മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാളും ജപമാല സമാപനവും മതബോധനവാര്‍ഷികവും സംയുക്തമായി ഒക്ടോബര്‍ 30-ന് നടക്കും. വിഥിന്‍ഷോ സെന്റ് ആന്റണീസ് സ്‌കൂള്‍ ഓഡിറ്റോറിയത്തിലെ പ്രത്യേകം തയ്യാര്‍ ചെയ്ത അള്‍ത്താരയില്‍ ഉച്ചകഴിഞ്ഞ് 2.30ന് വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള നൊവേന തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കമാവും.
ഫാ.പോള്‍ പൂവത്തിങ്കല്‍ തിരുകര്‍മ്മങ്ങളില്‍ മുഖ്യകാര്‍മ്മികനാകും. തുടര്‍ന്ന് ആഘോഷപൂര്‍വ്വമായ തിരുനാള്‍ കുര്‍ബാനയും ജപമാലസമാപനവും വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും നടക്കും. ഇതേത്തുടര്‍ന്ന് സണ്‍ഡേ സ്‌കൂളിന്റെയും ഭക്തസംഘടനകളുടെയും വാര്‍ഷിക ആഘോഷപരിപാടികള്‍ക്ക് തുടക്കമാവും. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാവിരുന്നുകള്‍ വേദിയില്‍ അവതരിപ്പിക്കപ്പെടും.
മികച്ച വിജയം കരസ്ഥമാക്കിയവര്‍ക്കുള്ള അവാര്‍ഡുകള്‍ തഥവസരത്തില്‍ വിതരണം ചെയ്യും. പൂവത്തിങ്കല്‍ അവതരിപ്പിക്കുന്ന ലൈവ് ഓര്‍ക്കസ്ട്ര പരിപാടിയുടെ മറ്റൊരു പ്രത്യേകതയാണ്. തിരുന്നാള്‍ ദിനത്തില്‍ അടിമവെയ്ക്കുന്നതിനും കഴുന്ന് എടുക്കുന്നതിനും ഭക്തര്‍ക്ക് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഈ മാസം ഒന്ന് മുതല്‍ ഇരുപതാം തിയതി വരെ മാഞ്ചസ്റ്ററിലെ വിവിധഭവനങ്ങളിലായി നടന്ന് വന്ന ജപമാല ആചരണം 21 മുതല്‍ 29 വരെ സെന്റ് എലിസബത്ത് പള്ളിയിലും ഭക്ത്യാദരപൂര്‍വ്വം ആചരിച്ച് വരികയാണ്.
മരിയഭക്തിയുടെ പരസ്യപ്രഘോഷണമായ ജപമാല ആചരണത്തില്‍ നൂറുക്കണക്കിന് വിശ്വാസികളാണ് പങ്കുകൊള്ളുന്നത്. കരിമരുന്ന് കലാപ്രകടനത്തോടെ തിരുനാള്‍ ആഘോഷപരിപാടികള്‍ സമാപിക്കും. തിരുനാള്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ തേടുവാന്‍ ഏവരെയും ഷ്രൂഷ്ബറി രൂപതാ ചാപ്ലയിന്‍ ഫാ.സജി മലയില്‍ പുത്തന്‍പുര സ്വാഗതം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല