സ്വന്തം ലേഖകൻ: വിസക്കച്ചവടക്കാരെ നിയന്ത്രിക്കാൻ കുവൈത്ത് നിയമ നിർമാണം ആലോചിക്കുന്നു. മനുഷ്യക്കടത്തും വിസക്കച്ചവടവും നടത്തുന്നവർക്ക് കനത്ത ശിക്ഷ ഉറപ്പുവരുത്തുന്ന രീതിയിലാണ് പരിഷ്കരണം. അഞ്ചുവർഷം തടവോ 10,000 ദീനാർ പിഴയോ ലഭിക്കാവുന്ന വ്യവസ്ഥ ഉൾപ്പെടുത്തിയാണ് നിയമം നിർമിക്കുക. സ്പോൺസർമാരിൽനിന്ന് ഒളിച്ചോടിയ വീട്ടുജോലിക്കാർക്ക് അഭയം നൽകുന്നയാൾ വിദേശിയെ നാടുകടത്തുന്നതിനുള്ള ചെലവുവഹിക്കേണ്ടിവരും.
അനധികൃത വഴികളിൽ വിദേശികളെ എത്തിച്ച് പണംവാങ്ങി പുറത്തേക്ക് വിടുന്ന ഊഹക്കമ്പനികൾക്കെതിരെ കർശന നടപടിയെടുക്കും. കമ്പനിയുടെ ഫയൽ റദ്ദാക്കുന്നതിനുപുറമെ സ്പോൺസർമാർക്കെതിരെയും നടപടിയുണ്ടാകും. തൊഴിൽ വിപണിയിൽ സമ്പൂർണ നിയന്ത്രണം സാധ്യമാക്കുക, അവിദഗ്ധ തൊഴിലാളികളുടെ വരവ് നിയന്ത്രിക്കുക, വിസക്കച്ചവടം ഇല്ലാതാക്കുക തുടങ്ങിയ കാര്യങ്ങളാണ് നിയമ നിർമാണത്തിലൂടെ ലക്ഷ്യമാക്കുന്നത്.
വിദേശത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവരുകയും ഇദ്ന് അമലിൽ പറഞ്ഞ ജോലി ഏൽപിക്കാതെ പുറത്തേക്ക് പറഞ്ഞുവിടുകയും ചെയ്യുന്ന തൊഴിലുടമകൾക്കാണ് ശിക്ഷ. തൊഴിലുടമകൾ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വഴിവിട്ട രീതിയിൽ വിസ സമ്പാദിക്കുകയും തുടർന്ന് പണം വാങ്ങി നിശ്ചിത ജോലി നൽകാതെ വിദേശിയെ പറഞ്ഞുവിടുകയും ചെയ്യുന്നു.
ഫ്രീ വിസ എന്ന പേരിൽ നടക്കുന്ന ഈ പ്രവണതയാണ് വിസക്കച്ചവടം വ്യാപകമാകാനും അവിദഗ്ധ തൊഴിലാളികൾ കൂടാനും കാരണമായതെന്നാണ് കണ്ടെത്തൽ. ശിക്ഷ പ്രാബല്യത്തിലാക്കുന്നതോടെ അനധികൃത വഴിയിൽ വിസ സമ്പാദിക്കുന്നത് തൊഴിലുടമകൾ നിർത്തുകയും അതോടെ വിസക്കച്ചവടം ഇല്ലാതാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.ഖാദിം വിസയിലും ഫ്രീ വിസയിലും ഇന്ത്യക്കാരുൾപ്പെടെ നിരവധി വിദേശികളാണ് കുവൈത്തിലെത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല