1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2022

സ്വന്തം ലേഖകൻ: വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ച അധ്യാപകന് സസ്പെൻഷൻ. എയ്ഡഡ് സ്കൂളായ മട്ടന്നൂർ യുപിഎസിയിലെ അധ്യാപകനായ ഫർസീൻ മജീദിനെയാണ് സസ്പെൻഡു ചെയ്തത്. ഫർസീനെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു നിർദേശം നൽകിയിരുന്നു. ഫര്‍സീന്‍ തിങ്കളാഴ്ച രാവിലെ സ്‌കൂളില്‍ ജോലിക്ക് ഹാജരായിരുന്നതായി ഡിഡിഇ അറിയിച്ചു. ഉച്ചയ്ക്ക് ശേഷം അവധിക്ക് അപേക്ഷിക്കുകയും ഇത് അനുവദിച്ചതായും സ്‌കൂളിലെ രേഖകളിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി കണ്ണൂരിൽനിന്നു തിരുവനന്തപുരത്തെത്തിയ ഇൻഡിഗോ വിമാനത്തിലാണ് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി ആർ.കെ.നവീൻകുമാർ, മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ് എന്നിവർ ‘മുഖ്യമന്ത്രി രാജിവയ്ക്കുക’ എന്ന മുദ്രാവാക്യമുയർത്തിയത്. എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ഇവരെ സീറ്റുകൾക്കിടയിലേക്കു തള്ളിയിട്ടു.

സുരക്ഷാ ഉദ്യോഗസ്ഥർ ഇരുവരെയും വലിയതുറ പൊലീസിനു കൈമാറി. മർദനത്തിൽ പരുക്കേറ്റ ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്നാരോപിച്ച് പിഎയും ഗൺമാനും നൽകിയ പരാതിയിൽ വധശ്രമത്തിന് പൊലീസ് കേസെടുത്തു.

മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധം വ്യാപക സംഘർഷത്തിലേക്ക് വഴിവെച്ചു. കൊല്ലത്ത് നടന്ന സംഘർഷത്തിൽ എൻകെ പ്രേമചന്ദ്രൻ എംപിക്ക് പരിക്കേറ്റു. തൊടുപുഴയിൽ പോലീസ് നടത്തിയ ലാത്തിച്ചർജ്ജിൽ കോൺഗ്രസ് പ്രവർത്തകന്റെ തലയ്ക്ക് പരിക്കേറ്റു. തലപൊട്ടി ചോരയൊലിച്ച പ്രവർത്തകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊല്ലത്തെ ആർ.എസ്.പി മാർച്ചിലെ സംഘർഷത്തിലാണ് എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് പരിക്കേറ്റത്. ചെർപ്പുളശ്ശേരിയിൽ സിപിഎം – കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. മഹിളാ കോൺഗ്രസ് യോഗത്തിലേക്ക് സിപിഎം ഇരച്ചു കയറുകയായിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകർ മഹിളാ കോൺഗ്രസുകാരുടെ മൈക്ക് പിടിച്ചു വാങ്ങിച്ചുവെന്നും സ്ത്രീകളെ കയ്യേറ്റം ചെയ്തുവെന്നും കോൺഗ്രസ് ആരോപിച്ചു. തൊടുപുഴയിലെ കോൺഗ്രസ് മാർച്ചിൽ പോലീസ് ലാത്തിച്ചാർജ്ജ് നടത്തി.

ലാത്തിച്ചാർജ്ജിൽ കോൺഗ്രസ് പ്രവർത്തകന്റെ തലക്ക് പരിക്കേറ്റു. പരിക്കേറ്റ പ്രവർത്തകനെ ആശുപത്രിയിലെത്തിച്ചു. അക്രമാസക്തമായ മുദ്രാവാക്യം വിളിച്ചതിന് പിന്നാലെയാണ് പോലീസ് ലാത്തിച്ചാർജ്ജ് നടത്തിയത്. ഡീൻ കുര്യക്കോസ് എംപിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം.

അതേസമയം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വസതിയിലേക്ക് കടന്നുകയറിയ ഡിവൈഎഫ്‌ഐക്കാരുടെ പക്കല്‍ ആയുധങ്ങളുണ്ടായിരുന്നുതായി കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തിൽ ഒരാളെ സുരക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർ പിടികൂടി

സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ യൂത്ത് കോൺഗ്രസിന്റേയും യുവമോർച്ചയുടേയും നേതൃത്വത്തിൽ മാർച്ച് നടക്കുന്നുണ്ട്. മഹിളാ മോർച്ച പ്രവർത്തകർ ഇന്ന് രാവിലെ ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തി.

ഡിവൈഎഫ്ഐ പ്രവർത്തകർ മുപ്പതിലേറെ കോൺഗ്രസ് ഓഫീസുകൾ അടിച്ചു തകർത്തു എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. തുടർന്ന് ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുണ്ടായ പ്രതിഷേധ പ്രകടനങ്ങളാണ് അക്രമാസക്തമായത്. പലയിടങ്ങളിലും പോലീസിനു നേരെ പ്രതിഷേധക്കാർ അലറിവിളിച്ചു കൊണ്ട് അടുക്കുകയായിരുന്നു. ഇതിനെത്തുടർന്ന് പോലീസ് ലാത്തി വീശുകയായിരുന്നു.

മുഖ്യമന്ത്രി ഇന്ന് രാവിലെ വിളപ്പില്‍ശാലയിലെ ഇഎംഎസ് അക്കാദമിയിലെ പരിപാടിയിലേക്ക് പോകുമ്പോൾ ബിജെപി പ്രവർത്തകർ കരിങ്കൊടി കാട്ടി. തിരിച്ചു വരുമ്പോൾ കോൺഗ്രസ് പ്രവർത്തകരും കരിങ്കൊടി കാട്ടി. അതേസമയം മുഖ്യമന്ത്രിക്ക് പിന്തുണയുമായി സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനും രംഗത്തെത്തി. ഡ്യൂട്ടി സമയത്ത് മുന്നൂറോളം ജീവനക്കാരാണ് കെഎസ്ഇഎ പ്രകടനത്തിന് എത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.