സ്വന്തം ലേഖകൻ: മുംബൈ ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യന് ഖാന് ക്ലീന്‍ചിറ്റ്. ആര്യന് ഖാനില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയിട്ടില്ലെന്നും കുറ്റം ചുമത്താന്‍ തെളിവില്ലെന്നും നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രത്തില്‍ വ്യക്തമാക്കി.
ഷാരൂഖ് ഖാന് ആശ്വാസമായി എന്നാണ് ആര്യന് ഖാനു വേണ്ടി ഹാജരായ അഭിഭാഷകന് മുകുള്‍ റോത്തഗി പറഞ്ഞത്. ആത്യന്തികമായി സത്യം ജയിച്ചു. ആര്യനെതിരെ കുറ്റം ചുമത്താനോ അറസ്റ്റ് ചെയ്യാനോ ഒരു തെളിവുമില്ലായിരുന്നു. ആര്യനില്‍ നിന്ന് മയക്കുമരുന്നുകളൊന്നും കണ്ടെത്തിയില്ല. തെറ്റ് സമ്മതിച്ചുകൊണ്ട് എൻ.സി.ബി പ്രൊഫഷണലായി പ്രവർത്തിച്ചതിൽ സന്തോഷമുണ്ടെന്നും മുകുള്‍ റോത്തഗി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് നാര്‍കോടിക്സ് കണ്ട്രോള് ബ്യൂറോ ആര്യന് ഖാന് ഉള്‍പ്പടെയുള്ളവരെ മുംബൈ തീരത്തു നിന്ന് പുറപ്പെട്ട കോര്‍ഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. കപ്പലില്‍ ലഹരിപ്പാര്‍ട്ടി നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് എന്ന് എന്‍.സി.ബി അറിയിച്ചു. ആര്യൻ ഖാൻ 22 ദിവസം ജയിലില്‍ കിടന്നു. നടപടിക്രമങ്ങള്‍ പാലിച്ചല്ല റെയ്ഡ് നടന്നതെന്ന് ആരോപണം ഉയര്‍ന്നതോടെ സമീര്‍ വാങ്കഡെ എന്ന എന്‍.സി.ബി ഉദ്യോഗസ്ഥനെ അന്വേഷണത്തില്‍ നിന്ന് മാറ്റി.
റെയ്ഡ് നടപടികള്‍ ചിത്രീകരിച്ചില്ല എന്നതായിരുന്നു പ്രധാന പിഴവ്. ആര്യന് ഖാന് ലഹരിക്കടത്ത് സംഘവുമായി ബന്ധമുള്ളതായി തെളിവ് ലഭിച്ചിട്ടില്ലെന്ന് അന്വേഷണസംഘം കുറ്റപത്രത്തില്‍ വ്യക്തമാക്കി. ആര്യന് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ തെളിവില്ലെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല