സ്വന്തം ലേഖകൻ: മണൽക്കാറ്റ് മധ്യപൂർവദേശത്തെ ശക്തമായി ബാധിച്ചു. യുഎഇ, സൗദി, കുവൈത്ത്, ഇറാഖ് എന്നീ രാജ്യങ്ങളിലാണ് മണൽക്കാറ്റ് ഏറ്റവും രൂക്ഷമായത്. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മണൽക്കാറ്റ് വീശിയടിച്ചു. അബുദാബിയിലെ ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച 100 മീറ്ററിൽ താഴെയായി കുറഞ്ഞു. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.
ഇന്ന് (ചൊവ്വ) രാവിലെ അൽ ഹംറയിലും (അൽ ദഫ്റ), ഉമ്മുൽ ഷെയ്ഫ് ദ്വീപിലും ശക്തമായ പൊടിപടലങ്ങൾ നിറഞ്ഞത് ദൃശ്യപരത 100 മീറ്ററിൽ താഴെയായി. ദൽമ ദ്വീപിൽ ദൂരക്കാഴ്ച 500 മീറ്ററിൽ താഴെയായി കുറഞ്ഞു.
സൗദി അറേബ്യയിൽ വീശിയടിച്ച ശേഷം അറേബ്യൻ ഗൾഫിൽ വീശിയടിക്കുന്ന മണൽക്കാറ്റ് ഇന്ന് യുഎഇയുടെ പടിഞ്ഞാറൻ ഭാഗത്തേക്ക് എത്തുമെന്ന് എൻസിഎം ഇന്നലെ രാത്രി അറിയിച്ചിരുന്നു. ചൊവ്വാഴ്ച, സോഷ്യൽ മീഡിയ ഹാൻഡിൽ സ്റ്റോം സെന്റർ പൊടിയുടെ ചലനം കാണിക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. യുഎഇയിൽ ശക്തമായ പൊടി നിറഞ്ഞ കാലാവസ്ഥയും, കുറച്ച് ദിവസങ്ങളിൽ താപനില കുറയുമെന്നും കാലാവസ്ഥ കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. കാറ്റിന്റെ വേഗം മണിക്കൂറിൽ 45 കിലോമീറ്ററിലെത്തുമെന്നും ഇത് ദൃശ്യപരതയെ ബാധിക്കുമെന്നും അറിയിച്ചു.
മധ്യപൂർവദേശത്തെ വിവിധ രാജ്യങ്ങളെ മണൽക്കാറ്റ് ബാധിച്ചു, കുവൈത്തിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടു. ഇറാഖിൽ കനത്ത മണൽക്കാറ്റ് വീശിയതിനെ തുടർന്ന് ചിലയിടങ്ങളിൽ സ്കൂളുകളും ഓഫിസുകളും അടച്ചിടുകയും ബാഗ്ദാദ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കുകയും ചെയ്തു. സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല