1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2022

സ്വന്തം ലേഖകൻ: രാജ്യത്ത് വേനൽ ചൂട് കനത്തു തുടങ്ങി. പൊടിക്കാറ്റും ശക്തം. പൊള്ളുന്ന ചൂടിനൊപ്പം വെള്ളിയാഴ്ച മുതൽ വടക്കുപടിഞ്ഞാറൻ കാറ്റും ശക്തമാണ്. ഈ ആഴ്ച പകുതി വരെ കനത്ത കാറ്റ് തുടരുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ഇന്നലെ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ പ്രത്യേകിച്ചും തുറസ്സായ സ്ഥലങ്ങളിൽ പൊടിക്കാറ്റ് കനത്തതിനാൽ മിക്ക സമയങ്ങളിലും ദൂരക്കാഴ്ച കുറഞ്ഞു. പകൽ ചൂട് 40 ഡിഗ്രിയും കടന്നു. വെള്ളിയാഴ്ച മിസൈദിൽ 49 ഡിഗ്രി സെൽഷ്യസ് ആണു താപനില രേഖപ്പെടുത്തിയത്.

ദിവസത്തെ ഏറ്റവും ഉയർന്ന താപനിലയാണിത്. ദോഹ നഗരത്തിൽ 48 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. ഏറ്റവും കുറഞ്ഞ താപനില 34 ഡിഗ്രി സെൽഷ്യസ് റുവൈസിലാണു രേഖപ്പെടുത്തിയത്. ചൂടും കാറ്റും ശക്തമാകുന്നതിനാൽ പുറത്തു പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കാലാവസ്ഥാ വകുപ്പ് സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളെ ഓർമിപ്പിക്കുന്നുണ്ട്.

ചൂട് കനക്കുന്നതിനാൽ കുട്ടികളെ കാറിൽ ഒറ്റയ്ക്ക് ഇരുത്തി രക്ഷിതാക്കൾ പുറത്തു പോകുന്നത് ഒഴിവാക്കണം. പുറത്തിറങ്ങുന്നവർ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത്. ശരീരത്തിന്റെ നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണം. പുറം തൊഴിലാളികൾ ജോലിക്കിടയിൽ ഇടയ്ക്ക് വിശ്രമിക്കണം. വിശ്രമിക്കുന്നത് തണലത്തു തന്നെയാകണമെന്നും അധികൃതർ ഓർമപ്പെടുത്തി.

പൊടിക്കാറ്റ് കനക്കുന്നതിനാൽ പുറത്തുപോയി മടങ്ങിയെത്തിയാലുടൻ മുഖം, മൂക്ക്, വായ എന്നിവ ശുദ്ധ ജലത്തിൽ കഴുകണം. അസ്വസ്ഥത തോന്നിയാൽ കണ്ണ് തിരുമ്മുന്നത് ഒഴിവാക്കി ഉടൻ തന്നെ നല്ല വെള്ളത്തിൽ കണ്ണ് കഴുകണം. ഫെയ്‌സ് മാസ്‌ക് ധരിച്ചു പുറത്തിറങ്ങിയാൽ പൊടിയും അഴുക്കും ശ്വാസകോശത്തിലേക്കു പ്രവേശിക്കുന്നത് തടയാൻ കഴിയുമെന്നും നിർദേശങ്ങളിൽ പറയുന്നു.

പുറം തൊഴിലാളികൾക്കുള്ള ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ വന്നതോടെ കടുത്ത ചൂടിൽ നിന്നു തൊഴിലാളികൾക്ക് വലിയ ആശ്വാസമാണ് ലഭിക്കുന്നത്. സൂര്യപ്രകാശം നേരിട്ട് ശരീരത്ത് ഏൽക്കുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ ഒഴിവാക്കാനാണു രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 3.30 വരെ പുറം തൊഴിലുകൾക്കു വിലക്കേർപ്പെടുത്തി കൊണ്ടുള്ള ഉച്ചവിശ്രമനിയമം പ്രാബല്യത്തിലാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.