സ്വന്തം ലേഖകൻ: സാങ്കേതിക പ്രശ്നങ്ങൾ കാരണം അബുദാബി- തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 583 വിമാനം അനിശ്ചിതമായി വൈകിയതു യാത്രക്കാരെ വലച്ചു. വ്യാഴാഴ്ച രാത്രി 9.10നു പുറപ്പെടേണ്ടിയിരുന്ന വിമാനം 23 മണിക്കൂറോളം വൈകി ഇന്നലെ വൈകിട്ട് 7.45നാണു പുറപ്പെട്ടത്.
വിവിധ എമിറേറ്റുകളിൽ നിന്നു വ്യാഴാഴ്ച വൈകിട്ട് അഞ്ചു മുതൽ വിമാനത്താവളത്തിലെത്തിയ ഗർഭിണികളടക്കമുള്ള യാത്രക്കാർ രാത്രിയും പകലും കാത്തിരുന്ന് അവശരായി. താമസ സൗകര്യമൊരുക്കാമെന്നു വിമാന കമ്പനി പ്രതിനിധികൾ പറഞ്ഞെങ്കിലും വിമാനത്താവളത്തിലെ ഇരിപ്പിടങ്ങളിൽ കഴിച്ചുകൂട്ടേണ്ടിവന്നതായി യാത്രക്കാർ പരാതിപ്പെട്ടു. പലരും നിലത്തുകിടന്നു.
എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി ലോഞ്ചിൽ എത്തിയപ്പോഴാണു വിമാനം വൈകുമെന്ന അറിയിപ്പ് ലഭിച്ചതെന്നു തിരുവല്ല സ്വദേശിയായ യാത്രക്കാരൻ വരുൺ പറഞ്ഞു. രാത്രി 11.45നു പുറപ്പെടുമെന്നു പറഞ്ഞെങ്കിലും വീണ്ടും വൈകിയപ്പോൾ യാത്രക്കാർ ബഹളം വച്ചു.
തുടർന്നു വിസിറ്റ് വീസക്കാരെയും വീസ റദ്ദാക്കി പോകുന്നവരെയും പ്രത്യേകം മാറ്റി. വിശ്രമിക്കാൻ സൌകര്യമൊരുക്കാമെന്നു പറഞ്ഞ് ഒരുഭാഗത്തേക്ക് കൊണ്ടുപോയെങ്കിലും ഒരു സൗകര്യമുണ്ടായിരുന്നില്ല. ലഘുഭക്ഷണമല്ലാതെ മറ്റൊന്നും നൽകിയില്ലെന്നും പരാതിപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല