സ്വന്തം ലേഖകൻ: അനുജന് കൊണ്ടുവന്ന ഗുളികയുടെ എണ്ണം ചതിച്ചതോടെ ജയിലിലായ പാലക്കാട് ചെറുപ്ലശേരി സ്വദേശി നൗഫലിന് 90 ദിവസത്തിനുശേഷം ജയിൽ മോചനം. 20,000 ദിർഹം പിഴയും ഒഴിവായി. മാർച്ച് പത്തിനാണ് സംഭവം. സുഖമില്ലാത്ത അനുജനുവേണ്ടി നാട്ടിൽനിന്ന് ഉറക്ക ഗുളികകൾ വാങ്ങിയിരുന്നു.
ഒരുവർഷം വരെയുള്ള ഗുളികകൾ കൊണ്ടുപോകാമെന്ന് മെഡിക്കൽ ഷോപ്പുകാർ അറിയിച്ചതനുസരിച്ച് 289 ഗുളികയാണ് വാങ്ങിയത്. അബൂദബിയിൽ ആർക്കിടെക്ടായ നൗഫലും അനുജനും ഒരുമിച്ചായിരുന്നു യാത്രയെങ്കിലും നൗഫലിന്റെ ബാഗിലാണ് ഗുളിക വെച്ചിരുന്നത്. അൽഐൻ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ നടത്തിയ പരിശോധനയിൽ ഗുളിക കണ്ടെത്തി കേസെടുത്തു.
ഈ ഗുളികക്ക് യു.എ.ഇയിൽ നിയന്ത്രണമുണ്ടെന്നും ചെറിയ അളവായിരുന്നെങ്കിൽ കുഴപ്പമില്ലെന്നുമായിരുന്നുവെന്നും അധികൃതർ പറഞ്ഞപ്പോഴാണ് നൗഫൽ വിവരം അറിയുന്നത്. വിമാനത്താവളത്തിൽനിന്ന് നൗഫലിനെ ജയിലിലേക്ക് മാറ്റി. ഒരാഴ്ച റിമാൻഡ് ചെയ്തു.
പ്രോസിക്യൂഷന് മുന്നിൽ ഹാജരാക്കിയെങ്കിലും ഗുളികയുടെ എണ്ണം കൂടുതലായതിനാൽ 20,000 ദിർഹം പിഴയും നാടുകടത്തലും വിധിച്ചു. ഇതേതുടർന്നാണ് അഡ്വ. പി.എ. ഹക്കീം വഴി അപ്പീൽ നൽകിയത്.
നൗഫലിന്റെ അനുജനെയും വിളിച്ചുവരുത്തി വിവരം അന്വേഷിച്ച കോടതി നൗഫൽ കുറ്റക്കാരനല്ലെന്ന് വിധിച്ചു. നൗഫലിന്റെ അവസ്ഥ മനസ്സിലാക്കിയതിനാൽ സൗജന്യമായാണ് അഡ്വ. പി.എ. ഹക്കീം കേസ് ഏറ്റെടുത്തത്. അബൂദബിയിലെ അഭിഭാഷകനായ അൻസാരി വഴി ഏർപെടുത്തിയ സ്വദേശിയായ അഭിഭാഷകനാണ് കോടതിയിൽ നൗഫലിനായി ഹാജരായത്. 90 ദിവസത്തിനുശേഷം കഴിഞ്ഞ ദിവസം നൗഫൽ ജയിലിൽനിന്ന് പുറത്തിറങ്ങി.
സമാനമായ സംഭവങ്ങളിൽ നിരപരാധികൾ ജയിലിലാകുന്നത് പതിവാണ്. അറിവില്ലായ്മകൊണ്ടും അശ്രദ്ധ കൊണ്ടുമാണ് ഇത് സംഭവിക്കുന്നത്. കൊണ്ടുവരുന്ന മരുന്ന് ഈ രാജ്യത്ത് നിരോധിക്കപ്പെട്ടതാണോ എന്ന് ഉറപ്പുവരുത്തണം. മരുന്നിന്റെ ബില്ലും ഡോക്ടറുടെ കുറിപ്പും സ്വന്തം ഉപയോഗത്തിനാണെങ്കിൽ ഡോക്ടറുടെ സർട്ടിഫിക്കറ്റും കരുതണം.
അപരിചിതരിൽനിന്ന് ഒരുകാരണവശാലും മരുന്ന് സ്വീകരിക്കരുത്. അധികൃതരുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ കഴിയാത്തതാണ് പലർക്കുമെതിരെ നടപടിക്ക് കാരണമാകുന്നത്. അതിനാൽ, വിമാനത്താവളം അധികൃതർ ചോദിക്കുമ്പോൾ രേഖകൾ സഹിതം കൃത്യമായ ഉത്തരം പറയാൻ കഴിയണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല