![](https://www.nrimalayalee.com/wp-content/uploads/2022/06/UAE-Summer-Heat-Guidelines.jpeg)
സ്വന്തം ലേഖകൻ: യുഎഇയിൽ ജൂണിന് പതിവിൽ കവിഞ്ഞ ചൂട്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ വരാനിരിക്കുന്നത് അതി കഠിനവും. കടുത്ത ചൂടിൽ ജോലി ചെയ്യുന്നവരും വിനോദത്തിനായി പുറത്തു പോകുന്നവരും വാഹനം ഓടിക്കുന്നവരുമെല്ലാം അതീവ ജാഗ്രത പുലർത്തണമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.
യുഎഇയുടെ ചില ഭാഗങ്ങളിൽ നാളെ താപനില 48 ഡിഗ്രി വരെ ഉയരുമെന്നും വരും ദിവസങ്ങളിലും 47 ഡിഗ്രി ചൂട് അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. അന്തരീക്ഷ ഈർപ്പം തീരപ്രദേശങ്ങളിൽ 85 ശതമാനവും മറ്റിടങ്ങളിൽ 75 ശതമാനവും ആയിരിക്കും.
വേനൽക്കാലത്തെ കൊടും ചൂടേൽക്കുന്നത് സൂര്യാഘാതം, നിർജലീകരണം തുടങ്ങി ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കുമെന്ന് ദുബായ് ഖിസൈസിലെ ആസ്റ്റർ ക്ലിനിക് ഇന്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. ഷാജഹാൻ അബ്ദുൽഖാദർ പറഞ്ഞു. ഇത് തലച്ചോർ, ഹൃദയം, വൃക്ക തുടങ്ങി ആന്തരിക അവയവങ്ങളുടെ പ്രവർത്തനങ്ങളെയും ബാധിക്കും.
ശരീരത്തിൽ ഉപ്പിൻറെയും ജലത്തിൻറെയും അളവ് കുറയുന്നതും ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്നും ചൂണ്ടിക്കാട്ടി. പ്രായമായവും കുട്ടികളും കടുത്ത ചൂടിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. അത്യാവശ്യം പുറത്തുപോകേണ്ടിവന്നാൽ കുട ഉപയോഗിക്കുകയും കൂളിങ് ഗ്ലാസ് ധരിക്കുകയും വേണം. അയഞ്ഞ പരുത്തി വസ്ത്രമാണ് ഉത്തമം.
പഴം, പച്ചക്കറി, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തണം. ദിവസേന കുറഞ്ഞത് രണ്ടര ലീറ്റർ വെള്ളം കുടിക്കണം. കൃത്യമായ വ്യായാമവും ഉറക്കവും നല്ലതാണ്. കടുത്ത ചുട് അനുഭവപ്പെടുന്ന രാവിലെ 10 മുതൽ വൈകിട്ട് 4 വരെയുള്ള സമയങ്ങളിൽ പാർക്ക്, ബീച്ച്, മരുഭൂമി തുടങ്ങി തുറസ്സായ സ്ഥലങ്ങളിൽ പോകുന്നതും ഒഴിവാക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല