സ്വന്തം ലേഖകൻ: സൗദിയിൽ സന്ദർശന വിസയിലെത്തുന്നവർക്ക് അടിയന്തര ഘട്ടങ്ങളിൽ പരമാവധി ലക്ഷം റിയാൽ വരെ ഇൻഷുറൻസ് ലഭിക്കുമെന്ന് കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ് അറിയിച്ചു. സ്ത്രീകൾക്ക് ഗർഭചികിത്സയും അടിയന്തര പ്രസവ ചെലവിലേക്ക് പോളിസി കാലയളവിൽ പരമാവധി 5,000 റിയാൽ വരെയും ഇൻഷുറൻസ് കവറേജ് ലഭിക്കും. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് സന്ദർശിച്ച് ഇൻജാസ് പ്ലാറ്റ്‌ഫോം വഴിയാണ് സന്ദർശക വിസക്കാർ ഇൻഷുറൻസിന് അപേക്ഷിക്കേണ്ടത്.
സന്ദർശക വിസ കാലാവധി കഴിഞ്ഞതിന് ശേഷം അത് നീട്ടാൻ അഭ്യർഥിക്കുമ്പോൾതന്നെ പുതിയ ഇൻഷുറൻസ് പോളിസിക്കും അപേക്ഷ നൽകണമെന്ന് കൗൺസിൽ അറിയിച്ചു. സന്ദർശക വിസ നീട്ടി, പുതിയ മെഡിക്കൽ ഇൻഷുറൻസ് ഇഷ്യൂ ചെയ്തതിന് ശേഷം https://eservices.chi.gov.sa/pages/ClientSystem/CheckVisitorsInsurance.aspx എന്ന വെബ്സൈറ്റ് വഴി തങ്ങളുടെ ഇൻഷുറൻസ് സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ്. ഇൻഷുറൻസ് നടപടികൾ പൂർത്തിയായിട്ടില്ല എന്നാണ് കാണിക്കുന്നതെങ്കിൽ https://samm.chi.gov.sa/ar/SearchForInsuranceCompanyForVisitors എന്ന ലിങ്ക് വഴി സന്ദർശകർക്ക് പരാതി ബോധിപ്പിക്കാവുന്നതുമാണ്. ഇൻഷുറൻസ് സ്റ്റാറ്റസ് തവക്കൽന ആപ് വഴിയും ചെക്ക് ചെയ്യാം.
ഇൻഷുറൻസ് പോളിസി പൂർത്തിയാക്കിയ സന്ദർശക വിസക്കാരുടെ സ്റ്റാറ്റസ് തവക്കൽന ആപ്പിൽ ‘ഇൻഷൂർ ചെയ്ത സന്ദർശകൻ’ എന്നായിരിക്കും. എന്നാൽ, സ്റ്റാറ്റസ് ‘ഇൻഷൂർ ചെയ്യപ്പെടാത്ത സന്ദർശകൻ’ എന്നാണെങ്കിൽ ഇത് അർഥമാക്കുന്നത് ഗുണഭോക്താവ് രാജ്യത്തിന് പുറത്തുനിന്നുള്ള സന്ദർശകനാണെന്നും ഫലപ്രദമായ ഇൻഷുറൻസ് കൈവശം വെച്ചിട്ടില്ലെന്നും ഇവരെ പ്രതിരോധശേഷിയില്ലാത്ത സന്ദർശകനായിട്ടായിരിക്കും കണക്കാക്കുക എന്നുമാണെന്ന് അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല