![](https://www.nrimalayalee.com/wp-content/uploads/2022/06/Gold-Smuggling-Case-Protest-Swapna-Suresh.jpg)
സ്വന്തം ലേഖകൻ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മലപ്പുറം മുതല്‍ കോഴിക്കോട് വരെ വഴിനീളെ പ്രതിഷേധം. മലപ്പുറം കുര്യാട് കോണ്‍ഗ്രസ്–മുസ്ലിം ലീഗ് പ്രവര്‍ത്തകരും കോട്ടക്കലില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. മലപ്പുറം പുത്തനത്താണിയിലും കക്കാടും കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. കോഴിക്കോട് പന്തീരങ്കാവ് കൊടല് നടക്കാവില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
രാവിലെ കുന്നംകുളത്ത് മുഖ്യമന്ത്രിയെ ബിജെപി പ്രവർത്തകർ കരിങ്കൊടി കാട്ടിയിരുന്നു. തവനൂർ സെൻട്രൽ ജയിൽ ഉദ്ഘാടനത്തിനായി തൃശൂരിൽ നിന്ന് മലപ്പുറത്തേക്ക് തിരിച്ച മുഖ്യമന്ത്രിയെ കുന്നംകുളം ബഥനി സ്കൂളിനു സമീപത്ത് വച്ചാണ് കരിങ്കൊടി കാട്ടിയത്. ഇടവഴിയിൽ മറഞ്ഞു നിന്ന ബിജെപി പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു. സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ.) സമ്മേളനത്തിൽ പങ്കെടുക്കാൻ വന്ന മുഖ്യമന്ത്രിക്ക് ഒരുക്കിയ അസാധാരണ സുരക്ഷ ജനത്തെ വലച്ചു. മുന്നറിയിപ്പില്ലാത്ത ഗതാഗത നിയന്ത്രണമാണുണ്ടായിരുന്നത്. കളക്ടറേറ്റിനും സെൻട്രൽ ജങ്ഷനുമിടയിൽ കെ.കെ.റോഡ് പൂർണമായും ഒഴിപ്പിച്ചിരുന്നു. ഇതിലേക്കുള്ള സമീപനവഴികളും അടച്ചതോടെ നഗരം വീർപ്പുമുട്ടി. ജനറൽ ആശുപത്രിയിലേക്ക് രോഗികൾക്ക് നടന്നുവരേണ്ടിവന്നു. ആംബുലൻസുകൾക്ക് മാത്രമാണ് യാത്ര അനുവദിച്ചത്.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് പുറത്തുവിട്ട ശബ്ദരേഖയുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളില്‍ ഷാജ് കിരണിനെയും ഇബ്രാഹിമിനെയും ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം. ഇതുമായി ബന്ധപ്പെട്ട് നാളെ ഇവര്‍ക്ക് നോട്ടീസ് നല്‍കും. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന് ഷാജ് കിരണ്‍ ശനിയാഴ്ച നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യുന്നത്.
സ്വപ്ന സുരേഷ് പുറത്തുവിട്ട ശബ്ദരേഖ ആധികാരികമാണോ എന്ന് പരിശോധിക്കണമെന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചനയില്‍ തങ്ങളെ ഉള്‍പ്പെടുത്താന്‍ ശ്രമം നടന്നെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ പരാതി ഡിജിപി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യാന്‍ വിളിപ്പിക്കുന്നത്.
അതിനിടെ സ്വന്തം നിലയിൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ച് സ്വപ്ന സുരേഷ്. തന്റെ ജീവനു ഭീഷണിയുണ്ടെന്നു കാട്ടി ഹൈക്കോടതിയിൽ സുരക്ഷ ആവശ്യപ്പെടുമെന്നു കഴിഞ്ഞ ദിവസവും സ്വപ്ന പറഞ്ഞതിന് പിന്നാലെയാണ് രണ്ട് സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടിയത്. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി താമസ സ്ഥലത്തിന്റെ പരിധിയിലുള്ള പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിലെത്തി സ്വപ്ന ഒപ്പിട്ടു മടങ്ങി.
ഉച്ചയോടെ അഭിഭാഷകനെ കാണുന്നതിനായി എറണാകുളത്തേക്കു പോകും. സ്വപ്നയുടെ ഫ്ളാറ്റിലും പരിസരത്തും രഹസ്യാന്വേഷണ വിഭാഗം ഉൾപ്പെടെ പൊലീസ് നിരീക്ഷണമുണ്ട്. കെ.ടി. ജലീലിന്റെ പരാതിയിൽ എടുത്ത പൊലീസ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. സ്വപ്നയുടെ അഭിഭാഷകൻ ആർ. കൃഷ്ണരാജ് മുൻകൂർ ജാമ്യത്തിനുള്ള ശ്രമങ്ങൾ തുടങ്ങി. കൃഷ്ണരാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ മതനിന്ദ കുറ്റമാണ് എറണാകുളം സെൻട്രല്‍ പൊലീസ് ചുമത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല