സ്വന്തം ലേഖകൻ: കുവൈത്തിൽ ഗാർഹിക തൊഴിലാളികൾക്ക് ഭക്ഷണവും വസ്ത്രവും നൽകേണ്ടത് സ്പോൺസറുടെ ഉത്തരവാദിത്തമാണെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. തൊഴിലാളിയുടെ ശമ്പളം, ആനുകൂല്യം എന്നിവ കുറയ്ക്കാൻ പാടില്ലെന്നും പരിഷ്ക്കരിച്ച ഗാർഹിക തൊഴിൽ നിയമത്തിൽ പറയുന്നു.
ശമ്പളം ഓരോ മാസവും ഏഴാം തീയതി നൽകിയിരിക്കണം. വൈകുന്ന ഓരോ മാസത്തിനും 10 ദിനാർ അധികം നൽകണം. 11 മാസം ജോലി ചെയ്തയാൾക്ക് ശമ്പളത്തോടുകൂടി 30 ദിവസത്തെ അവധി നൽകണം.
ആഴ്ചയിൽ ഒരു ദിവസം അവധി, ദിവസത്തെ ഓവർടൈം 2 മണിക്കൂറിൽ കൂടാൻ പാടില്ല, ഓവർ ടൈമിന് അര ദിവസത്തെ വേതനം എന്നിവയാണ് മറ്റു നിർദേശങ്ങൾ. തൊഴിലുടമയുടെ മരണം, ദമ്പതികളുടെ വിവാഹമോചനം, തൊഴിലുടമയുടെ ജോലി നഷ്ടപ്പെടൽ, ലൈംഗിക പീഡനം, മോശമായ പെരുമാറ്റം തുടങ്ങിയ സന്ദർഭങ്ങളിൽ ഗാർഹിക തൊഴിലാളിയുടെ സ്പോൺസർഷിപ്മാറ്റാൻ അനുവദിക്കും.
തൊഴിൽ തർക്ക പരാതിക്കുശേഷം വീട്ടുജോലിക്കാർ ഒളിച്ചോടിയതായി പരാതി നൽകുന്നതും വിലക്കി. പരാതി രമ്യമായി പരിഹരിച്ചില്ലെങ്കിൽ കോടതിയിലേക്കു മാറ്റുമെന്നും വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല