
സ്വന്തം ലേഖകൻ: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സമയം നീട്ടിനല്‍കരുതെന്ന് ദിലീപ് ഹൈക്കോടതിയില്‍. തുടരന്വേഷണത്തിന് മൂന്നുമാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ദിലീപ് എതിര്‍പ്പറിയിച്ചത്. ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്ന ക്രൈംബ്രാഞ്ചിന്റെ ആരോപണം തെറ്റാണെന്നും ദിലീപ് കോടതിയെ അറിയിച്ചു.
ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യത്തെയും നടന്‍ എതിര്‍ത്തിട്ടുണ്ട്. മൂന്നുമാസം മുമ്പ് കേസുമായി ബന്ധപ്പെട്ട ഫൊറന്‍സിക് പരിശോധനഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. അതിനാല്‍ ഫൊറന്‍സിക് പരിശോധനയുടെ പേരില്‍ ഇനി സമയം നീട്ടിനല്‍കരുതെന്നും ഇത് കേസിന്റെ വിചാരണയെ ബാധിക്കുമെന്നും ദിലീപ് കോടതിയെ അറിയിച്ചു.
ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത്. ഒരുപക്ഷേ, ബുധനാഴ്ച തന്നെ ഈ ഹര്‍ജിയില്‍ തീര്‍പ്പുണ്ടായേക്കും. നേരത്തെ, മേയ് 31-നുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ഇനി സമയം നീട്ടിനല്‍കില്ലെന്നും ഹൈക്കോടതി അന്ത്യശാസനം നല്‍കിയിരുന്നു.
കേസിന്റെ തുടരന്വേഷണ കാലാവധി നീട്ടണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹർജി പരിഗണിക്കുന്നതിൽ നിന്നു ജസ്റ്റിസ് കൗസർ എടപ്പഗത്ത് മാറണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചിരുന്നു. നേരത്തേ കേസ് അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്നു കാട്ടി അതിജീവിത നൽകിയ ഹർജി ജസ്റ്റിസ് കൗസർ എടപ്പഗത്ത് പരിഗണിക്കരുതെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നു. ജഡ്ജി സ്വയം കേസ് പരിഗണിക്കുന്നതിൽ നിന്നു പിൻമാറുകയായിരുന്നു. ഇതിനു പിന്നാലെയാണ് അതിജീവിത പുതിയ ആവശ്യവുമായി കോടതിയെ സമീപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല