1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2022

സ്വന്തം ലേഖകൻ: മധ്യവേനൽ അവധിക്കായി യുഎഇയിൽ ഈ മാസാവസാനം സ്കൂളുകൾ അടയ്ക്കാനിരിക്കെ ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കിന് റോക്കറ്റ് വേഗം. കഴിഞ്ഞ മേയിൽ ചില എയർലൈനുകൾ ഓഫറിൽ 299 ദിർഹത്തിന് (6324 രൂപ) കൊടുത്തിരുന്ന ടിക്കറ്റിന് ഈ മാസം അവസാന വാരം 1500 ദിർഹമായി (31728 രൂപ) ഉയർത്തി. ബുക്ക് ചെയ്യാൻ വൈകുന്തോറും നിരക്ക് കൂടുന്നു.

നേരിയ ഏറ്റക്കുറച്ചിലുണ്ടെങ്കിലും നിരക്കു വർധിപ്പിക്കുന്നതിൽ പ്രാദേശിക, വിദേശ വിമാനക്കമ്പനികൾ ഒറ്റക്കെട്ട്. കോവിഡ് മൂലം വർഷങ്ങളായി കുടുംബസമേതം നാട്ടിലേക്കു പോകാൻ സാധിക്കാതിരുന്ന പ്രവാസികൾക്ക് ടിക്കറ്റ് നിരക്കു വർധന തിരിച്ചടിയായി. ഇതുമൂലം പല കുടുംബങ്ങൾക്കും ഇത്തവണയും നാട്ടിലേക്കു പോകാൻ സാധിക്കുന്നില്ല.

അവധി ലഭിച്ചിട്ടും യുഎഇയിൽ തന്നെ കഴിയേണ്ടിവരുമോ എന്ന വേവലാതിയിലാണ് പ്രവാസി കുടുംബങ്ങൾ. മിതമായ നിരക്കിൽ നാട്ടിലേക്കു പോകാൻ ബദൽ സംവിധാനം ഏർപ്പെടുത്തണമെന്നാണ് സാധാരണ പ്രവാസികളുടെ ആവശ്യം. യാത്രക്കാരുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് കൂടുതൽ വിമാന സർവീസ് ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

യുഎഇയിലെ സ്കൂളുകളിൽ പാദവർഷ പരീക്ഷ ഈ മാസം 24ന് അവസാനിക്കുന്നതോടെ നാട്ടിലേക്കു പോകാനായി ടിക്കറ്റ് ബുക്ക് ചെയ്യാൻ ട്രാവൽ ഏജൻസികളെ സമീപിച്ചവരാണ് നിരക്ക് കേട്ടു ഞെട്ടിയത്. ജൂൺ മാസത്തിലേക്കു പ്രവേശിച്ചതോടെ തന്നെ ടിക്കറ്റ് നിരക്കിൽ ഇരട്ടിയിലേറെ വർധന എയർലൈനുകൾ വരുത്തി. ആഴ്ചകളുടെ ഇടവേളകളിൽ നിരക്കിലെ വ്യത്യാസം മൂന്നും നാലും ഇരട്ടിയാവുന്നു. നാലംഗ കുടുംബത്തിന് വൺവേ ഒന്നേകാൽ ലക്ഷം രൂപ

നാലംഗ കുടുംബത്തിന് ഈ മാസം 25ന് ദുബായിൽനിന്ന് കൊച്ചിയിലേക്കു പോകാൻ വൺവേ ടിക്കറ്റിന് 1,25,000 രൂപയ്ക്കു മുകളിലാണ് നിരക്ക്. ജൂൺ അവസാന വാരം നാട്ടിലേക്കു പോയി ഓഗസ്റ്റ് അവസാനവാരം ദുബായിലേക്കു മടങ്ങുന്നതിന് 4 പേർക്ക് കുറഞ്ഞത് രണ്ടര ലക്ഷത്തിലേറെ രൂപ വേണം.

സ്കൂൾ പൂട്ടി കുടുംബങ്ങളെല്ലാം നാട്ടിലേക്കു പോകുന്ന സമയത്ത് ടിക്കറ്റ് നിരക്ക് കൂട്ടുന്ന പതിവ് രീതിക്ക് ഇപ്പോഴും മാറ്റം വന്നിട്ടില്ല. നേരിട്ടുള്ള വിമാനങ്ങളിൽ ലഭ്യമായ പരിമിത സീറ്റിൽ ദുബായ്–കൊച്ചി സെക്ടറിൽ വിവിധ എയർലൈനുകൾ ഈടാക്കുന്ന വൺവേ നിരക്ക് (നാലംഗ കുടുബത്തിന്): സ്പൈസ് ജെറ്റ് 1,25,500, എയർ ഇന്ത്യാ എക്സ്പ്രസ് 1,26,900, എയർ അറേബ്യ 129,500, ഹാൻ എയർ 1,50,300, എയർ ഇന്ത്യ 1,54,500, എമിറേറ്റ്സ് 1,79,300 രൂപ എന്നിങ്ങനെയാണ് നിരക്ക്.

മടക്കയാത്രാ ഉൾപ്പെടെയുള്ള നിരക്ക് ഇരട്ടിയോ അതിലേറെയോ വരും. വൻതുക കൊടുത്താലും നേരിട്ടുള്ള വിമാനങ്ങളിൽ ജൂൺ അവസാനം മുതൽ ജൂലൈ രണ്ടാം വാരം വരെയും തിരിച്ച് ഓഗസ്റ്റ് രണ്ടാം വാരം മുതൽ സെപ്റ്റംബർ ആദ്യവാരം വരെയും ടിക്കറ്റ് കിട്ടാൻ പ്രയാസമാണ്. വിവിധ സെക്ടറുകൾ വഴിയുള്ള കണക്​ഷൻ വിമാനങ്ങളിൽ 10 മണിക്കൂറിലേറെ എടുത്തുള്ള യാത്രയ്ക്ക് ഏതാനും ടിക്കറ്റുകൾ ലഭ്യമാണെങ്കിലും നിരക്കിൽ കാര്യമായ വ്യത്യാസവുമില്ല.

കൈക്കുഞ്ഞുങ്ങളുമായി കണക്​ഷൻ വിമാന യാത്ര പല കുടുംബങ്ങളും താൽപര്യപ്പെടുന്നുമില്ല. ഒരു വർഷം ജോലി ചെയ്തു മിച്ചംപിടിച്ച തുക മുഴുവൻ നൽകിയാലും ടിക്കറ്റെടുക്കാനാവാത്ത അവസ്ഥ യാത്ര വേണ്ടന്നുവയ്ക്കുന്നവരും കുറവല്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.