
സ്വന്തം ലേഖകൻ: ലേബറിനെ സമ്മര്‍ദ്ദത്തിലാഴ്ത്തിയ ‘ബിയര്‍ഗേറ്റ്’ വിവാദത്തില്‍ ഒടുവില്‍ കടുത്ത തീരുമാനവുമായി പ്രതിപക്ഷ നേതാവ് കീര്‍ സ്റ്റാര്‍മര്‍. ബിയര്‍ഗേറ്റ് വിവാദത്തില്‍ പിഴ ശിക്ഷ ലഭിച്ചാല്‍ നേതൃസ്ഥാനം രാജിവെയ്ക്കുമെന്ന് കീര്‍ സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചു. സഹായികള്‍ക്കൊപ്പം ലോക്ക്ഡൗണ്‍ സമയത്ത് ബിയര്‍ കുടിച്ചതിന്റെ പേരില്‍ ഡുര്‍ഹാം കോണ്‍സ്റ്റാബുലറി പിഴ ഈടാക്കിയാല്‍ ‘ശരിയായ കാര്യം ചെയ്യുമെന്നും, നേതൃസ്ഥാനം രാജിവെയ്ക്കുമെന്നാണ്’, ലേബര്‍ നേതാവിന്റെ പ്രഖ്യാപനം.
ബിയര്‍ഗേറ്റില്‍ തന്റെ ഇടപെടല്‍ തെളിഞ്ഞ് ഫൈന്‍ ലഭിച്ചാല്‍ രാജിവെയ്ക്കുമെന്ന് ഡെപ്യൂട്ടി നേതാവ് ആഞ്ചെല റെയ്‌നറും വ്യക്തമാക്കിയിട്ടുണ്ട്. ഇന്‍ഡോര്‍ സോഷ്യലൈസിംഗ് വിലക്കിയിരുന്ന കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 30ന് ഡുര്‍ഹാമിലെ ബിയര്‍ഗേറ്റ് പരിപാടിയാണ് വിവാദത്തിന് ഇടയാക്കിയത്.
ഉപദേശകരുമായി പ്രതിസന്ധി ചര്‍ച്ചകള്‍ നടത്തിയ ശേഷം നടത്തിയ പ്രസ്താവനയില്‍ ‘നിയമം തെറ്റിച്ചില്ലെന്നാണ്’ കീര്‍ സ്റ്റാര്‍മര്‍ ഇപ്പോഴും വാദിക്കുന്നത്. തനിക്കെതിരായ വാദങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും സ്റ്റാര്‍മര്‍ അവകാശപ്പെട്ടു. തനിക്കെതിരെ ഫിക്‌സഡ് പെനാല്‍റ്റി നോട്ടീസ് ചുമത്തിയാല്‍ രാജിവെയ്ക്കുമെന്നാണ് മുന്‍ പബ്ലിക് പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ വ്യക്തമാക്കുന്നത്.
അതേസമയം, ബിയര്‍ഗേറ്റ് സംബന്ധിച്ച കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കീര്‍ സ്റ്റാര്‍മര്‍ തയ്യാറായില്ല. പാര്‍ട്ടിഗേറ്റില്‍ ബോറിസ് ജോണ്‍സണ്‍ രാജിവെയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചതാണ് ലേബര്‍ നേതാവിനു തിരിച്ചടിയായത്.
എന്നാല്‍ ഇത് പോലീസിനെ സമ്മര്‍ദത്തിലാക്കാനുള്ള തന്ത്രമാണ് സ്റ്റാര്‍മറുടെ പ്രഖ്യാപനമെന്നാണ് എതിരാളികളുടെ വിമര്‍ശനം. പിഴ ശിക്ഷ ഈടാക്കിയാല്‍ ഔദ്യോഗിക പ്രതിപക്ഷത്തിന്റെ അടിതെറ്റിക്കുന്നതിലേക്ക് വഴിതുറക്കുമെന്ന് പോലീസിനെ ഓര്‍മ്മിപ്പിക്കുകയാണ് കീര്‍ സ്റ്റാര്‍മറുടെ കുതന്ത്രമെന്ന് എതിരാളികള്‍ ആരോപിക്കുന്നു. ഇങ്ങനെ സംഭവിച്ചാല്‍ ലേബറിന് പുതിയ നേതൃത്വത്തെ തിരയേണ്ടി വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല