സ്വന്തം ലേഖകൻ: വൈദ്യ പരിശോധനാ നടപടികളില്‍ ആരോഗ്യമന്ത്രാലയത്തെ സഹായിക്കാന്‍ സന്നദ്ധത അറിയിച്ച് കുവൈത്തിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ ദമാന്‍. വിസാനടപടികളുടെ ഭാഗമായി വിദേശ തൊഴിലാളികളുടെ വൈദ്യപരിശോധന നടത്താന്‍ തയ്യാറാണെന്ന് ദമാന്‍ ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചു.
ഹവല്ലി, ഫര്‍വാനിയ, ദജീജ് എന്നിവിടങ്ങളിലുള്ള ദമാന്‍ സെന്ററുകളില്‍ വൈദ്യ പരിശോധനാ സൗകര്യമൊരുക്കാമെന്നാണ് കമ്പനി അറിയിച്ചത്. വിദേശികളുടെ ചികിത്സയ്ക്കായി ഗവണ്മെന്റ് മേല്‍നോട്ടത്തില്‍ സ്ഥാപിതമായ ഇന്‍ഷുറന്‍സ് കമ്പനിയാണ് ദമാന്‍. മെഡിക്കല്‍ ടെസ്റ്റ് സെന്ററുകളിലെ തിരക്ക് വര്‍ധിച്ചത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.
തുടർന്ന് ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സയീദും അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ രിദയും പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. മുഹമ്മദ് അൽ സഈദാനും കേന്ദ്രം സന്ദർശിക്കുകയും പ്രവർത്തന സമയം വർധിപ്പിക്കാൻ നിർദേശം നൽകുകയും ചെയ്തു. ഗാർഹികത്തൊഴിലാളികൾക്ക് രാവിലെ 7.30 മുതൽ ഉച്ചക്ക് ഒന്നുവരെയും മറ്റു തൊഴിലാളികൾക്ക് ഉച്ചക്ക് ഒന്നുമുതൽ രാത്രി എട്ടുവരെയുമായി സന്ദർശന സമയം പരിഷ്കരിച്ചിട്ടുണ്ട്.
രാവിലെ എട്ടുമുതൽ ഉച്ചക്ക് ഒന്നുവരെയും ഉച്ചക്ക് ഒന്നുമുതൽ വൈകീട്ട് അഞ്ച് വരെയുമായിരുന്നു നേരത്തെയുള്ള ഷിഫ്റ്റ്. പ്രവർത്തന സമയം വർധിപ്പിച്ചിട്ടും തിരക്ക് തുടരുകയാണ്. സന്ദർശകർ മണിക്കൂറുകൾ കാത്തുനിൽക്കേണ്ട സ്ഥിതിയാണ്. അതേസമയം, നേരത്തെയുള്ളതിൽനിന്ന് തിരക്ക് അൽപം കുറഞ്ഞിട്ടുണ്ട്. പുറത്ത് വെയിലത്ത് ദീർഘനേരം വരിനിൽക്കേണ്ട അവസ്ഥയായിരുന്നു നേരത്തെ ഉണ്ടായിരുന്നത്.
കനത്ത തിരക്ക് മൂലം സന്ദർശകർ പ്രയാസപ്പെടുന്നതായ വാർത്തകളുടെ പശ്ചാത്തലത്തിലാണ് സൗകര്യങ്ങൾ വിലയിരുത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ മന്ത്രാലയം അധികൃതർ സന്ദർശനം നടത്തിയത്. ജീവനക്കാരുടെ കുറവാണ് തിരക്കിന് കാരണമെന്നാണ് റിപ്പോർട്ട്. വേനൽ കാലം പരിഗണിച്ചു ആവശ്യമായ ശീതീകരണ സംവിധാനങ്ങളോട് കൂടിയ കാത്തിരിപ്പ് മുറികൾ സജ്ജീകരിക്കുമെന്നും ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല