്‍ ഫിത്ര് അവധി ദിനങ്ങളില്‍ ഉണ്ടായ യാത്രക്കാരുടെ തിരക്ക് വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ വിമാനത്താവളം അധികൃതര്‍ പരാജയപ്പെട്ടതായി യോഗം വിലയിരുത്തി.
സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ സൗദി ഗതാഗത വകുപ്പ് മന്ത്രി സ്വാലിഹ് അല്‍ ജാസിര്‍ നേരത്തേ ഉത്തരവിട്ടിരുന്നു. സിവില്‍ ഏവിയേഷന്‍ മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സമിതിയെ ഇതിനായി ചുമതലപ്പെടുത്താനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ വിമാനത്താവളത്തില്‍ അനുഭവപ്പെട്ട തിക്കുംതിരക്കും, അതുമൂലം വിമാന സര്‍വീസുകള്‍ താളം തെറ്റിയതും അതിനുള്ള കാരണങ്ങളുമാണ് സമിതി അന്വേഷിക്കുക. ഇത്തരമൊരു പ്രതിസന്ധി ഉണ്ടായിട്ടും അത് പരിഹരിക്കുന്നതില്‍ വന്ന വീഴ്ചയും സമിതി അന്വേഷിക്കും. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും കുറ്റമറ്റ സേവനങ്ങള്‍ വിമാനയാത്രക്കാര്‍ക്ക് ലഭ്യമാക്കാനും എന്തൊക്കെ സൗകര്യങ്ങളാണ് കൂടുതലായി ഒരുക്കേണ്ടത് എന്ന കാര്യത്തിലും സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
മലയാളികളടക്കം നിരവധി ഉംറ തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വിമാനത്താവളത്തിലുണ്ടായ അനിശ്ചിതാവസ്ഥയെ തുടര്‍ന്ന് ദുരിതത്തിലായിരുന്നു. വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ വിമാനങ്ങളുടെ സര്‍വീസുകള്‍ താളംതെറ്റിയതിനെ തുടര്‍ന്ന് ഒരു ദിവസത്തോളം വിമാനത്താവളത്തില്‍ കഴിച്ചുകൂട്ടേണ്ട സ്ഥിതിയുണ്ടായി. പ്രായമായവരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭക്ഷണം ലഭിക്കാതെയും വിശ്രമിക്കാന്‍ കഴിയാതെയും ദുരിതത്തിലാവുകയും ചെയ്തു.
ചിലര്‍ക്ക് ലഗേജുകള്‍ ഇല്ലാതെ വിമാനത്തില്‍ യാത്ര ചെയ്യേണ്ട അവസ്ഥയും ഉണ്ടായി. റമദാനു ശേഷം ഉംറ തീര്‍ഥാടകര്‍ കൂട്ടമായി നാടുകളിലേക്ക് മടങ്ങിയതും ചില വിമാനങ്ങള്‍ വൈകിയതുമാണ് പ്രതിസന്ധിയുടെ മുഖ്യ കാരണമായി വിലയിരുത്തപ്പെടുന്നത്. ബോഡിംഗ് പാസ് കിട്ടാതെയും വിമാനത്താവളത്തിന് അകത്ത് കയറാന്‍ പറ്റാതെയും പലരും പ്രയാസത്തിലായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല