1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2022

സ്വന്തം ലേഖകൻ: ലോകം ഇന്റര്‍നെറ്റ് ഉപയോഗിച്ച് പഠിച്ചത് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിലൂടെയാണ്. ആ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഓര്‍മയാവുകയാണ്. 27 വര്‍ഷത്തെ സേവനം അവസാനിപ്പിച്ചാണ് മടക്കം. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലെ സ്ഥിരസാന്നിധ്യമായിരുന്നു ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍. വിന്‍ഡോസ് 11 ഓഎസിലൂടെ പുതിയ എഡ്ജ് ബ്രൗസറിലേക്ക് ആ പാരമ്പര്യം കൈമാറിയാണ് എക്‌സ്‌പ്ലോറര്‍ മടങ്ങുന്നത്.

1994 ല്‍ തോമസ് റീയര്‍ഡണ്‍ ആണ് ഇന്റര്‍നെറ്റ് ബ്രൗസറിന്റെ നിര്‍മാണം ആരംഭിക്കുന്നത്. അക്കാലത്ത് ഉപയോഗത്തിലിരുന്ന സ്‌പൈഗ്ലാസ് ഐഎഎന്‍സി എന്ന കമ്പനിയുടെ മൊസൈക്ക് ബ്രൗസറിന്റെ സോഴ്‌സ് കോഡ് ഉപയോഗിച്ചായിരുന്നു ഇതിന്റെ നിര്‍മാണം. നാഷണല്‍ സെന്റര്‍ ഫോര്‍ സൂപ്പര്‍കംപ്യൂട്ടിങ് ആപ്ലിക്കേഷന്‍സ് ആണ് മൊസൈക് ബ്രൗസര്‍ വികസിപ്പിച്ചത്. 1994 ല്‍ മൊസൈക് ബ്രൗസറിന്റെ ലൈസന്‍സ് മൈക്രോസോഫ്റ്റ് സ്വന്തമാക്കി.

1995 ഓഗസ്റ്റ് 16 നാണ് മൈക്രോസോഫ്റ്റ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ പുറത്തിറക്കിയത്. മൈക്രോസോഫ്റ്റ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ എന്നും, വിന്‍ഡോസ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ എന്നുമെല്ലാം ഈ ബ്രൗസര്‍ അറിയപ്പെട്ടു.

വിന്‍ഡോസ് 95 ഓഎസില്‍ ലഭിച്ചിരുന്ന മൈക്രോസോഫ്റ്റ് പ്ലസ് എന്ന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് ആരംഭത്തില്‍ എക്‌സ്‌പ്ലോറര്‍ ബ്രൗസര്‍ ലഭിച്ചത്. പിന്നീട് വിന്‍ഡോസ് ഒഎസില്‍ എക്‌സ്‌പ്ലോറര്‍ സൗജന്യമായി ലഭ്യമാക്കി. റോയല്‍റ്റിയുടെ പേരില്‍ അക്കാലത്ത് സ്‌പൈഗ്ലാസുമായി ചില നിയമപ്രശ്‌നങ്ങളും ഉണ്ടായിരുന്നു.

1995 മുതലിങ്ങോട്ട് മൈക്രോസോഫ്റ്റ് പുറത്തിറക്കിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലെല്ലാം ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറഫും ഉള്‍പ്പെടുത്തിയിരുന്നു. ആദ്യ കാലത്ത് മാക്ക് ഓഎസ് എക്‌സിലും, സൊളാരിസ് ഓഎസിലും, എച്ച്പി യുനിക്‌സ് ഓഎസിലും ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഉപയോഗിക്കാന്‍ സാധിച്ചിരുന്നു.

2003 വരെയുള്ള കാലയളവില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിച്ചിരുന്ന ഇന്റര്‍നെറ്റ് ബ്രൗസറായിരുന്നു എക്‌സ്‌പ്ലോറര്‍. 1990 കളില്‍ പ്രചാരത്തിലുണ്ടായിരുന്ന നെറ്റ്‌സ്‌കേപ്പ് എന്ന ബ്രൗസറുമായായിരുന്നു എക്‌സ്‌പ്ലോററിന്റെ മത്സരം.

2004 ല്‍ മൊസില്ല ഫയര്‍ഫോക്‌സ് ബ്രൗസറും, 2008 ല്‍ ഗൂഗിള്‍ ക്രോം ബ്രൗസറും എത്തിയതോടെയാണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ ജനപ്രീതി കുറഞ്ഞുതുടങ്ങിയത്. ആന്‍ഡ്രോയിഡ്, ഐഓഎസ് തുടങ്ങിയ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ എക്‌സ്‌പ്ലോററിന് ആപ്ലിക്കേഷനുകളില്ലാതിരുന്നതും ആ ജനപ്രീതി കുറയുന്നതിനിടയാക്കി.

എന്നാല്‍ ഒരുകാലത്ത് മൈക്രോസോഫ്റ്റ് പുറത്തിറക്കിയിരുന്ന വിന്‍ഡോസ് ഫോണുകളില്‍ എക്‌സ്‌പ്ലോററിന്റെ മൊബൈല്‍ പതിപ്പ് ഉണ്ടായിരുന്നു. എന്നാല്‍ വിന്‍ഡോസ് ഓഎസ് ഫോണുകള്‍ക്ക് ജനപ്രീതി നേടാന്‍ സാധിച്ചില്ല. ആ ഫോണുകളുടെ നിര്‍മാണം കമ്പനി അവസാനിപ്പിക്കുകയും ചെയ്തു.

2015 മാര്‍ച്ചിലാണ് ഇന്റര്‍നെറ്റ് എക്‌സ് പ്ലോററിന് പിന്‍ഗാമിയായി മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസര്‍ അവതരിപ്പിക്കുന്നത്. വിന്‍ഡോസ് 10 ഓഎസില്‍ എക്‌സ്‌പ്ലോററിന് പകരം ഡിഫോള്‍ട്ട് ബ്രൗസറായി എഡ്ജ് സ്ഥാനം പിടിക്കുകയും ചെയ്തു.

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 11 ആണ് ഈ ബ്രൗസറിന്റെ അവസാന പതിപ്പ്. 2013 ഒക്ടോബറിലാണ് ഇത് അവതരിപ്പിച്ചത്. വിന്‍ഡോസ് 8.1 ലും വിന്‍ഡോസ് 7 ലും ഇത് ഉള്‍പ്പെടുത്തിയിരുന്നു. വിന്‍ഡോസ് 10 ല്‍ 2020 ലാണ് എക്‌സ്‌പ്ലോററിന്റെ ഏറ്റവും ഒടുവിലത്തെ അപ്‌ഡേറ്റ് വരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.