1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2022

സ്വന്തം ലേഖകൻ: യുവനടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ നിർമാതാവ് വിജയ് ബാബു ദുബായിൽ ഒളിവിൽ കഴിയുന്നത് ഉന്നതസ്വാധീനമുള്ള വ്യക്തിയുടെ സംരക്ഷണയിലെന്ന് റിപ്പോ‍ര്‍ട്ട്. നിലവിൽ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാൻ നിയമതടസ്സമില്ലെങ്കിലും നടപടി വൈകുന്നത് ഈ വ്യക്തിയുടെ സ്വാധീനം മൂലമാണെന്നാണ് മനോരമ റിപ്പോര്‍ട്ട്.

നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റര്‍ ചെയ്യാനിരിക്കേയാണ് വിജയ് ബാബു വിദേശത്തേയ്ക്ക് കടന്നത്. സമാന്തരമായി മുൻകൂര്‍ ജാമ്യത്തിനും ഇദ്ദേഹം ശ്രമിക്കുന്നുണ്ട്. എന്നാൽ ദുബായ് പോലീസിൻ്റെ സഹകരണത്തോടെ ഇന്‍റര്‍പോള്‍ വഴി വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാനാണ് കൊച്ചി സിറ്റി പോലീസിൻ്റെ ശ്രമം.

നിലവിൽ യാത്രാരേഖകള്‍ ഇല്ലാതെയാണ് വിജയ് ബാബു ദുബായിൽകഴിയുന്നത്. ഈ മാസം 30ന് നാട്ടിലെത്തുമെന്ന് വിജയ് ബാബു കേരള ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ വിമാന ടിക്കറ്റ് റദ്ദാക്കി മടക്കയാത്ര നീട്ടിവെക്കാനാണ് വിജയ് ബാബു ശ്രമിക്കുന്നതെന്നാണ് പോലീസിൻ്റെ സംശയം.

ഇതിനിടെ വിജയ് ബാബു കേസിലെ ഇരയായ നടിയുടെ മാതാവിനെയും വിളിച്ചു ഭീഷണിപ്പെടുത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസ് വരുമെന്ന് അറിഞ്ഞു കൊണ്ട് ഇയാള്‍ വിദേശത്തേയ്ക്ക് കടന്നതാണെന്നും ജാമ്യഹര്‍ജി നിലനിൽക്കില്ലെന്നുമായിരുന്നു അഡീഷണൽ പ്രോസിക്യൂഷൻ ഡയറക്ടര്‍ ജനറൽ കോടതിയെ അറിയിച്ചത്.

എന്നാൽ ജാമ്യഹര്‍ജി നിലനി‍ര്‍ത്തിയാൽ തിങ്കളാഴ്ച തിരിച്ചെത്താമെന്ന് വിജയ് ബാബു കോടതിയെ അറിയിക്കുകയായിരുന്നു. കേസിൽ അറസ്റ്റും ജയിൽവാസവും ഒഴിവാക്കാനാണ് വിജയ് ബാബു വിദേശത്ത് ഒളിവിൽ കഴിയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നടിയുമായി താൻ പുലര്‍ത്തിയിരുന്നത് ഉഭയകക്ഷിസമ്മതത്തോടെയുള്ള ലൈംഗികബന്ധമായിരുന്നു എന്നാണ് വിജയ് ബാബു കോടതിയിൽ വാദിക്കുന്നത്. ബലാത്സംഗത്തിന് ഇരയായെന്ന് യുവതി പറയുന്ന തീയതിയ്ക്ക് ശേഷവും തന്‍റെ ബ്യൂട്ടി ക്ലിനിക്കിൻ്റെ ഉദ്ഘാടനത്തിന് നടി എത്തിയിരുന്നുവെന്ന് വിജയ് ബാബു പറയുന്നുണ്ട്. അന്ന് ഭാര്യയുമായി നടി സംസാരിച്ചിരുന്നു. ഇക്കാര്യങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയാണ് വിജയ് ബാബുവിൻ്റെ ഹര്‍ജി.

ഏപ്രിൽ 22ന് താൻ ഷൂട്ടിങ് ആവശ്യത്തിനായാണ് ഗോവയിൽ എത്തിയതെന്നും തുടര്‍ന്ന് യുഎഇ ഗോള്‍ഡൻ വിസയുടെ രേഖകള്‍ ശരിയാക്കാനായി ഏപ്രി. 24ന് ദുബായിൽ എത്തിയതാണെന്നും വിജയ് ബാബു വാദിക്കുന്നു. തനിക്ക് ഈ സമയത്ത് കേസ് രജിസ്റ്റര്‍ ചെയ്ത വിവരം അറിയില്ലായിരുന്നുവെന്നും വിജയ് ബാബു പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.