യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ നില നില്‍ക്കുന്ന സംഘര്‍ഷങ്ങല്‍ക്കെല്ലാം കാരണം സാമ്പത്തികമായിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിലായത് മുതല്‍ പരസ്പരം പഴിചാരിയും യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ടു പോകാനുമുള്ള ശ്രമങ്ങള്‍ രാജ്യങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുമുണ്ട്. എന്തായാലും ഒരുവിധം യൂറോസണ്‍ പ്രതിസന്ധി പരിഹരിക്കാനുള്ള രക്ഷാപദ്ധതിക്കു യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ തമ്മില്‍ ധാരണയായി. ഗ്രീസിനു രണ്ടാം രക്ഷാപദ്ധതി. ഗ്രീക്ക് സര്‍ക്കാരിന്‍റെ ബോണ്ടുകളില്‍ അമ്പതു ശതമാനം നഷ്ടം സഹിക്കാന്‍ സ്വകാര്യ ബാങ്കുകളും ഇന്‍ഷ്വറന്‍സ് സ്ഥാപനങ്ങളും സമ്മതിച്ചു. ഗ്രീസിന്‍റെ വായ്പാഭാരം പകുതിയായി കുറയ്ക്കുകയാണു ലക്ഷ്യം. രണ്ടുവര്‍ഷം നീണ്ട യൂറോസോണ്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഇതു സഹായകമാവുമെന്നു വിലയിരുത്തല്‍.
യൂറോപ്യന്‍ ബാങ്കുകള്‍ക്കു ധനസഹായം നല്‍കാനും നേതാക്കള്‍ തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ട്. 44,000 കോടി യൂറോയുടെ യൂറോപ്യന്‍ ധനസ്ഥിരതാഫണ്ട് വര്‍ധിപ്പിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. അയര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇപ്പോള്‍ത്തന്നെ ഫണ്ട് ഉപയോഗിക്കുന്നുണ്ട് എന്നിരിക്കെ ഇനി ഇറ്റലിക്കും സ്പെയ്നും ഫണ്ട് വിനിയോഗിക്കാനാവും. അതേസമയം യൂറോസോണ്‍ പ്രതിസന്ധിക്കു പരിഹാരം എന്ന റിപ്പോര്‍ട്ടുകള്‍ ആഗോള വ്യാപകമായി ഓഹരി വിപണിയെ ഉണര്‍ത്തി. ഇതേതുടര്‍ന്ന് ആഗോള ഓഹരി വില രണ്ടു മാസത്തെ ഉയര്‍ന്ന നിലയില്‍ എത്തുകയും ചെയ്തു. യൂറോവില കുത്തനെ ഉയരുകയും, ക്രൂഡ് ഓയില്‍ വിലയിലും സ്വര്‍ണ വിലയിലും ഇതിന്റെ പ്രതിഫലനം കാണാനുമായി.
ബാങ്കര്‍മാരും യൂറോപ്യന്‍ യൂണിയനിലെ ഭരണ നേതാക്കളും കേന്ദ്ര ബാങ്ക് മേധാവികളും ഐഎംഎഫ് പ്രതിനിധികളും തമ്മില്‍ എട്ടു മണിക്കൂറിലേറെ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണു തീരുമാനമുണ്ടായത്. യൂറോപ്പിനെ മുഴുവന്‍ ബാധിച്ച പ്രശ്നങ്ങള്‍ തീരാന്‍ ഗ്രീസിനു സഹായം, ബാങ്കുകള്‍ക്കു ഫണ്ട് തുടങ്ങിയ കാര്യങ്ങളില്‍ ധാരണ അനിവാര്യമായിരുന്നു. ഇതേച്ചൊല്ലിയുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ചതായി ബന്ധപ്പെട്ടവര്‍. ഗ്രീക്ക് ബോണ്ടുകളില്‍ വന്‍ നഷ്ടം സഹിക്കാന്‍ ബാങ്കുകള്‍ ആദ്യം തയാറല്ലായിരുന്നു. ജിഡിപിയുടെ 160 ശതമാനമാണ് ഇപ്പോള്‍ ഗ്രീസിന്‍റെ വായ്പാഭാരം. ഇത് 2020ഓടെ 120 ശതമാനമായി കുറയ്ക്കുകയാണു ലക്ഷ്യം.
സ്വകാര്യ ബാങ്കുകളുമായുള്ള ധാരണപ്രകാരം ബോണ്ടുകളില്‍ ഇളവ് അനുവദിക്കുമ്പോള്‍ ഗ്രീസിന്‍റെ വായ്പാഭാരം 100 ബില്യന്‍ യൂറോ കുറയുമെന്നാണു വിലയിരുത്തല്‍. അതേസമയം, സ്വകാര്യ ബാങ്കുകള്‍ക്ക് യൂറോസോണ്‍ 30 ബില്യന്‍ യൂറോയുടെ ധനസഹായം നല്‍കും. പാക്കെജ് സംബന്ധിച്ച ചര്‍ച്ചകള്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കാനാണു പദ്ധതി. അതിനു പിന്നാലെ ഗ്രീസിനു രക്ഷാപദ്ധതിയുടെ ആനുകൂല്യം കിട്ടും. നേരത്തേ അനുവദിച്ച ഒന്നാം രക്ഷാപദ്ധതിക്കു പിന്നാലെയാണിത്.
യൂറോസോണിനു പുറത്തും ആശ്വാസം പകരുന്നതാണു 130 ബില്യന്‍ യൂറോയുടെ പാക്കെജ് എന്ന് ഫ്രഞ്ച് പ്രസിഡന്‍റ് നിക്കൊളാസ് സര്‍ക്കോസിയും ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ജല മെര്‍ക്കലും. ഐഎംഎഫ് ചീഫ് ക്രിസ്റ്റീനെ ലഗാര്‍ഡ് ധാരണയെ സ്വാഗതം ചെയ്തു. എന്നാല്‍, ഈ ധാരണകള്‍ യാഥാര്‍ഥ്യമാവണമെങ്കില്‍ ഏറെ കഠിനപ്രയത്നം വേണമെന്ന് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ചീഫ് ഷീന്‍-ക്ലോഡ് ട്രിച്ചെറ്റ്. സ്വകാര്യ ബാങ്കുകളും യൂറോസോണ്‍ നേതാക്കളും തമ്മിലുള്ള ധാരണ നടപ്പാവുകയാണ് ഏറ്റവും ദുര്‍ഘടമെന്നും ട്രിച്ചെറ്റ്. ഗ്രീസിനു പുതിയ കാലഘട്ടമെന്നായിരുന്നു പ്രധാനമന്ത്രി ജോര്‍ജ് പാപ്പെന്‍ഡ്രൂവിന്‍റെ പ്രതികരണം. ചൈനയും ജപ്പാനും അടക്കമുള്ള ലോക രാജ്യങ്ങള്‍ ധാരണയെ സ്വാഗതം ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല