1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 10, 2022

സ്വന്തം ലേഖകൻ: ഇന്ത്യയിലെ ആദ്യ സോളോഗമിസ്റ്റായി വാർത്തകളിൽ നിറഞ്ഞു നിന്ന ഗുജറാത്ത് സ്വദേശിനി ക്ഷമാ ബിന്ദു(24) സ്വയം വിവാഹം ചെയ്തു. ജൂൺ 11ന് വഡോദര ഹരീശ്വർ ക്ഷേത്രത്തിൽ വെച്ച് നടക്കുമെന്ന് പറഞ്ഞിരുന്ന വിവാഹം ജൂൺ എട്ടിന് വീട്ടിൽ വെച്ചാണ് നടന്നത്. ഹൽദി മുതൽ മെഹന്തി വരെയുള്ള ചടങ്ങുകളടക്കമാണ് വിവാഹം നടത്തിയത്. വിവാഹം വളരെ സ്വകാര്യമായാണ് നടത്തിയതെന്നും വളരെ കുറച്ച് സുഹൃത്തുക്കൾ മാത്രമാണ് പങ്കെടുത്തതെന്നും ക്ഷമ അറിയിച്ചു.

ആന്നി വിത്ത് ഏൻ ഇ’ എന്ന കനേഡിയൻ വെബ് സീരീസിൽ പ്രേരണ ഉൾക്കൊണ്ടാണ് ക്ഷമ സ്വയം വിവാഹം കഴിക്കാൻ തീരുമാനിച്ചത്. വഡോദര ഹരീശ്വർ ക്ഷേത്രത്തിൽ വെച്ച് വിവാഹം നടക്കുമെന്നും ക്ഷമ പ്രഖ്യാപിച്ചതിനെ തുടർന്ന് ബിജെപി നേതാവ് വിമർശനവുമായെത്തിയിരുന്നു. ഗുജറാത്തിലെ വഡോദരയിലെ മുൻ ഡെപ്യൂട്ടി മേയറായ സുനിതാ ശുക്ലയാണ് ഇവർക്കെതിരെ രംഗത്ത് വന്നിരുന്നത്.

ക്ഷമാ ബിന്ദുവിന്റെ വിവാഹം ഹിന്ദുയിസത്തിന് എതിരാണെന്നും ഇത്തരം വിവാഹങ്ങൾ ഹിന്ദു ജനസംഖ്യ കുറയ്ക്കുമെന്നും സുനിത കുറ്റപ്പെടുത്തി. ‘കല്യാണ വേദി തിരഞ്ഞെടുത്തതിൽ എനിക്ക് എതിർപ്പുണ്ട്. ഒരു ക്ഷേത്രത്തിലും അവൾക്ക് വിവാഹ വേദി അനുവദിക്കില്ല’ സുനിതാ ശുക്ല പറഞ്ഞു. മതത്തിന് വിരുദ്ധമായി എന്തെങ്കിലും സംഭവിച്ചാൽ ഒരു നിയമവും നിലനിൽക്കില്ലെന്നും അവർ പറഞ്ഞു.

നേരത്തെ മുൻ കേന്ദ്രമന്ത്രിയും മഹാരാഷ്ട്രാ കോൺഗ്രസ് നേതാവുമായ മിലിന്ദ് ദിയോറയും ക്ഷമക്കെതിരെ രംഗത്ത് വന്നിരുന്നു. ‘ഉണർച്ചയുടെ അതിരുകൾ ഭ്രാന്താണ്. അത് ഇന്ത്യയിൽ നിന്ന് വളരെ അകലെയായിരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം’ എന്നായിരുന്നു ക്ഷമ സ്വയം വിവാഹം ചെയ്യുമെന്ന വാർത്ത പങ്കുവെച്ച് അദ്ദേഹം കുറിച്ചിരുന്നത്.

തനിക്കു താൻ മാത്രം മതിയെന്നാണ് ക്ഷമയുടെ വാദം. ഇന്ത്യ മഹാരാജ്യത്ത്തന്നെ ആത്മ സനേഹം ഉയർത്തിപ്പിടിച്ച് വിവാഹം കഴിക്കാനൊരുങ്ങുന്ന വ്യക്തി താനായിരിക്കുമെന്ന് ക്ഷമ അഭിപ്രായപ്പെട്ടിരുന്നു. പരമ്പരാഗത ഗുജറാത്തി ആചാരങ്ങളോട് കൂടി നടക്കുന്ന ബിന്ദുവിന്റെ വിവാഹത്തിൽ വരനും വധുവുമെല്ലാം ഇവർ തന്നെയാണ്. സ്വയം വിവാഹം കഴിക്കുകയെന്നത് നിങ്ങളോട് തന്നെയുള്ള നിരുപാധികമായ സ്‌നേഹത്തിന്റെ തുറന്ന പ്രഖ്യാപനമാണെന്നാണ് ക്ഷമയുടെ വാദം. അത് സ്വയം അംഗീകരിക്കൽ കൂടിയാണ്. ആളുകൾ എല്ലായ്‌പ്പോഴും അവർക്ക് ഇഷ്ടം തോന്നുന്നവരെയാണ് വിവാഹം ചെയ്യേണ്ടതെന്നും അവൾക്ക് അവളെ തന്നെയാണ് ഇഷ്ടമെന്നും ക്ഷമ പറയുന്നു.

താൻ ഒരിക്കലും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിട്ടില്ലെന്നും എന്നാൽ വധുവായി അണിഞ്ഞൊരുങ്ങാൻ ആഗ്രഹമുണ്ടായിരുന്നെന്നും ക്ഷമ കൂട്ടിച്ചേർത്തു. ഇതിനാലാണ് സ്വയം വിവാഹചടങ്ങ് സംഘടിപ്പിച്ചതെന്നും അവർ വ്യക്തമാക്കി. ചില ആളുകൾക്ക് സ്വയം വിവാഹങ്ങൾ അപ്രസക്തമായി തോന്നാം. എന്നാൽ ഇത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ള കാര്യമാണെന്നും അവർ പറഞ്ഞു. വിവാഹത്തിന് ശേഷം ഗോവയിൽ തനിക്കായി രണ്ടാഴ്ചത്തെ ഹണിമൂണും ക്ഷമ പ്ലാൻ ചെയ്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.