സ്വന്തം ലേഖകൻ: സമുദായ സ്പര്‍ധയും വിദ്വേഷവും പടര്‍ത്തുന്ന പ്രസംഗം നടത്തിയെന്ന കേസില്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് മുന്‍ എം.എല്‍.എ പി.സി ജോര്‍ജ് പോലീസ് കസ്റ്റഡിയില്‍. അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലെ ജോര്‍ജിന്റെ വിവാദ പരാമര്‍ശത്തിലാണ് നടപടി. കേസില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ചിരുന്നുവെങ്കിലും പാലാരിവട്ടത്ത് വീണ്ടും സമാനമായ രീതിയില്‍ വിദ്വേഷ പ്രസംഗം നടത്തി.
തുടര്‍ന്ന് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് നല്കിയ ഹരജി പരിഗണിച്ചായിരുന്നു മജിസ്ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കുകയും ജോര്‍ജിന്റെ അറസ്റ്റിന് വഴിയൊരുങ്ങുകയും ചെയ്തത്. പോലീസ് കസ്റ്റഡിയിലെടുത്ത ജോര്‍ജിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ഇതിനിടെ ജോര്‍ജിനെ പിന്തുണച്ച് ബി.ജെ.പിയും പ്രതിരോധിച്ച് പിഡിപിയും രംഗത്തെത്തിയതോടെ വന്‍ സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുള്ളത്.
പാലാരിവട്ടം പ്രസംഗം അനന്തപുരി പ്രസംഗത്തിന്റെ തുടര്‍ച്ചയാണെന്ന് കോടതി നിരീക്ഷിച്ചു. സമാനകുറ്റം ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞത് കൊണ്ടായിരുന്നു ജാമ്യം അനുവദിച്ചത്. എന്നാല്‍ പത്ത് ദിവസത്തിനകം ജാമ്യ വ്യവസ്ഥ ലംഘിച്ചു. കോടതി നല്കിയ ആനുകൂല്യം പ്രതി ദുരുപയോഗം ചെയ്തുവെന്നും കോടതി ചൂണ്ടിക്കാട്ടി.
സമുദായ സ്പര്‍ധയും വിദ്വേഷവും പടര്‍ത്തുന്ന പ്രസംഗം നടത്തിയെന്ന് കുറ്റം ചുമത്തിയായിരുന്നു മുന്‍.എം.എല്‍.എ പിസി ജോര്‍ജിനെതിരേ ആദ്യം തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് ജോര്‍ജിനെതിരേ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. സമൂഹ മാധ്യമങ്ങളിലൂടെ പ്രസംഗം വ്യാപകമായി പ്രചരിച്ചതോടെ പോലീസ് മേധാവി അനില്‍ കാന്ത് ജോര്‍ജിനെതിരേ കേസെടുക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
ജാമ്യമില്ലാ കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയിരുന്നതെങ്കിലും മെയ് ഒന്നിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാല്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും പറഞ്ഞ് പി.സി വീണ്ടും രംഗത്ത് വന്നതോടെയാണ് കാര്യങ്ങള്‍ മാറി മറിയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല