![](https://www.nrimalayalee.com/wp-content/uploads/2022/05/Qatar-Desert-Rescue-999-Hotline.jpg)
സ്വന്തം ലേഖകൻ: കടൽ വെള്ളത്തിലും മരുഭൂമിയിലെ മണലിലും താഴ്ന്നു പോകുന്ന വാഹനങ്ങളും ബോട്ടുകളും ഉയർത്താൻ ഖത്തർ രക്ഷാസംഘത്തിന്റെ (അൽ ബെയ്റാക്ക്) സഹായം തേടാം. തികച്ചും സൗജന്യ സേവനമാണ് അൽ ബെയ്റാക്ക് നൽകുന്നത്. ടീമിന്റെ സേവനത്തിനായി നാഷനൽ കമാൻഡ് സെന്ററിന്റെ കൺട്രോൾ റൂമിലേയ്ക്ക് 999 എന്ന നമ്പറിൽ സഹായം തേടാമെന്ന് ടീം ഫൗണ്ടർ നാസർ സാദ് അൽകാബി വ്യക്തമാക്കി.
സഹായം തേടി കൺട്രോൾ റൂമിലെത്തുന്ന ഫോൺ കോളുകൾ അപകട സ്ഥലത്തെ സമീപ പൊലീസ് സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ ചെയ്യും. ആ പൊലീസ് സ്റ്റേഷനിൽനിന്നാണ് സഹായം തേടി വിളിക്കുന്നവർക്ക് അൽ ബെയ്റാക്ക് ടീമിന്റെ നമ്പർ നൽകുക. കോൾ എത്തിയാലുടൻ ടീം അംഗങ്ങൾ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തും.
ഈദ് അവധി ദിവസങ്ങളിൽ സഹായം തേടി വിളിച്ചവരിൽ കൂടുതലും കുടുംബങ്ങളാണെന്ന് അൽകാബി വ്യക്തമാക്കി. 2013ൽ 7 അംഗങ്ങളുമായി തുടക്കമിട്ട അൽ ബെയ്റാക്കിന് ഇന്ന് രാജ്യത്തുടനീളം 160 വൊളന്റിയർമാരുണ്ട്.
യുവാക്കൾ, ഡോക്ടർമാർ, ഡൈവിങ് പരിശീലകർ, പ്രഫഷനലുകൾ തുടങ്ങി വിവിധ മേഖലകളിലുള്ളവരാണ് വൊളന്റിയർ ടീമിലുള്ളത്. സിവിൽ ഡിഫൻസ്, ഗതാഗത ജനറൽ ഡയറക്ടറേറ്റ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് വൊളന്റിയർമാർക്ക് രക്ഷാപ്രവർത്തനങ്ങളെക്കുറിച്ചും ഗതാഗത ചട്ടങ്ങളെക്കുറിച്ചും വിദ്യാഭ്യാസം നൽകുന്നത്.
സാമ്പത്തിക ലക്ഷ്യമില്ലാതെ പൂർണമായും സൗജന്യ സേവനം നൽകാൻ താൽപര്യമുള്ള ഏതു സ്ഥാപനങ്ങൾക്കും ഖത്തറിലെ പ്രവാസികൾക്കും ടീമിൽ അംഗമാകാമെന്നും അൽകാബി വ്യക്തമാക്കി. ഖത്തർ ടെലിവിഷന്‍ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല