സ്വന്തം ലേഖകൻ: സംഗീതസംവിധായകനും സന്തൂർ വിദഗ്ധനുമായിരുന്ന പണ്ഡിറ്റ് ശിവ്കുമാർ ശർമ( 84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. കിഡ്നി സംബന്ധമായ അസുഖങ്ങളുളള പണ്ഡിറ്റ് ശിവ്കുമാർ ശർമ കഴിഞ്ഞ ആറുമാസമായി ചികിത്സയിൽക്കഴിയുകയായിരുന്നു.
ഭോപ്പാലിൽ അടുത്തമാസം കച്ചേരി അവതരിപ്പിക്കാനിരിക്കേയാണ് അന്ത്യം സംഭവിച്ചത്. ജമ്മു കശ്മീരിൽ നിന്നുള്ള സന്തൂർ എന്ന അധികമാർക്കും അറിയാതിരുന്ന വാദ്യോപകരണത്തെ ക്ലാസിക് എന്ന വിശേഷണത്തിലേക്കെത്തിച്ചത് ശിവ്കുമാർ ശർമയായിരുന്നു. ശർമയിലൂടെയാണ് സന്തൂർ സിതാറിനും സരോദിനുമൊപ്പമെത്തിയത്.
1938 ജനുവരി 13-ന് ജമ്മുവിലാണ് ശിവ്കുമാർ ശർമയുടെ ജനനം. മികവാർന്ന പ്രകടനങ്ങളിലൂടെ സന്തൂറിനെ ഉയരങ്ങളിലെത്തിച്ച അദ്ദേഹം പിന്നീട് ബോളിവുഡ് ചിത്രങ്ങൾക്കായി ഗാനങ്ങളുമൊരുക്കി. ശാന്താറാമിന്റെ ഝനക് ഝനക് പായൽ ബജേ എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതമൊരുക്കിയാണ് സിനിമയിലേക്കുള്ള കാൽവെപ്പ്.
1967 -ൽ പുല്ലാങ്കുഴൽ പ്രതിഭ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയും ബ്രിജ് ഭൂഷൻ കാബ്രയുമായിച്ചേർന്ന് ശിവ്കുമാർ ശർമ പുറത്തിറക്കിയ കോൾ ഓഫ് ദ വാലി എന്ന സംഗീത ആൽബം ഇന്ത്യൻ ശാസ്ത്രീയസംഗീത രംഗത്തെ ഏറ്റവും മികച്ച വിജയങ്ങളിൽ ഒന്നായിത്തീർന്നു. ഹരിപ്രസാദ് ചൗരസ്യക്കൊപ്പം സിൽസില, ലംഹേ, ചാന്ദ്നി തുടങ്ങിയ ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതമൊരുക്കി. ഇവർ രണ്ടുപേരും ചേർന്നുള്ള കൂട്ടായ്മ ‘ശിവ-ഹരി’ എന്ന പേരിലാണ് അറിയപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല