സ്വന്തം ലേഖകൻ: ഒരു അപരിചിതന് ഫെയ്സ്ബുക്കിന്റെ (മെറ്റാ) ഹൊറൈസണ്‍ വേള്‍ഡ്സ്, മെറ്റാവേഴ്സില്‍ 21 കാരിയെ ‘വെര്‍ച്വലായി ബലാത്സംഗം ചെയ്തു’ എന്ന് ആരോപണം. താനെത്തിച്ചേര്‍ന്ന റൂമില്‍ തന്നെ ആക്രമിക്കുന്നതു കണ്ടിരുന്ന വേറൊരാള് വോഡ്കാ മദ്യം കൈമാറിക്കൊണ്ടിരുന്നു എന്നും ഗവേഷക പറയുന്നു. ഫെയ്സ്ബുക് അടക്കമുള്ള ബിസിനസ് സ്ഥാപനങ്ങള്‍ക്ക് സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന പ്രാധാന്യത്തിനെതിരെ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയായ സംഓഫ്അസ് (SumOfUs) എന്ന സ്ഥാപനത്തിനായി ജോലി ചെയ്യുന്ന 21 കാരിയായ ഗവേഷകയാണ് വെര്‍ച്വല്‍ ലോകത്ത് അടുത്തിടെ ബലാത്സംഗത്തിന് ഇരയായതെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഗവേഷക പറഞ്ഞത് മെറ്റാവേഴ്സില്‍ എത്തിയപ്പോള്‍ തനിക്കുണ്ടായത് മനോവിഭ്രാന്തിയുണ്ടാക്കുന്ന തരം അനുഭങ്ങളാണ് എന്നാണ്. തനിക്കുണ്ടായ അനുഭവങ്ങള്‍ അതിവേഗം സംഭവിച്ചു, തനിക്ക് സമചിത്തത നഷ്ടപ്പെട്ടു എന്നും ഗവേഷക പറയുന്നു. തന്റെ തലച്ചോറിന്റെ ഒരു ഭാഗത്ത് തനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന ചിന്തയായിരുന്നു. മറ്റൊരു ഭാഗത്ത് ഇതു തന്റെ ശരിക്കുള്ള ശരീരമല്ലല്ലോ എന്ന ചിന്തയായിരുന്നു. താനിപ്പോള്‍ പ്രധാനപ്പെട്ട ഒരു ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് എന്നുമായിരുന്നു ഗവേഷക പറഞ്ഞത്.
അതേസമയം, ഈ അനുഭവത്തെക്കുറിച്ച് മെറ്റാ കമ്പനിയുടെ വക്താവും പ്രതികരിച്ചു. ആക്രമണം നേരിട്ട ഗവേഷക മെറ്റാവേഴ്സിലെ ഒരു സെറ്റിങ്സ് പ്രയോജനപ്പെടുത്താതിരുന്നതിനാലാണ് ആക്രമണം നേരിട്ടതെന്നാണ് അവര്‍ പറഞ്ഞത്. ‘പേഴസണല്‍ ബൗണ്ടറി’ എന്ന മെറ്റാവേഴ്സില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന,’സ്വന്തം അതിര്‍ത്തി’ നിര്‍ണയിക്കാവുന്ന ‘അകറ്റി നിർത്തല്‍’ സംവിധാനം ഇല്ലാതെയാണ് ഗവേഷക മെറ്റാവേഴ്സിലേക്ക് കടന്നത്. തന്നെ പ്രതിനിധാനം ചെയ്യുന്ന ത്രിമാനതയുള്ള അവതാറിന് അല്ലെങ്കില്‍ പ്രതിരൂപത്തിന് സുഹൃത്തുക്കള്‍ അല്ലാത്തവരെ നാലടി അകലത്തില്‍ നിർത്താനാണ് മെറ്റാ അനുവദിക്കുന്നത്. അനാവശ്യ സ്പര്‍ശവും മറ്റും ഒഴിവാക്കാനായാണ് ഇത് വച്ചിരിക്കുന്നതെന്ന് മെറ്റായുടെ വക്താവ് പറഞ്ഞു. ഈ സുരക്ഷാ ഫീച്ചര്‍ ഇല്ലാതെ, പരിചയമില്ലാത്തവരുടെ അടുത്തെത്തുന്നത് തങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മെറ്റാ പറഞ്ഞു.
യാഥാര്‍ഥ്യമെന്നു തോന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു സാങ്കല്പിക സ്ഥലമാണ് മെറ്റാവേഴ്സ്. ഇത്തരം ഒരു സ്ഥലം പല രീതിയില്‍ ഗുണപ്രദമായി പ്രയോജനപ്പെടുത്താനാകും. ഉദാഹരണത്തിന് ലോകത്തിന്റെ പല ഭാഗങ്ങളിലുള്ളവര്‍ക്ക് ഒരിടത്ത് എന്ന പോലെ ഒത്തു ചേര്‍ന്ന് ജോലിയെടുക്കാൻ, കളികളില്‍ ഏര്‍പ്പെടാൻ, പഠിക്കാൻ, ഷോപ്പിങ് നടത്താൻ, സര്‍ഗസൃഷ്ടി നടത്താനുമൊക്കെ സാധിക്കും. കൂടുതല്‍ സമയം ഓണ്‍ലൈനില്‍ ചെലവിടുക എന്നതിനേക്കാളേറെ കൂടുതല്‍ സമയം അര്‍ഥവത്തായി ഓണ്‍ലൈനില്‍ ചെലവിടുന്നതായി തോന്നിപ്പിക്കാനുള്ള ശ്രമമാണിത് എന്നാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ പറയുന്നത്. ഇതിനായി പ്രത്യേകം തയാര്‍ ചെയ്ത ഹെഡ്സെറ്റുകള്‍ ഉപയോഗിക്കണം. ഫെയ്സ്ബുക് പ്രയോജനപ്പെടുത്തുന്നത് തങ്ങളുടെ ഒക്യുലസ് ഹെഡ്സെറ്റാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല