സ്വന്തം ലേഖകൻ: തിരുവനന്തപുരത്തു നടത്തിയ മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിനു ജാമ്യം. സംസ്ഥാന സർക്കാർ എതിർത്തെങ്കിലും കർശന ഉപാധികളോടെ ഹൈക്കോടതിയാണ് പി.സി.ജോർജിന് ജാമ്യം അനുവദിച്ചത്. എറണാകുളം വെണ്ണലയിലെ ക്ഷേത്രത്തിൽ നടത്തിയ മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യവും അനുവദിച്ചതോടെ പൂജപ്പുര സെൻട്രൽ ജയിലിലുള്ള പി.സി.ജോർജിന് പുറത്തിറങ്ങാൻ വഴിയൊരുങ്ങി.
ജോർജിനെ തുടർച്ചയായി കസ്റ്റഡിയിൽ പാർപ്പിക്കേണ്ട സാഹചര്യമില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. 33 വർഷം നിയമസഭാ സാമാജികനായിരുന്നു എന്നതും 72 വയസുണ്ട് എന്ന ഹർജിക്കാരന്റെ അപേക്ഷയും കോടതി കണക്കിലെടുത്തു. ഇതു സംബന്ധിച്ചു പരസ്യ പ്രസ്താവനകൾ നടത്തരുത്, വിദ്വേഷ പ്രസംഗം ആവർത്തിക്കരുത്, അന്വേഷണവുമായി സഹകരിക്കണം, ശാസ്ത്രീയ പരിശോധനകൾക്കു വിധേയനാകണം തുടങ്ങിയ ജാമ്യ വ്യവസ്ഥകളാണ് കോടതി വച്ചിരിക്കുന്നത്. ജാമ്യ വ്യവസ്ഥ ലംഘിക്കുന്ന സാഹചര്യമുണ്ടായാൽ പ്രോസിക്യൂഷനു കോടതിയെ സമീപിക്കാം എന്നും അറിയിച്ചിട്ടുണ്ട്.
വെണ്ണല മതവിദ്വേഷ പ്രസംഗക്കേസിലെ മുൻകൂർ ജാമ്യം ജസ്റ്റിസ് പി.ഗോപിനാഥിന്റെ ബെഞ്ചും തിരുവനന്തപുരം കേസിലെ ജാമ്യം റദ്ദാക്കിയതിനെതിരായ അപ്പീൽ ഹർജി ജസ്റ്റിസ് സിയാദ് റഹ്മാനുമാണ് പരിഗണിച്ചത്. കൊച്ചി വെണ്ണല പ്രസംഗത്തില്‍ ജോര്‍ജിന് അനുവദിച്ചിട്ടുള്ള ഇടക്കാല ജാമ്യം ഇന്ന് അവസാനിച്ചിരുന്നു. കിഴക്കേക്കോട്ടയിൽ മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ടേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പി.സി.ജോര്‍ജ് ഇന്നു തന്നെ പുറത്തിറങ്ങിയേക്കും.
തിരുവനന്തപുരത്ത് മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ മജിസ്ട്രേട്ട് കോടതി ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് അറസ്റ്റിലായ പി.സി.ജോർജിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലെ ആശുപത്രി സെല്ലിലാണ് പി.സി.ജോർജിനെ പാർപ്പിച്ചിരിക്കുന്നത്. ആർ. ബാലകൃഷ്ണപ്പിള്ള, എം.വി. ജയരാജൻ, മുൻ ഐജി കെ. ലക്ഷ്മണ എന്നിവരെ പാർപ്പിച്ച ആശുപത്രി ബ്ലോക്കിലെ ഡി മുറിയിലാണ് ജോർജിനെയും പാർപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല