സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും മോശം വിമാനത്താവളങ്ങളുടെ പട്ടികയിൽ കുവൈത്തിന് രണ്ടാം സ്ഥാനം. വ്യോമയാന മേഖലാ വിദഗ്ധരായ ജർമൻ വെബ്സൈറ്റ് ബിസിനസ് ഇൻസൈഡർ ആണ് പട്ടിക പ്രസിദ്ധീകരിച്ചത്. പോർച്ചുഗലിലെ ലിസ്ബൺ പോർടേല എയർപോർട്ടാണ് ഈ വിഭാഗത്തിൽ ഒന്നാമത്.
വിമാന സമയക്രമം പാലിക്കൽ, വിമാനത്താവള സേവന നിലവാരം, ശുചിത്വം, മറ്റു സൗകര്യങ്ങൾ എന്നിവ വിലയിരുത്തിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. ലോകത്തെ ഏറ്റവും മികച്ച എയർപോർട്ടായി ഖത്തറിലെ ഹമദ് ഇന്റർനാഷണൽ തിരഞ്ഞെടുക്കപ്പെട്ടു.
കുവൈത്ത് വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിന്റെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. നിർമാണ ജോലികൾ 61.8 ശതമാനം ശതമാനം പൂർത്തിയായി. രണ്ടുവർഷത്തിനുള്ളിൽ ടെർമിനൽ പൂർണമായും പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
തുര്‍ക്കി പ്രോജക്ട് കമ്പനിയായ ലീമാക് ആണ് നിർമാണം നടത്തുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രതിവർഷം രണ്ടരക്കോടി യാത്രക്കാരെ സ്വീകരിക്കാനാകും. 1.2 കി.മീ. ദൈർഘ്യമുള്ള മൂന്നു ചിറകുകളുടെ രൂപത്തിൽ മൂന്ന് ടെർമിനലുകളാണ് നവീകരണ ഭാഗമായി നിർമിക്കുന്നത്. ഒരൊറ്റ മേൽക്കൂരക്കുകീഴിലായിരിക്കും ടെർമിനലുകൾ.
180,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരുങ്ങുന്ന ടെർമിനൽ 2022 ആഗസ്റ്റിൽ പൂർത്തിയാക്കാനായിരുന്നു നിശ്ചയിച്ചത്. കോവിഡ് പ്രതിസന്ധിയാണ് പദ്ധതി വൈകാൻ കാരണമായത്. പരിസ്ഥിതി സൗഹൃദവസ്തുക്കളാണ് 56 ഗേറ്റുകൾ ഉൾക്കൊള്ളുന്ന ടെർമിനലിന്റെ നിർമാണത്തിന് ഉപയോഗിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല